ന്യൂദല്‍ഹി: വനിതാ സംവരണ ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് 128-ാം ഭരണഘടനാ ഭേദഗതിയായി ബില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് ബില്‍ അവതരിപ്പിച്ചത്.
എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. രാജ്യസഭയില്‍ പാസായ പഴയബില്‍ നിലവിലുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. അതിനിടെ 2014ല്‍ അവതരിപ്പിച്ച ബില്‍ അസാധുവായെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.
നേരത്തേ, 2010 മാര്‍ച്ച് ഒമ്പതിന് വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. ആ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് ബില്‍ വീണ്ടും രാജ്യസഭയില്‍ എത്തി പാസാക്കണം.
ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍. പട്ടികജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളും മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്കായി നീക്കിവയ്‌ക്കണമെന്ന് ബില്ലിലുണ്ട്.
നിയമസഭകളില്‍ പകുതി എണ്ണമെങ്കിലും ഈ ബില്‍ പാസാക്കേണ്ടതുണ്ട് എന്നതിനാല്‍ വനിതാ സംവരണ നിയമം 2029ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലായിരിക്കും നടപ്പാക്കുക എന്നാണ് കരുതുന്നത്.
വനിതാ സംവരണ ബില്‍ സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചര്‍ച്ച നാളെ തുടരും.
ബില്‍ പാസായാല്‍ ലോക്‌സഭയില്‍ 181 സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യപ്പെടും. രാജ്യസഭ ബില്‍ മറ്റന്നാള്‍ പരിഗണിക്കുമെന്നാണ് സൂചന.
വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച വളരെക്കാലമായി നടന്നുവരികയാണ്. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് നിരവധി തവണ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചെങ്കിലും ബില്‍ പാസാക്കാന്‍ വേണ്ടത്ര ഭൂരിപക്ഷമുണ്ടായില്ല. ഈ സ്വപ്നം അപൂര്‍ണമായി തുടര്‍ന്നു. ഇന്ന് ദൈവം ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം എനിക്ക് തന്നിരിക്കുന്നു- ബില്‍ അവതരണത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Discussion about this post