ജയ്പൂര്‍: രാജസ്ഥാനിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ പതിനഞ്ചാമത് വന്ദേ ഭാരത് എക്സ്പ്രസാണിത്. ഹൈ റൈസ് ഓവര്‍ഹെഡ് ഇലക്ട്രിക് ടെറിട്ടറിയില്‍ ലോകത്തിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് പാസഞ്ചര്‍ ട്രെയിനാണിത്.
രാഷ്ട്രം ആദ്യം, രാഷ്ട്രം ഒന്നാമത് എന്ന മുദ്രാവാക്യത്തിന്റെ ആത്മാവിനെയാണ് വന്ദേ ഭാരത് എക്സ്പ്രസ് പ്രതിനിധീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വികസനം, ആധുനികത, സ്വാശ്രയത്വം, സ്ഥിരത എന്നിവയുടെ പര്യായമായി വന്ദേ ഭാരത് മാറിയിരിക്കുന്നു. ഇത് രാജസ്ഥാനിലെ ടൂറിസം മുന്നേറ്റത്തിന് ഏറെ ഗുണം ചെയ്യും, അദ്ദേഹം പറഞ്ഞു.
രണ്ട് മാസത്തിനിടെ ആറാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഇതൊരു സൗഭാഗ്യമായാണ് കാണുന്നത്. സ്വാര്‍ത്ഥവും നീചവുമായ രാഷ്ട്രീയം മൂലം മുന്‍കാലങ്ങളില്‍ റെയില്‍വേയുടെ നവീകരണം തടസ്സപ്പെടുകയായിരുന്നു. വന്‍തോതിലുള്ള അഴിമതി മൂലം ഒന്നും സുതാര്യമായിരുന്നില്ല. വികസനം ഉണ്ടായില്ല എന്ന് മാത്രമല്ല ട്രെയിന്‍ ഗതാഗതം വേണ്ടിടത്തേക്ക് വേണ്ടതുപോലെ എത്തിക്കാനുമായില്ല.
വന്ദേ ഭാരത് ട്രെയിനിന്റെ പതിവ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. അജ്മീറിനും ദല്‍ഹി കന്റോണ്‍മെന്റിനുമിടയിലുള്ള ദൂരം അഞ്ചേകാല്‍ മണിക്കൂറില്‍ പിന്നിടുന്ന സര്‍വീസിന് ജയ്പൂര്‍, അല്‍വാര്‍, ഗുര്‍ഗ്രാം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
Discussion about this post