റായ്പൂര്‍(ഛത്തിസ്ഗഢ്): മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനജാതി സുരക്ഷാമഞ്ചിന്‍റെ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലി. റായ്പൂരിലെ രാം മന്ദിറിന് മുന്നില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പതിനായിരക്കണക്കിന് ഗോത്രവര്‍ഗ്ഗക്കാര്‍ പങ്കെടുത്തു. തനിമയും സംസ്‌കാരവും ധര്‍മ്മവും ഉപേക്ഷിച്ച് സംഘടിത മതങ്ങളില്‍ കുടിയേറിയവരെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ നിന്ന് ഉടന്‍ ഒഴിവാക്കണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി വരുത്തണമെന്നും ജനജാതി സുരക്ഷാ മഞ്ച് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലടക്കം വന്‍തോതില്‍ മതം മാറിയവര്‍ തദ്ദേശീയ ഗോത്രങ്ങളുടെ സംവരണമുള്‍പ്പെടെയുള്ള പ്രത്യേകാവകാശങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
മതപരിവര്‍ത്തനം സ്വാതന്ത്ര്യത്തിന് മുമ്പ് മുതല്‍ പട്ടികവര്‍ഗക്കാര്‍ക്ക് വലിയ ഭീഷണിയാണ്. വിദേശ മതപ്രഭാഷകര്‍ ചത്തീസ്ഗഢിലെ ജനങ്ങളെ മതം മാറ്റുന്നത് പുതിയകാര്യമല്ല. എന്നാല്‍ ഏതാനും ദശാബ്ദങ്ങളായി ഇത് വന്‍തോതില്‍ വര്‍ധിച്ചു. ഇത്തരത്തിലുള്ള മതപരിവര്‍ത്തനം സ്ലോ പോയിസണാണെന്നും അത് ഗോത്രജനതയുടെ അടിസ്ഥാന വിശ്വാസങ്ങളെയും സംസ്‌കാരത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.
സംവരണം ആദിവാസിജനതയുടെ സാമൂഹിക-സാമ്പത്തിക നിലവാരം ഉയര്‍ത്താന്‍ വേണ്ടിയാണ്. എന്നാല്‍ ഒരാള്‍ സ്വത്വം ഉപേക്ഷിച്ച് മറ്റൊരു മതത്തിലേക്ക് മാറുമ്പോള്‍ ഗോത്ര സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം അര്‍ത്ഥശൂന്യമാകും. പിന്നെ അയാള്‍ എങ്ങനെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാകും, ജനജാതി സുരക്ഷാ മഞ്ച് ദേശീയ സംയോജകന്‍ ഗണേഷ് റാം ഭഗത് ചോദിച്ചു.
ട്രൈബല്‍ സെക്യൂരിറ്റി ഫോറം കണ്‍വീനര്‍ രാജ്കിഷോര്‍ ഹന്‍സ്ദ, സംഘടനാ സെക്രട്ടറി സൂര്യനാരായണ സൂരി, കണ്‍വീനര്‍ ഭോജരാജ് നാഗ്, സാമൂഹ്യ പ്രവര്‍ത്തകനായ രാമചന്ദ്ര ഖരാഡ, റോഷന്‍ പ്രതാപ് സിംഗ്), സംഗീത പോയം തുടങ്ങി 36 ഗോത്രങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വനവാസി വീരന്മാരുടെ ഓര്‍മ്മകളുണര്‍ത്തുന്ന അടയാളങ്ങളുമായാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ബസ്തറിലെ ഭൂംകാല്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരന്‍ ബൈദാനി ഗുണ്ടാധൂരിന്റെ ജന്മസ്ഥലമായ നെത്‌നാര്‍ ഗ്രാമം, പരല്‍ക്കോട്ടിലെ ഗെന്ദ് സിങ്ങിന്റെ ജന്മസ്ഥലം, സോനാഖാന്റെ ധീര പുത്രന്‍ വീര്‍ നാരായണ്‍ സിങ്ങിന്റെ ജന്മഭൂമി, സാമൂഹിക പരിഷ്‌കര്‍ത്താവ് ഗഹിര ഗുരുജിയുടെ കര്‍മ്മസ്ഥലമായ സര്‍ഗുസ എന്നിവയിലെ മണ്ണുമായാണ് വനവാസി നേതാക്കള്‍ റാലിയിലെത്തിയത്.
Discussion about this post