തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവെ ഇൻഫർമേഷൻ കൗണ്ടറുകൾ പൂട്ടുന്നു. കൊച്ചുവേളി, കായംകുളം സ്റ്റേഷനുകളിലെ കൗണ്ടറുകൾ പൂട്ടിക്കഴിഞ്ഞു. ആലപ്പുഴ, ആലുവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ ഇൻഫർമേഷൻ കൗണ്ടറുകൾ ഉടൻ പൂട്ടാനാണു തീരുമാനം. തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ മാത്രം അറുപതോളം തസ്തികകളാണ് ഇതുകാരണം ഇല്ലാതാവുന്നത്.
നിലവിൽ ഇൻഫർമേഷൻ കൗണ്ടറുകളിൽ ജോലി ചെയ്യുന്നവരെ ടിക്കറ്റ് കൗണ്ടറുകളിലേക്ക് മാറ്റി നിയമിക്കും. ടിക്കറ്റ് വിതരണം ചെയ്യുന്നവർ ഇനി മുതൽ ഇൻഫർമേഷൻ കൗണ്ടറിലൂടെ ലഭ്യമായിരുന്ന വിവരങ്ങൾ നൽകണമെന്നാണ് നിർദേശം. ടിക്കറ്റ് കൊടുക്കാൻപോലും സമയമില്ലാതിരിക്കുന്ന അവസ്ഥയിൽ അവിടെനിന്ന് വിവരങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം പ്രായോഗികമല്ല. ട്രെയ്ൻ വരുന്ന സമയം, പ്ലാറ്റ്ഫോം, ബോഗികൾ നിൽക്കുന്നതിന്‍റെ വിവരം എന്നിവയൊക്കെ ഫോണിലും ബോർഡിലും നോക്കി മനസിലാക്കാനുള്ള സാക്ഷരത കേരളത്തിൽപോലും ഇല്ലാതിരിക്കേ മറ്റിടങ്ങളിലെ അവസ്ഥ കൂടുതൽ ദയനീയമാണ്.
തിരുവനന്തപുരം റെയ്ൽവെ ഡിവിഷനിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതെന്നാണ് വിവരം. ഏറ്റവും കൂടുതൽ എതിർപ്പുണ്ടാവാൻ സാധ്യതയുള്ളത് കേരളത്തിലാണെന്നാണ് റെയ്ൽവെ അധികൃതരുടെ കണക്കുകൂട്ടൽ. ഇവിടത്തെ ജനങ്ങളുടെ രാഷ്‌ട്രീയ ബോധവും ബിജെപി വിരുദ്ധ കക്ഷികളുടെ സ്വാധീനവും ചെറുപ്പക്കാരിലെ വിദ്യാഭ്യാസ പുരോഗതിയും ആണ് കാരണം. അതിനാൽ, ഇവിടെ എതിർപ്പുണ്ടായില്ലെങ്കിൽ രാജ്യവ്യാപകമായി ഇൻഫർമേഷൻ കൗണ്ടറുകളിലെ തസ്തികകൾ ഇല്ലാതാക്കും. ഈ കൗണ്ടറുകൾ അടച്ചുപൂട്ടാൻ തിരുവനന്തപുരം ഡിവിഷനിലെ ഉത്തരേന്ത്യക്കാരനായ ഉന്നതോദ്യഗസ്ഥനാണ് നേരിട്ട് ഇടപെടുന്നത്.
ഒരു കാലത്ത് ഏറ്റവും വലിയ തൊഴിൽദാതാവായ റെയ്ൽവെ ഇപ്പോൾ കരാർ നിയമനങ്ങളുടെ പിടിയിലാണ്. അതിനിടയിലാണ് നിലവിലുള്ള തസ്കികകൾകൂടി ഇല്ലാതാക്കാനുള്ള നീക്കം.
കൊച്ചുവേളി, കായംകുളം ഇൻഫർമേഷൻ കൗണ്ടറുകൾ അടച്ചുപൂട്ടിയിട്ടും രണ്ടിടത്തെയും എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ‘അറിഞ്ഞ’തേയില്ല! യുവജന സംഘടനകൾക്കും തസ്തിക ഇല്ലാതാക്കുന്ന ഈ നീക്കത്തിൽ ഒരു പ്രതിഷേധവുമില്ല. നിലവിലുള്ള ജീവനക്കാർക്ക് പണി നഷ്ടപ്പെടാത്തതിനാൽ റെയ്ൽവെ തൊഴിലാളി സംഘടനകളും മൗനത്തിലാണ്.
Discussion about this post