തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍. ദര്‍ശനം നടത്തി. രാവിലെ 6.45 ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ എത്തിയ അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷും മാനേജര്‍ ബി. ശ്രീകുമാറും ചേര്‍ന്ന് സ്വീകരിച്ചു.
കര്‍മ്മചാരി സംഘ് പ്രവര്‍ത്തകരും ചേര്‍ന്ന് തുളസിമാലയും താമരപ്പൂവും നല്‍കി സ്വീകരിച്ചു. ഓരോ നടയിലും എത്തി ദര്‍ശനം നടത്തുന്നതിനു മുന്‍പ് അവിടുത്തെ പ്രതിഷ്ഠയുടെ പ്രാധാന്യവും വിശേഷവും സര്‍സംഘചാലക് ചോദിച്ചു മനസ്സിലാക്കി. അരമണിക്കൂറോളം സമയം ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ച് മടങ്ങുമ്പോള്‍ പടിഞ്ഞാറെ നടയില്‍ തിരുവമ്പാടി കൃഷ്ണ ക്ഷേത്രത്തിനു സമീപം തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മോഹന്‍ ഭാഗവതിനും ഒപ്പം ഉണ്ടായിരുന്ന ആര്‍എസ്എസ് ദേശീയ നേതാക്കള്‍ക്കും ‘ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ചരിത്രം പറയുന്ന പുസ്തകം സമ്മാനിച്ചു. തമ്പുരാട്ടി എഴുതിയ പുസ്തകമാണെന്ന് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍ സൂചിപ്പിച്ചപ്പോള്‍ ‘ഭഗവാന്‍ എന്നെകൊണ്ട് എഴുതിച്ചു എന്നുമാത്രം’ എന്ന് അശ്വതി തിരുനാള്‍ തിരുത്തി. മുന്‍പ് കവടിയാര്‍ കൊട്ടാരത്തില്‍ സര്‍സംഘചാലക് എത്തിയിരുന്ന കാര്യവും അവര്‍ സൂചിപ്പിച്ചു.
മറ്റാരും കേള്‍ക്കാതെ ഒരു രഹസ്യം കൂടി പറയാനുണ്ടന്ന് അശ്വതി തിരുനാള്‍ സൂചിപ്പിച്ചപ്പോള്‍ അതിനെന്താ എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ മറുപടി. ഇരുവരും അല്പം മാറിനിന്ന് മൂന്നുമിനിറ്റോളം സംസാരിച്ചു.
ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.മഹേഷ് ഓണവില്ല് സമ്മാനിച്ചു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ , അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി, സഹസർകാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാൽ, അരുൺ കുമാർ , സി.ആർ. മുകുന്ദ , മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ, പ്രാന്ത പ്രചാരകൻ എസ്. സുദർശനൻ ഉള്‍പ്പെടെ മുതിര്‍ന്ന ആര്‍എസ്എസ് ഭാരവാഹികളും സര്‍സംഘചാലകിനൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.
Discussion about this post