അനിവാര്യമായി..
ഈ പ്രചാരണങ്ങള്‍ നേരിടാന്‍ വാരിക മാത്രം പോരെന്നു വന്നു. ദിനപത്രം കൂടിയേ കഴിയൂ എന്ന് സംഘപരിവാറിലെ പല പ്രമുഖ പ്രവര്‍ത്തകര്‍ക്കും തോന്നിയതിന്‍റെ ഫലമാണ് ‘ജന്മഭൂമി’.
പത്രം എങ്ങനെയെന്നതിനെപ്പറ്റി പലതലത്തില്‍ ചര്‍ച്ച നടന്നു. അന്നു ജനസംഘത്തിന്‍റെ അഖില ഭാരതീയ ഉപാധ്യക്ഷനായ ശ്രീ പി. പരമേശ്വരന്‍, ശ്രീ ഒ. രാജഗോപാല്‍, ശ്രീ പി. നാരായണന്‍, ശ്രീ. കെ രാമന്‍പിള്ള, ശ്രീ.യു. ദത്താത്രേയ റാവു, ശ്രീ. കെ.ജി. വാധ്യാര്‍ തുടങ്ങിയവരാണ് ഇക്കാര്യത്തില്‍ ഉത്സാഹിച്ചത്. എറണാകുളത്തെ പ്രമുഖ സ്വാതന്ത്ര്യ സമരഭടനായിരുന്ന ശ്രീ. കെ.വി. വിട്ടപ്പപ്രഭു നടത്തിവന്ന ‘രാഷ്ട്ര വാര്‍ത്ത’ സായാഹ്നദിനപത്രം ശ്രീ. കെ.ജി. വാധ്യാരും ശ്രീ. ടി.എം.വി. ഷേണായിയും ചേര്‍ന്ന് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ശ്രീ. കുമ്മനം രാജശേഖരന്‍ എഡിറ്റിങ് നിര്‍വ്വഹിച്ചു.
കോഴിക്കോട്ട് ശ്രമങ്ങള്‍ അപ്പോഴും നടന്നുകൊണ്ടിരുന്നു. ‘വിളംബരം’ എന്ന പേരില്‍ പത്രം നടത്താന്‍ ഔദ്യോഗിക അനുമതിയും കിട്ടി. ശ്രീ. പി. നാരായണന്‍ പത്രാധിപരായും ശ്രീ. ദത്താത്രേയ റാവു പ്രകാശകനായുമാണ് ഔദ്യോഗിക രേഖ തയാറായത്. ദിനപത്രം നടത്താന്‍ ആവശ്യമായ സാമ്പത്തിക ഭദ്രത സമ്പാദിക്കാന്‍ കഴിയുമോ എന്ന ആശങ്കമൂലം ആ ശ്രമം ഉപേക്ഷിച്ചു.
തുടര്‍ന്ന്, കൂടുതല്‍ ആസൂത്രിതമായ പരിശ്രമം തുടങ്ങി. കോഴിക്കോട്ട് ശ്രീ. ദത്താത്രയറാവുവാണ് മുന്‍കൈയെടുത്തത്. അദ്ദേഹം ചീഫ് പ്രമോട്ടറായും, ശ്രീ. സി. പ്രഭാകരന്‍, ശ്രീ. പുന്നത്തുചന്ദ്രന്‍, ശ്രീ. എം. ശ്രീധരന്‍, ശ്രീ. കെ.സി. ശങ്കരന്‍, ശ്രീ. വി.സി. അച്യുതന്‍ മുതലായവര്‍ പ്രമോട്ടര്‍മാരായും ‘മാതൃകാ പ്രചരണാലയം’ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി 1973 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് എറണാകുളത്തെ ‘രാഷ്ട്രവാര്‍ത്ത’ മാതൃകാ പ്രചരണാലയത്തിന്‍റെ ഉടമസ്ഥതയിലേക്ക് മാറ്റി.
കമ്പനിക്ക് ഓഹരികള്‍ പിരിക്കുക വളരെ ശ്രമകരമായിരുന്നു. കോഴിക്കോടി നടുത്തുള്ള ശ്രീ. സി.എസ്. നമ്പൂതിരിപ്പാടിനെ ചുമതലപ്പെടുത്തി. ജനസംഘത്തിന്‍റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്ന ശ്രീ. പി. നാരായണന്‍ ഓഹരി പിരിക്കല്‍ ചുമതലയും ഏറ്റെടുത്തു.
(തുടരും)
Discussion about this post