കാശി: രാഷ്ട്രത്തിന്‍റെ സംസ്‌കാരവും മൗലികതയും നിലനിര്‍ത്തുക എന്നതാണ് നല്ല പത്രപ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. സമൂഹത്തിന് ശരിയായ ദിശാബോധം നല്‍കുകയാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം. സമാജം മുഴുവന്‍ നമ്മുടേതാണെന്ന ഭാവത്തോടെ അതിന്‍റെ നിലനില്പിനായി വാര്‍ത്തകളുടെ വിനിമയം സാധ്യമാക്കുന്നതാകണം പ്രവര്‍ത്തനരീതിയെന്ന് അദ്ദേഹം പറഞ്ഞു. കാശി വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച് നാരദജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്‍മോഹന്‍ വൈദ്യ.
സംഭാഷണങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയും ത്രിലോകങ്ങളെ ധര്‍മ്മപാതയില്‍ ഉറപ്പിച്ചു നിര്‍ത്തി എന്നതാണ് നാരദ മഹര്‍ഷിയുടെ സവിശേഷതയെന്നും മാധ്യമങ്ങളുടെ ചുമതല അതാണെന്നും സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. പ്രപഞ്ചത്തിലെ എല്ലാ ശക്തികള്‍ക്കും അദ്ദേഹത്തിന്‍റെ വാക്കില്‍ വിശ്വാസ്യതയുണ്ടായിരുന്നു. നമ്മുടെ ജീവിത ദര്‍ശനം ആത്മീയതയില്‍ അധിഷ്ഠിതമാണ്.
മാധ്യമങ്ങള്‍ ആധികാരിക വാര്‍ത്തകളെ സമാജത്തിനെത്തിക്കുക മാത്രമല്ല, പ്രതിസന്ധികളില്‍ സമാജത്തെ സംരക്ഷിക്കുകയും ചെയ്യേണ്ടവരാണ്. ഭൂകമ്പമോ വെള്ളപ്പൊക്കമോ ഉണ്ടാകുമ്പോള്‍ ലോകം മുഴുവന്‍ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാല്‍ കൊവിഡ് കാലത്ത് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി തെരുവിലിറങ്ങിയ ഏക രാജ്യം നമ്മുടേതാണ്. ഈ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തകരുടെ പങ്കും ക്രിയാത്മകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ പ്രൊഫ. ദിനേസ്ചന്ദ്ര റായ് മുഖ്യാതിഥിയായി. വിശ്വ സംവാദ് കേന്ദ്ര കാശി ന്യാസ് പ്രസിഡന്റ് പ്രൊഫ. ബിഷന്‍ കിഷോര്‍, ഡോ.വീരേന്ദ്ര ജയ്സ്വാള്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post