ഭോപാല്‍: കാവിയടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് ഓഫീസ് കെട്ടിടം. ഓഫീസിന് ചുറ്റും കാവിക്കൊടികള്‍. ധര്‍മ്മസംവാദവുമായി നേതൃത്വം. കാവിയുടെ കുത്തക ബിജെപിക്കല്ലെന്നും താന്‍ ഹിന്ദുവാണെന്നും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നത് കോണ്‍ഗ്രസിന്‍റെ ആഗ്രഹമാണെന്നും കമല്‍നാഥ്. വര്‍ഷാവസാനം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാടകങ്ങളെന്ന് മാധ്യമങ്ങള്‍. ഞായറാഴ്ച രാവിലെ 11 മുതലാണ് സംസ്ഥാന കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ സംന്യാസിമാരെയും മഠാധിപതികളെയും സംഘടിപ്പിച്ച് ധര്‍മ്മസസംവാദം നടത്തിയത്.
മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ മന്ത്രിമാരായ സജ്ജന്‍ സിങ് വര്‍മ്മ, പി.സി. ശര്‍മ്മ, രാജീവ് സിങ്, പ്രകാശ് ജെയിന്‍, ജെ. പി. ധനോപ്യ, മറ്റ് മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
ലോകം മാതൃകയാക്കിയ ഭാരതത്തിന്‍റെ ആത്മീയ ശക്തിയെ പുതിയ തലമുറകളിലേക്ക് പകരേണ്ട ചുമതല സംന്യാസിമാര്‍ക്കാണെന്ന് കമല്‍ നാഥ് പരിപാടിയില്‍ പറഞ്ഞു. ചോദിക്കാതെ തന്നെ പൂജാരിമാരുടെ ഓണറേറിയം മൂന്നിരട്ടി വര്‍ധിപ്പിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മഹാകാല്‍ ക്ഷേത്ര ഇടനാഴി നിര്‍മിക്കാന്‍ തീരുമാനിച്ചത്. രാം വനഗമന്‍ പാത, ഓംകാരേശ്വര്‍ എന്നിവയ്ക്കായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ബജറ്റില്‍ പണം വകയിരുത്തി. സര്‍ക്കാര്‍ ഭൂമിയിലുള്ള ക്ഷേത്രങ്ങള്‍ക്ക് പട്ടയം നല്‍കാനൊരുങ്ങിയിരുന്നപ്പോഴാണ് ബിജെപി ഞങ്ങളെ താഴെയിറക്കിയത്, കമല്‍നാഥ് പറഞ്ഞു.
Discussion about this post