തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. രോഗബാധിതനായി ബംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം ബെംഗളൂരുവില്‍ നിന്നും ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. മുന്‍ മുഖ്യമന്ത്രിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നു പൊതുഅവധി പ്രഖ്യാപിച്ചു. രണ്ടുദിവസം ഔദ്യോഗിക ദു:ഖാചരണവുമുണ്ട്.
ാരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മന്‍ ചാണ്ടി കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു.
പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇരുപത്തിയേഴാമത്തെ വയസ്സില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളിയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് പുതുപ്പള്ളിയില്‍ നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷം ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചത്. 1977ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രായം 34 വയസ് മാത്രമായിരുന്നു. 1978ല്‍ എകെ ആന്റണി മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. കെ കരുണാകരന്റെ മന്ത്രിസഭകളില്‍ ആഭ്യന്തരമന്ത്രിയായും ധനകാര്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചു. രണ്ട് തവണയായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, ഐക്യജനാധിപത്യ മുന്നണി കണ്‍വീനര്‍ എന്നീ ചുമതല ഉമ്മന്‍ ചാണ്ടി വഹിച്ചു.
നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച എളിമയും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഉമ്മൻ ചാണ്ടിയുമായുള്ള എന്റെ വിവിധ ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ദൽഹിയിലേക്ക് മാറിയപ്പോഴും. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു – പ്രധാനമന്ത്രി അനുശോചിച്ചു.
Discussion about this post