ന്യൂദല്‍ഹി: ന്യൂയോര്‍ക്ക് ടൈംസ് മുതല്‍ ബിബിസി വരെ, ദി ഗാര്‍ഡിയന്‍ മുതല്‍ വാഷിങ്ടണ്‍ പോസ്റ്റ് വരെ, എല്ലാ വിദേശ മാധ്യമങ്ങളിലും പ്രധാന ചര്‍ച്ചാ വിജയം ഇന്ത്യയുടെ ചാന്ദ്രദൗത്യം. ചന്ദ്രയാന്‍ 3 ന്റെ വിജയം ലോകമാധ്യമങ്ങളിലെല്ലാം പ്രധാന വാര്‍ത്താ തലക്കെട്ടായി. ഇന്ത്യ ലോകത്തെ വിസ്മയിപ്പിക്കുകയാണെന്നും ബഹിരാകാശസഞ്ചാര രാഷ്ട്രമെന്ന നിലയില്‍ ഒന്നാമതെത്തുന്നതിന് ചന്ദ്രയാന്റെ അത്ഭുതകരമായ വിജയം ഇന്ത്യയെ സഹായിക്കുമെന്നും വിദേശ മാധ്യമങ്ങള്‍ വിലയിരുത്തി.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെ മുന്‍പൊക്കെ കളിയാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്ന മുഖ്യധാരാ അമേരിക്കന്‍ പത്രങ്ങളാണ് മഹത്തായ നേട്ടമെന്ന് വാഴ്ത്തി മുന്‍നിരയിലെത്തിയത്. ചന്ദ്രയാന്‍ -3 ദൗത്യം ഇന്ത്യയെ ചാന്ദ്ര ദക്ഷിണധ്രുവ മേഖലയില്‍ ഒറ്റയടിക്ക് എത്തുന്ന ആദ്യത്തെ രാജ്യമാക്കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാഷിംങ്ടണ്‍ പോസ്റ്റ് ഈ ചരിത്ര സന്ദര്‍ഭം ആഘോഷിക്കുന്നതിനായി അവലോകനങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കാന്‍ രണ്ട് പേജ് നീക്കിവച്ചു.
ഭൗമരാഷ്ട്രീയത്തിലെ ഒരു സുപ്രധാന നിമിഷമെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഡെപ്യൂട്ടി ഒപിനിയന്‍ എഡിറ്റര്‍ ഡേവിഡ് വോണ്‍ ഡ്രെല്‍ എഴുതി. റഷ്യന്‍ തകര്‍ച്ചയുടെ ശവപ്പെട്ടിയിലെ അവസാന ആണി എന്നാണ് അദ്ദേഹം കുറിച്ചത്. ‘ഇന്ത്യ ഈസ് ഓണ്‍ ദി മൂണ്‍’ എന്നായിരുന്നു ദി വാള്‍ സ്ട്രീറ്റ് ജേണലിന്റെ തലക്കെട്ട്.
ചരിത്രം കുറിച്ച് ഇന്ത്യയുടെ ലാന്‍ഡിങ് എന്ന് ബിബിസി അതിന്റെ ലേഖനത്തില്‍ വിശേഷിപ്പിച്ചു. ചന്ദ്രയാന്‍ ഇന്ത്യയെ ബഹിരാകാശരംഗത്തെ സൂപ്പര്‍ പവറാക്കി ഉയര്‍ത്തുന്നുവെന്ന് ബിബിസിയുടെ സയന്‍സ് എഡിറ്റര്‍ റെബേക്ക മൊറെല്ലെ എഴുതി.
ബഹിരാകാശരംഗത്ത് ആഗോള സൂപ്പര്‍ പവര്‍ എന്ന പദവിയിലേക്ക് ഇന്ത്യ കുതിക്കുന്നു എന്ന് സിഎന്‍എന്‍ ലേഖനത്തില്‍ പറഞ്ഞു. ചരിത്രത്തിലെ മറ്റേതൊരു ബഹിരാകാശ പേടകത്തേക്കാളും ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡിങ് സൈറ്റ് വ്യത്യസ്തവും പുതിയതും ബുദ്ധിമുട്ട് നിറഞ്ഞതുമായിരുന്നു. ബഹിരാകാശ യാത്ര നടത്തുന്ന രാജ്യങ്ങള്‍ ഏറ്റവും തന്ത്രപ്രധാനമേഖലയായി പരിഗണിക്കുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവം കീഴടക്കുക വഴി ഇന്ത്യ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണെന്ന് സിഎന്‍എന്‍ ചൂണ്ടിക്കാട്ടി.
Discussion about this post