കൊല്‍ക്കത്ത: രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോകപൈതൃപ പട്ടികയില്‍. യുനെസ്‌കോ എക്‌സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുെനസ്‌കോ ലോകപൈതൃക പട്ടികയിലെ പുതിയ ഉള്‍പ്പെടുത്തല്‍, ശാന്തിനികേതന്‍, അഭിനന്ദനങ്ങള്‍ എന്നാണ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.
ബിര്‍ഭും ജില്ലയിലെ, സാംസ്‌കാരിക കേന്ദ്രമായ ശാന്തിനികേതനെ യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെടുത്താന്‍ ഏറെനാളായി ഭാരതം ശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പ് അന്താരാഷ്‌ട്ര ഉപദേശക സമിതിയായ ഐസിഒഎംഒഎസ് ശാന്തിനികേതനെ പട്ടികയിലുള്‍പ്പെടുത്തണമെന്ന് ശിപാര്‍ശ നല്കിയിരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്ന് പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച ഇടങ്ങളുടെ എണ്ണം 41 ആയി ഉയര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ സന്തോഷം പങ്കുവച്ച കുറിപ്പും എക്‌സില്‍ രേഖപ്പെടുത്തി. രവീന്ദ്രനാഥ ടാഗോറിന്റെ ദര്‍ശനത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായ ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാ ഇന്ത്യാക്കാര്‍ക്കും ഇത് അഭിമാനനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
1901ല്‍ കേവലം 5 കുട്ടികളുമായി ആരംഭിച്ച ശാന്തിനികേതന്‍ സ്‌കൂളില്‍ ഗുരുകുല മാത്യകയിലായിരുന്നു വിദ്യാഭ്യാസം. മാവുകളുടെയും മറ്റ് മരങ്ങളുടെയും തണലില്‍ പ്രത്യേകം തയ്യാറാക്കിയ ഓപ്പണ്‍ ക്ലാസ് റൂമുകളിലാണ് ഇവിടെ പഠനം നടക്കുന്നത്.
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ സമ്മാനമായി ലഭിച്ച മുഴുവന്‍ തുകയും ചെലവഴിച്ചായിരുന്നു രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതന്‍ പടുത്തുയര്‍ത്തിയത്.
Discussion about this post