കര്‍ണാവതി(ഗുജറാത്ത്): അറിവിന് ദേശകാല ഭേദമില്ലെന്നും അത് ലോകക്ഷേമത്തിന് ഉപകരിക്കണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതീയ വിജ്ഞാനസമ്പത്തിനെ ലോകത്തിന് പകരുക എന്ന ലക്ഷ്യത്തോടെ കര്‍ണാവതി പുനരുത്ഥാന വിദ്യാപീഠം പുറത്തിറക്കിയ 1051 ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഖത്തെക്കുറിച്ചുള്ള അന്വേഷണമാണ് എവിടെയും നടക്കുന്നത്. സുഖം സമാജക്ഷേമത്തിലാണെന്ന തിരിച്ചറിവ് പ്രധാനമാണ്. പുറത്തുള്ളത് മാത്രമാണ് അറിവെന്ന ധാരണ തിരുത്തണം. അവനവനെക്കുറിച്ചുള്ള ശരിയായ അറിവാണ് നേടേണ്ടത്. അറിവിന്റെ ഉണ്മ ശാശ്വതമാണ്. അറിവ് മനുഷ്യജീവിതത്തെ എല്ലാ അജ്ഞതയില്‍ നിന്നും മുക്തമാക്കുന്നു. ആന്തരികമായ അറിവ് ആരംഭിക്കുന്നത് അഹന്തയെ കൊല്ലുന്നതിലൂടെയാണ്. സത്യത്തെക്കുറിച്ചുള്ള പൂര്‍ണമായ അറിവ് ഒരാളുടെ അഹങ്കാരത്തിനപ്പുറത്തേക്ക് കടന്നേ നേടാനാകൂ. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ലോകത്ത് തങ്ങള്‍ മാത്രമാണ് ശരിയെന്ന അഹന്തയുടെ അറിവാണ് എല്ലായിടത്തും പ്രചരിച്ചു കൊണ്ടിരുന്നത്.
ലോകം ഒരു പുതിയ വഴി ആഗ്രഹിക്കുന്നു, അത് നല്‍കേണ്ടത് ഭാരതത്തിന്‍റെ കടമയാണ്. നമ്മുടേത് ധര്‍മ്മത്തിന്‍റെ ദര്‍ശനമാണ്, അത് എല്ലാവരേയും ഒരുമിച്ചു നടക്കാന്‍ പ്രേരിപ്പിക്കുന്നു, എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നു. നമ്മുടെ പൂര്‍വികര്‍ അസ്തിത്വത്തിന്‍റെ ഏകത്വത്തെ അറിയുകയും അതില്‍ നിന്ന് പരിപൂര്‍ണമായ ദര്‍ശനം നേടുകയും ചെയ്തു, അതുകൊണ്ടാണ് ലോകം മുഴുവന്‍ ഒരു കുടുംബം എന്ന് അവര്‍ അനുഭവത്തിലൂടെ അവതരിപ്പിച്ചത്, സര്‍സംഘചാലക് പറഞ്ഞു.
ജ്ഞാനസാഗര്‍ പ്രകല്പ് പ്രസിഡന്റ് ഇന്ദുമതി ഗ്രന്ഥപരിചയം നടത്തി. രാഷ്ട്ര സേവിക സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്വാമി പരമാനന്ദ അധ്യക്ഷത വഹിച്ചു.
Discussion about this post