പത്തനംതിട്ട: മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ഉപദേവതാ നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.
ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് നട തുറന്ന ദിവസം ശബരീശ ദര്‍ശനത്തിനായെത്തിയത്. മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം നട തുറന്ന് വിളക്ക് തെളിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചി് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും നടക്കും. 5.30 മുതല്‍ നെയ്യഭിഷേകം ആരംഭിക്കും.ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും. 15ന് ആണ് വിഷുക്കണി ദര്‍ശനം. അന്ന് പുലര്‍ച്ചെ 4 മണിക്ക് തിരുനട തുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനം. പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി നടഅടയ്ക്കും.
Discussion about this post