ഊട്ടി: മണിപ്പൂരിൽ അക്രമങ്ങൾക്കിരയായവരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കണമെന്നും സംസ്ഥാനത്ത് ശാശ്വത സമാധാനം ഉറപ്പാക്കണമെന്നും ഊട്ടിയിൽ സമാപിച്ച ആർ എസ് എസ് അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക് ആവശ്യപ്പെട്ടു. സംഘർഷത്തിലേർപ്പെട്ട ജനങ്ങൾ തമ്മിൽ ഐക്യത്തിന്‍റെ വഴി തുറക്കുന്നതിന് മണിപ്പൂരിലെ ആർ എസ് എസ് പ്രവർത്തകർ പരിശ്രമിക്കുന്നുണ്ട്. സ്ഥിതിഗതികൾ ഇപ്പോഴും ആശങ്കയുണ്ടാക്കുന്നതാണ്. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും എത്തിക്കുന്നതിൽ പ്രവർത്തകർ മുഴുകിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഹിമാചലിലെ മാണ്ഡി, കുളു ജില്ലകളിലും ദൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സ്വയംസേവകർ നടത്തുന്ന സേവാ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആർ എസ് എസ് ശാഖകൾ സാമൂഹിക ഉത്തരവാദിത്തങ്ങൾക്കനുസൃതമായി കൂടുതൽ സജീവമാക്കുന്നതിനെപ്പറ്റി ചർച്ച നടന്നു.
ഈ വർഷം രാജ്യത്ത് നടന്ന 105 സംഘ ശിക്ഷാ വർഗുകളിലായി 21566 ശിക്ഷാർത്ഥികൾ പങ്കെടുത്തു. നാൽപ്പത് വയസ്സിൽ താഴെയുള്ള 16908 പേരും നാൽപ്പത് മുതൽ അറുപത്തിയഞ്ച് വയസ്സ് വരെയുള്ള 4658 പേരുമാണ് പങ്കെടുത്തതെന്ന് ബൈഠക് വിവരങ്ങൾ പങ്ക് വച്ച് ആർ എസ് എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ അറിയിച്ചു.
39451 സ്ഥലങ്ങളിലായി 63724 നിത്യശാഖകളും മറ്റ് സ്ഥലങ്ങളിൽ 23299 മിലനുകളും 9548 സംഘ മണ്ഡലികളുമാണ് പ്രവർത്തിക്കുന്നത്. ആർ എസ് എസ് ശതാബ്ദി പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള പ്രവർത്തന വികാസവും ശതാബ്ദി വിസ്താരക് പദ്ധതിയും യോഗം അവലോകനം ചെയ്തു.
സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ , സഹ സർകാര്യവാഹുമാർ എന്നിവർ പങ്കെടുത്തു.
Discussion about this post