കര്‍ണാവതി(ഗുജറാത്ത്): വിഭജനം ഇന്ത്യാചരിത്രത്തിലെ കറുത്ത ഏടാണെന്നും അത് പോയേ തീരൂ എന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഡോക്ടര്‍മാരുടെ സംഘടനയായ മൈഗ്രന്റ് പാക്ക് ഹിന്ദു ഡോക്ടേഴ്സ് ഫോറം സംഘടിപ്പിച്ച ഗുരുപൂര്‍ണിമ മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിനാകെ മാര്‍ഗദര്‍ശനം നല്‍കുന്ന വിശ്വഗുരുവാണ് ഭാരതം. ഒരിക്കല്‍ അകന്നുപോവുകയും വീണ്ടും ഈ വിശ്വഗുരുവിന്റെ തണലില്‍ ഭാരതത്തിലെ പൗരന്മാരായി മാറുകയും ചെയ്ത ജനങ്ങളുടെ ഇടയില്‍ നില്ക്കാന്‍ കഴിയുന്നത് അഭിമാനകരമാണ്. വിഭജിച്ച് അകന്നുപോയ ഭാരതത്തിന്റെ ആ ഭൂവിഭാഗത്തില്‍ തുടരുന്നവര്‍ക്കും അവിടെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ഇത് സ്വന്തം വീടാണ്. ഇവിടേക്കല്ലാതെ മറ്റെവിടേക്കാണ് അവര്‍ മടങ്ങിയെത്തേണ്ടത്, സര്‍കാര്യവാഹ് ചോദിച്ചു.
അഖണ്ഡഭാരത പ്രതിജ്ഞ എല്ലാ വര്‍ഷവും ആര്‍എസ്എസ് എടുക്കുന്നത് വെറുതയല്ല. മടങ്ങിയെത്തിയ നിങ്ങള്‍ ഇന്ന് ഇന്ത്യന്‍ പൗരന്മാരാണ്. എന്നാല്‍ ഇനിയുമെത്രയോ പേര്‍ അവിടെ ഇപ്പോഴും കഷ്ടപ്പെടുന്നു. അവരെ സേവിക്കണം. സേവനമാണ് നമ്മുടെ ധര്‍മ്മം. ദുരിതമനുഭവിക്കുന്നവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാല്‍ അഖണ്ഡഭാരതം വീണ്ടും സാക്ഷാത്കരിക്കണമെങ്കില്‍ പാക്കിസ്ഥാനില്‍ നിങ്ങളുടെ സ്വന്തം ഗ്രാമത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മായാതെ സൂക്ഷിക്കണം, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നാമോരോരുത്തരും ഭാരതമാതാവിന്റെ മക്കളാണ്. നിയമപരമായി ഇന്ത്യന്‍ പൗരന്മാരാണ്. ഈ നാട് ലോകത്തിന്റെ മാതാവാണ്. ലോകത്തെമ്പാടുംനിന്ന് അടിച്ചമര്‍ത്തുകയും ആട്ടിയോടിക്കു കയും ചെയ്ത ജനങ്ങള്‍ക്ക് ഇത് ഒരു അഭയസ്ഥാനമാണ്. അങ്ങനെ ഈ നാട്ടിലേക്ക് എത്തിയവരെ ഭാരതം ഇരുകൈയും നീട്ടി സ്വീകരിച്ചു. കുറച്ച് കാലം മുമ്പ്, വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പൗരന്മാരുടെ അനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ജൂതന്മാരുടെ കുറിപ്പുകളില്‍ അവര്‍ അനുഭവിച്ച പീഡനങ്ങളുടെ കഥകളായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയവര്‍ ഈ നാട് നല്കിയ വരവേല്പിനെയും ബഹുമാനത്തെയും കുറിച്ച് വര്‍ണിച്ചു. വസുധൈവ കുടുംബകം എന്നത് നമുക്ക് ആപ്തവാക്യം മാത്രമല്ല, സാധാരണക്കാരന്‍ അനുഷ്ഠിക്കുന്ന ജീവിത ചര്യ കൂടിയാണ്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
സിഎഎയ്ക്കെതിരെ രാജ്യത്ത് ശക്തമായ ഒരു പ്രചാരണം നടന്നു. അത്തരം തടസ്സങ്ങള്‍ നീക്കാനുള്ള അന്തരീക്ഷം നാമൊരുമിച്ച് സൃഷ്ടിക്കേണ്ടതുണ്ട്. വിഭജനകാലത്തെ ദുരനുഭവങ്ങള്‍ മറക്കാനുള്ളതല്ല. അന്ന് പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത് ഇവിടെയെത്തിയവരുടെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഭാവിതലമുറയും ഇത് തിരിച്ചറിയണം. അക്കാലത്ത് പാകിസ്ഥാനില്‍ ദുരിതമനുഭവിക്കുന്ന ഒരു ഹിന്ദുവെങ്കിലും ബാക്കിയുള്ള കാലം വരെ സ്വയംസേവകര്‍ അവിടെത്തങ്ങണമെന്നായിരുന്നു ഗുരുജി ഗോള്‍വല്‍ക്കര്‍ നല്കിയ നിര്‍ദേശം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പലായനം ചെയ്തവരെ, ആക്രമിക്കപ്പെട്ടവരെ തുണയ്ക്കാന്‍ അവിടെ തങ്ങിയെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള വിജയകരമായ യാത്രയാണ് ഇന്ത്യയിലേക്ക് മടങ്ങിയ ഡോക്ടര്‍മാരുടെ ഈ സമൂഹം പൂര്‍ത്തിയാക്കിയതെന്ന് ചടങ്ങില്‍ സംസാരിച്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ പറഞ്ഞു. ഇന്ത്യയിലെ പൗരന്മാരായി ഇവിടെ സ്ഥിരമായി സേവനമനുഷ്ഠിക്കുകയാണ് ഇവരുടെ ദൗത്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post