ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ കൊങ്കു വീരന്മാരുടെ സൈന്യത്തെ കൂട്ടി പോരാടിയ ഒരു തമിഴ് ഭരണാധികാരി ആയ പാളയക്കാരൻ മുഖ്യനായിരുന്നു ധീരൻ ചിന്നമലൈ. ഇന്നത്തെ ഈറോഡിന് അടുത്ത് മേലപ്പാളയം ദേശത്ത് രത്നസ്വാമിയുടെയും പെരിയാത്തയുടെയും മകനായി 17 ഏപ്രിൽ 1756 ൽ ആണ് ധീരൻ ചിന്നമലൈയുടെ ജനനം.
കൗമാരത്തിൽ തന്നെ തന്റെ 2 സഹോദരങ്ങളോടൊപ്പം ചിന്നമലൈ ആയോധനമുറകളിലും കുതിരസവാരിയിലും യുദ്ധത്തിലും പ്രാവീണ്യം നേടി.
ബ്രിട്ടീഷുകാർക്കെതിരെ തിരുനെൽവേലി രാജ്യത്തിന്റെ പല ഭാഗത്തും ആയി ഏതാണ്ട് 1750 മുതൽ നടന്ന് വന്ന പോരാട്ടം ആയിരുന്നു പാളയക്കാരർ യുദ്ധം. 1799 മുതൽ യുവാവായ തന്റെ കൈകളിൽ പാളയക്കാരർ യുദ്ധത്തിൽ കൊങ്കു സൈന്യത്തിന്റെ കടിഞ്ഞാണ് വന്നതോടെ ചിന്നമലൈ ബ്രിട്ടഷുകാർക്കെതിരെ കൊങ്കു സൈനികർക്ക് ഒപ്പം പല തവണ ആഞ്ഞടിച്ചു. പല തവണ അദ്ദേഹം ബ്രിട്ടഷുകാരെ വിറപ്പിച്ചു വിജയം കണ്ടെത്തുകയും ചെയ്തു. 1801 ലെ കാവേരി യുദ്ധം, 1802 ലെ ഒടനിലൈ യുദ്ധം, 1804 ലെ അരച്ചല്ലൂർ യുദ്ധം എന്നിവ അവയിൽ ചിലതാണ്. കൂടാതെ ചിത്തെശ്വരം, മാവള്ളി, ശ്രീരംഗപട്ടണം എന്നിവടങ്ങളിൽ നടന്ന ബ്രിട്ടഷുകാർക്ക് എതിരെ ഉള്ള യുദ്ധങ്ങളിൽ ചിന്നമലൈ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തു. വീരപാണ്ഡ്യ കട്ടബൊമ്മന് ശേഷം അദ്ദേഹം ഒടനിലൈ കീഴടക്കി അവിടെ തന്റെ കോട്ട പണിതു.
ഒടുവിൽ തന്റെ വിശ്വസ്തനായ അനുചരൻ നല്ലപ്പൻ ചിന്നമലൈയെ ഒറ്റുകൊടുത്ത് അദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റുന്നത് വരെ അദ്ദേഹം പോരാട്ടം തുടർന്നു. 1805 ൽ 31 ന് ആടി പെരുക്ക് ദിനത്തിൽ സേലത്തിനടുത്ത് ശങ്കരി കോട്ടയിൽ ചിന്നമലൈയേയും സഹോദരങ്ങളേയും ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റി.
ചിന്നമലൈയെ കുറിച്ചുള്ള എഴുത്തുകുത്തുകൾ മുഴുവൻ കണ്ടെത്തി ഭരണകൂടം നശിപ്പിച്ചു എങ്കിലും ഇന്നും തമിഴ് നടൻ പാട്ടുകളിലൂടെ ചിന്നമലൈ ഇന്നും ജനമനസ്സുകളിൽ ഉയിർ കൊള്ളുന്നു. അദ്ദേഹം കൊളുത്തിയ ദേശീയതയുടെ, പിറന്ന നാടിന് വേണ്ടി പോരാടാൻ കാണിച്ച ധീരതയുടെ ആ സുവർണ കാലഘട്ടം നമുക്ക് എന്നും പ്രേരണ ആവട്ടെ…
Discussion about this post