കോഴിക്കോട്: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തണലില്‍ വളര്‍ന്ന ഗ്രീന്‍വാലി പോപ്പുലര്‍ ഫ്രണ്ട് ഭീകര കേന്ദ്രത്തിന് എന്‍ഐഎ താഴിട്ടത് വ്യക്തമായ തെളിവുകളുടെ ബലത്തില്‍. 2022 സപ ്തംബര്‍ 22ന് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍വാലി ആയുധ പരിശീലന കേന്ദ്രം തിങ്കളാഴ്ച വൈകിട്ട് കൊച്ചിയില്‍ നിന്നെത്തിയ നാലംഗ എന്‍ഐഎ സംഘം സീല്‍ ചെയ്തത്. വൈകിട്ട് 5.45ന് എത്തിയ സംഘം ഏഴു മണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി. യുഎപിഎ സെക്ഷന്‍ 25 പ്രകാരമാണ് ഭീകര കേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയത്. കണ്ടുകെട്ടല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.
നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലന കേന്ദ്രമായ ഗ്രീന്‍വാലി, വിദ്യാഭ്യാസ സ്ഥാപനം എന്ന മറവിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് അറസ്റ്റിലായ അഡ്വ. മുഹമ്മദ് മുബാറക് അടക്കം സംസ്ഥാന നേതാക്കളുടെ പ്രധാന കേന്ദ്രമായിരുന്നു ഇത്. കേരളത്തിനകത്തും പുറത്തും ആയുധ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്ക് ഗ്രീന്‍വാലിയിലാണ് പരിശീലനം നല്കിയിരുന്നത്. ഇവിടത്തെ ആദ്യ റെയ്ഡില്‍ പിടിച്ചെടുത്ത രഹസ്യ രേഖകളില്‍ നിന്നും അറസ്റ്റിലായ നാലു പേര്‍ മാപ്പുസാക്ഷികളായതിനെ തുടര്‍ന്ന് ലഭിച്ച രഹസ്യമൊഴികളില്‍ നിന്നും ഗ്രീന്‍വാലിയിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷണ സംഘത്തിന് വിശദമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത വിവിധ സമിതികളുടെ പേരുകളിലുള്ള സന്നദ്ധ സംഘടനകളുടെ മറവിലാണ് ഇവിടെ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടന്നത്. നേരത്തേ 17 ഭീകര കേന്ദ്രങ്ങള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിനു ശേഷമാണ് ഗ്രീന്‍വാലി കണ്ടുകെട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് മുമ്പാകെ കണ്ടുകെട്ടലിനെതിരേ പരാതി ബോധിപ്പിക്കാം. എന്നാല്‍ രാജ്യവിരുദ്ധ, ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ വിശദമായ തെളിവുകളുള്ളതിനാല്‍ ഗ്രീന്‍വാലി കേന്ദ്രത്തിനെതിരായ എന്‍ഐഎ നടപടി നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ഗ്രീന്‍വാലിയുടെ എല്ലാ അംഗീകാരവും എന്‍ഐഒഎസ് റദ്ദാക്കി
കോഴിക്കോട്: ഗ്രീന്‍വാലി അക്കാദമിക്ക് നല്‍കിയിരുന്ന അംഗീകാരം റദ്ദാക്കിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ (എന്‍ഐഒഎസ്) കേരള കേന്ദ്രം ഡയറക്ടര്‍ ഡോ. മനോജ് ഥാക്കൂര്‍ ജന്മഭൂമിയോട് പറഞ്ഞു.
എന്‍ഐഎ റെയ്ഡ് നടത്തുകയും കണ്ടു കെട്ടുകയും ചെയ്ത സ്ഥാപനമാണ് ഗ്രീന്‍വാലി അക്കാദമി. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. ഇതേത്തുടര്‍ന്നാണ് എന്‍ഐഒഎസ് അംഗീകാരം റദ്ദാക്കിയതെന്ന് ഡോ. ഥാക്കൂര്‍ വിശദീകരിച്ചു.
Discussion about this post