ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കരസേന കേണലും മേജറും ജമ്മു കശ്മീര്‍ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. അനന്തനാഗിലെ കോകെർനാഗിലാണ് മണിക്കൂറുകളായി ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരരുടെ ഒളിത്താവളം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ എത്തിയത്.
19 രാഷ്‌ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സെപ്റ്റംബർ 12, 13 തീയതികളിൽ അനന്ത്നാഗിലെ ഗരോൾ പ്രദേശത്ത് ഒരു സംയുക്ത ഓപ്പറേഷൻ സൈന്യവും പോലീസും നടത്തിയിരുന്നു. ഈ അവസരത്തിലാണ് ഭീകരരുടെ ഒളിത്താവളവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചത്.
രജൗരി ജില്ലയിൽ നർല ബംബൽ ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ കെന്റ് എന്ന നായയും കൊല്ലപ്പെട്ടിരുന്നു. 21-ആം ആർമി ഡോഗ് യൂണിറ്റിലെ ആറ് വയസ്സുള്ള വനിതാ ലാബ്രഡോറാണ് കെന്റ്. കരസേനാ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനിടെയാണ് കെന്റിന് വെടിയേറ്റത്. രജൗരി, കുപ്‌വാര ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ മാദ്ധ്യമങ്ങളോട് വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പ്രതികരിച്ചു. തീവ്രവാദികളെ അതിർത്തി കടത്തി വിടാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും പാകിസ്താന്റെ ശ്രമം വിജയിക്കാൻ പോകുന്നില്ലെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി തുറന്നടിച്ചു.
Discussion about this post