തിരുവനന്തപുരം: ബാലരാമപുരത്ത് മദ്രസ്സയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മിഷൻ .എബിവിപി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ഗ്രീഷ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ ബലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ ആർ ജി ആനന്ദ് ജില്ലാ കളക്ടറോട് 7 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാനും നിർദ്ദേശം നൽകി.
അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അൽ അമാൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. മദ്രസ പ്രവർത്തിക്കാനുള്ള അനുമതി രേഖകൾ കമ്മീഷന് മുന്നിൽ ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. സ്ഥാപനം നിയമപരമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ രണ്ടാഴ്ചയ്‌ക്കകം വിശദീകരിക്കാൻ നടത്തിപ്പുകാര്‍ക്ക് കമ്മീഷൻ നോട്ടീസ് നൽകി. സ്ഥാപനത്തിനെതിരെ അസ്മിയയുടെ ഉമ്മയും കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്.
സ്ഥാപനത്തിൽ അസ്മിയ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ. ബാലരാമപുരത്തെ മദ്രസയിലെ ദുരൂഹ മരണത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര വെളിപ്പെടുത്തലാണ് അസ്മിയയുടെ ഉമ്മ നടത്തിയത്. അസ്മിയ ആത്മഹത്യക്ക് ശ്രമിച്ചത് മറച്ചുവച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാൽ സ്ഥാപനത്തിൽ പഠിക്കുന്ന മറ്റ് വിദ്യാര്‍ത്ഥിനികളുടെ മൊഴിയിൽ ഇത്തരം പരാതികളില്ല. അസ്മിയയുടെ അനുഭവം ഇല്ലെന്നാണ് സഹപാഠികൾ അന്വേഷണസംഘത്തെ അറിയിച്ചത്. ഇക്കാര്യം ഉൾപ്പെടെ പരിശോധിച്ച് വിശദമായി അന്വേഷിക്കാനാണ് നെയ്യാറ്റിൻകര എഎസ്പിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘത്തിന്‍റെ തീരുമാനം. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്.
Discussion about this post