ന്യൂഡൽഹി ; നീതി തേടുമ്പോൾ ആദ്യം മതം പറയേണ്ടിവരുന്നത് വിചിത്രമായ അവസ്ഥയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മുത്വലാഖ് 2019-ൽ ശിക്ഷാർഹമായ കുറ്റമാക്കിയതിന് ശേഷം മുസ്ലീങ്ങൾക്കിടയിലെ വിവാഹമോചന നിരക്ക് 96 ശതമാനം കുറഞ്ഞു . മാത്രമല്ല ഇത് സ്ത്രീകൾക്കും കുട്ടികൾക്കും ഗുണം ചെയ്തിട്ടുണ്ട് .എല്ലാവർക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്. ലോ കമ്മീഷൻ നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. കൂടാതെ, വരുന്ന എല്ലാ നിർദ്ദേശങ്ങളും ലോ കമ്മീഷനിൽ നിന്നും സർക്കാരിൽ നിന്നും പൂർണ്ണ ശ്രദ്ധ നേടുകയും ചെയ്യും. ബ്രിട്ടീഷ് ഭരണാധികാരികളാണ് അതത് മതങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു .
“ഒരാൾ നീതി തേടി പോകുമ്പോൾ ആദ്യം പറയേണ്ടത് അവന്റെ മതവും ഏത് സമുദായത്തിൽ പെട്ടയാളുമാണ്. അപ്പോൾ നിയമത്തിനു മുന്നിൽ സമത്വമാണോ? നിയമത്തിന്റെ തുല്യ സംരക്ഷണമാണോ? ഒരിക്കലുമല്ല .രണ്ട് സ്ത്രീകൾ ഒരു കോടതിയിൽ പോകുന്നു, സമാനമായ ഒരു കേസിൽ, വ്യത്യസ്ത മത പശ്ചാത്തലത്തിലുള്ളവരായതിനാൽ ഇരുവർക്കും വ്യത്യസ്ത നീതിയാണ് ലഭിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഇത് എങ്ങനെ അംഗീകരിക്കാൻ കഴിയും – ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.
Discussion about this post