പാനിപ്പത്ത്(ഹരിയാന): തനിമയിലൂന്നിയ രാഷ്ട്രവികസനത്തില്‍ സമാജത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രവര്‍ത്തനത്തിന് ആര്‍എസ്എസ് ഊന്നല്‍ നല്‍കുമെന്ന് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സ്വദേശി, സ്വാവലംബനം, സ്വാധീനത, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ സ്വ യുടെ അടിസ്ഥാനത്തില്‍ സമാജമൊന്നാകെ ഉയരണമെന്ന ആഹ്വാനം പ്രതിനിധി സഭ മുന്നോട്ടുവയ്ക്കും. 2025 ഓടെ ശതാബ്ദിയിലെത്തുന്ന ആര്‍എസ്എസ് രാജ്യത്ത് ഒരു ലക്ഷം സ്ഥാനങ്ങളില്‍ നിത്യശാഖ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കും. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ശാഖകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭാ ബൈഠക്കിന്റെ ഭാഗമായി സമാല്‍ഖയിലെ സേവാസാധനാ കേന്ദ്രത്തില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.
നിലവില്‍ രാജ്യത്ത് 42613 സ്ഥാനുകളിലായി 68651 നിത്യശാഖകളുണ്ട്. 2020നെ അപേക്ഷിച്ച് 3700 സ്ഥാനുകളും 6160 ശാഖകളും വര്‍ധിച്ചു. ആഴ്ചയിലൊരിക്കല്‍ ചേരുന്ന മിലന്‍ പ്രവര്‍ത്തനം 6540 വര്‍ധിച്ച് 26877 ആയി. മാസത്തില്‍ ഒരിക്കല്‍ കൂടുന്ന സംഘമണ്ഡലികളും 1680 കൂടി 10412 ആയി. ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് സൗകര്യാര്‍ത്ഥം 911 ജില്ലകളും 6663 ഖണ്ഡുകളും 59326 മണ്ഡലങ്ങളുമായാണ് വിഭജിച്ചിട്ടുള്ളത്. 99 ശതമാനം ജില്ലകളിലും 88 ശതമാനം ഖണ്ഡുകളിലും 45 ശതമാനം മണ്ഡലങ്ങളിലും പ്രവര്‍ത്തനമെത്തിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും എത്തുക എന്നതാണ് ശതാബ്ദിയില്‍ മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യം.
ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം കൂട്ടുന്നതിനായി പൂര്‍ണസമയ പ്രവര്‍ത്തകരായി നിലവില്‍ 1300 ശതാബ്ദി വിസ്താരകര്‍ എത്തിയിട്ടുണ്ട്. 1500 പേര്‍ കൂടി ഇത്തരത്തില്‍ പ്രവര്‍ത്തനസജ്ജരായി രംഗത്തിറങ്ങും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഏഴേകാല്‍ ലക്ഷം പേരാണ് ജോയിന്‍ ആര്‍എസ്എസ് പ്ലാറ്റ് ഫോമിലൂടെ സംഘത്തെ അറിയാനും പ്രവര്‍ത്തിക്കാനും തയ്യാറായി അഭ്യര്‍ത്ഥന അയച്ചത്. ഇവരില്‍ ഭൂരിഭാഗവും 22നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. എഴുപത് ശതമാനം യുവാക്കളും സമാജത്തെ സേവിക്കാന്‍ സംഘത്തില്‍ ചേരണം എന്ന ആശയമാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
വരുന്ന മാസങ്ങളിലായി രാജ്യത്ത് 109 കേന്ദ്രങ്ങളിൽ നടക്കുന്ന സംഘ പരിശീലന ശിബിരങ്ങളിൽ 20000 പ്രവർത്തകർ പങ്കെടുക്കും.
ഭഗവാന്‍ വര്‍ധമാന മഹാവീരന്റെ 2550-ാം മഹാനിര്‍വാണ വാര്‍ഷികം, ആര്യസമാജ സ്ഥാപകന്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഇരുന്നൂറാം ജയന്തി വാര്‍ഷികം, ഛത്രപതി ശിവാജി മഹാരാജിന്റെ സ്ഥാനാരോഹണത്തിന്റെ 350-ാം വാര്‍ഷികം എന്നിവയെ മുന്‍നിര്‍ത്തിയും പ്രതിനിധി സഭയില്‍ പ്രസ്താവനകളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post