അനശ്വര രാഷ്ട്രം ഉണരുന്നതിന്റെ ലക്ഷ്യം
ഇന്നത്തെ പരിപാടിയുടെ മുഖ്യാതിഥി ബഹുമാനപ്പെട്ട ശ്രീ ശങ്കര്‍ മഹാദേവന്‍ ജി, വേദിയില്‍ സന്നിഹിതനായ മാനനീയ സര്‍കാര്യവാഹ്ജി, വിദര്‍ഭ പ്രാന്തത്തിന്റെ മാന്യ സംഘചാലക് ജി, നാഗ്പൂര്‍ മഹാനഗരത്തിന്റെ മാന്യ സംഘചാലക്, മാന്യ സഹസംഘചാലക്ജി, മറ്റ് അധികാരിമാരേ, സജ്ജനങ്ങളേ, അമ്മമാരെ, സഹോദരിമാരെ, പ്രിയപ്പെട്ട സ്വയംസേവക സഹോദരന്മാരെ
രാക്ഷസീയതയ്ക്ക് മേല്‍ മാനവികതയുടെ സമ്പൂര്‍ണ വിജയം കുറിച്ച ശക്തിപര്‍വം എന്ന നിലയില്‍ എല്ലാ വര്‍ഷവും നമ്മള്‍ വിജയദശമി ഉത്സവം ആഘോഷിക്കുന്നു. ഈ വര്‍ഷം വിജയദശമി എത്തുന്നത് നമുക്ക് അഭിമാനവും സന്തോഷവും ഉത്സാഹവും സൃഷ്ടിക്കുന്ന സംഭവങ്ങളുമായാണ്.
അഭിമാനത്തിന്റെ കാലം
നമ്മുടെ രാഷ്ട്രം പ്രമുഖ രാജ്യങ്ങളടങ്ങുന്ന ജി-20 സമ്മേളനത്തിന് ആതിഥ്യം വഹിച്ചു. വര്‍ഷം മുഴുവനും അംഗരാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, പണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുത്ത നിരവധി പരിപാടികള്‍ ഭാരതത്തില്‍ അനകം സ്ഥലങ്ങളില്‍ നടന്നു. നമ്മുടെ സ്‌നേഹനിര്‍ഭരമായ ആതിഥ്യവും രാഷ്ട്രത്തിന്റെ മഹത്തായ പാരമ്പര്യവും പ്രതീക്ഷാനിര്‍ഭരമായ വര്‍ത്തമാനകാലവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ സ്വാധീനം സൃഷ്ടിച്ചു. ആഫ്രിക്കന്‍ യൂണിയനെ അംഗമായി അംഗീകരിപ്പിച്ചതിലൂടെയും ജി20 കൗണ്‍സിലിന്റെ ആദ്യദിവസം തന്നെ സംയുക്തപ്രമേയം ഏകകണ്ഠമായി അവതരിപ്പിച്ചതിലൂടെയും ഭാരതത്തിന്റെ ഉദാരതയുടെ ആഴവും നയതന്ത്ര വൈദഗ്ധ്യവും എല്ലാവരും മനസിലാക്കി. ഭാരതത്തിന്റെ വിശിഷ്ടമായ ആശയങ്ങളും ദര്‍ശനങ്ങളും കാരണം, ലോകത്തിന്റെയാകെ ചിന്തകളെ ‘വസുധൈവ കുടുംബകം’ എന്ന ദിശയിലേക്ക് കൂട്ടിയിണക്കി. സാമ്പത്തിക കേന്ദ്രിതമായ ജി 20 രാജ്യങ്ങളുടെ കാഴ്ചപ്പാട് മനുഷ്യ കേന്ദ്രിതമായി. വിശ്വവേദിയില്‍ ഒരു പ്രമുഖ രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തിന്റെ അചഞ്ചലമായ സ്ഥാനം ഉറപ്പിക്കാന്‍ ഈ സന്ദര്‍ഭത്തിലൂടെ നമ്മുടെ നേതൃത്വത്തിന് കഴിഞ്ഞു.
ഇതാദ്യമായി ഏഷ്യന്‍ ഗെയിംസില്‍ നമ്മുടെ കായികതാരങ്ങള്‍ നൂറിലധികം – 107 മെഡലുകള്‍, (28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം) നേടി നമ്മുടെയെല്ലാവരുടെയും ആവേശം വര്‍ധിപ്പിച്ചു. അവരെയെല്ലാം അഭിനന്ദിക്കുന്നു. ചന്ദ്രയാന്‍ അവസരത്തില്‍ ഭാരതത്തിന്റെ ശക്തിയുടെയും ബുദ്ധിയുടെയും യുക്തിയുടെയും നേര്‍ക്കാഴ്ചയും ലോകം കണ്ടു. നമ്മുടെ ശാസ്ത്രജ്ഞരുടെ ശാസ്ത്രജ്ഞാനവും സാങ്കേതിക നൈപുണ്യവും സാമര്‍ത്ഥ്യവും നേതൃപരമായ ഇച്ഛാശക്തിയും കാര്യക്ഷമതയും ചേര്‍ന്നാണ് ഈ വിജയമുണ്ടായത്. ബഹിരാകാശ യുഗത്തിന്റെ ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഭാരതത്തിന്റെ ലാന്‍ഡര്‍ വിക്രം ഇറങ്ങി. സമസ്ത ഭാരതീയരുടെയും അഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്തിയ ഈ ദൗത്യം നിര്‍വഹിച്ച ശാസ്ത്രജ്ഞരും അവര്‍ക്ക് കരുത്ത് പകര്‍ന്ന നേതൃത്വവും ദേശത്തിന്റെയാകെ അഭിനന്ദനം നേടുകയാണ്.
ലോകത്തിനാകെ ഗുണം ചെയ്യുക എന്ന രാഷ്ട്രത്തിന്റെ ആഗോള ദൗത്യ നിര്‍വഹണത്തിന് അടിസ്ഥാനമായ ദേശീയാദര്‍ശങ്ങളാണ് മുഴുവന്‍ രാഷ്ട്രത്തിന്റെയും പ്രയത്‌നങ്ങളുടെ ഉറവിടം. നമ്മുടെ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ ഒരു പേജില്‍, ഈ ധര്‍മ്മത്തിന്റെ പ്രതീകമായി ആരുടെ ചിത്രമാണോ ആലേഖനം ചെയ്തിട്ടുള്ളത്, ആ ശ്രീരാമന്റെ ബാലരൂപം പ്രതിഷ്ഠിച്ച ക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കുന്നു. വരുന്ന ജനുവരി 22 ന് ശ്രീരാം ലല്ലയുടെ പ്രാണപ്രതിഷ്ഠ ഉണ്ടാകുമെന്ന് പ്രഖ്യാപനം വന്നിരിക്കുന്നു. സുരക്ഷാപരമായ കാരണങ്ങളും സൗകര്യങ്ങളിലും മറ്റുമുള്ള പ്രതിസന്ധികളും കൊണ്ട് ഈ ശുഭമുഹൂര്‍ത്തത്തില്‍ വളരെ പരിമിതമായ എണ്ണം ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാനാവുകയുള്ളൂ. ശ്രീരാമന്‍ നമ്മുടെ ദേശീയ മൂല്യങ്ങളുടെ ആദരവിന്റെ പ്രതീകമാണ്, കര്‍ത്തവ്യപാലനത്തിന്റെയും കരുണയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാണ്. അത്തരത്തിലുള്ള ഒരു അന്തരീക്ഷം അതാത് സ്ഥലങ്ങളില്‍ സൃഷ്ടിക്കപ്പെടണം. രാമക്ഷേത്രത്തില്‍ ശ്രീരാമ ലല്ലയുടെ പ്രതിഷ്ഠയോടെ നമ്മുടെ മനസ് അയോധ്യയാകണം. ഓരോ ഹൃദയത്തിലും ശ്രീരാമലല്ലയുടെ പ്രതിഷ്ഠ നടക്കണം. എല്ലായിടത്തും സ്‌നേഹത്തിന്റെയും സദ്ഭാവനയുടെയും അന്തരീക്ഷം ഉണ്ടാകണം. ഇതിനായി എല്ലായിടങ്ങളിലും ചെറിയ ചെറിയ പരിപാടികള്‍ സംഘടിപ്പിക്കണം.
വിഭൂതികളുടെ സ്മരണ
നൂറ്റാണ്ടുകളായി നേരിട്ട പ്രതിസന്ധികളോട് പൊരുതി ജയിച്ച നമ്മുടെ ഭാരതം ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാതയിലൂടെ മുന്നേറുന്നതിന് സാക്ഷികളാകാന്‍ സൗഭാഗ്യം ലഭിച്ചവരാണ് നമ്മള്‍. സമ്പൂര്‍ണ വിശ്വത്തിനും സ്വന്തം ജീവിതത്തിലൂടെ അഹിംസ, ജീവദയ, സദാചാരം എന്നിവയുടെ സന്മാര്‍ഗം കാട്ടിക്കൊടുത്ത ശ്രീ മഹാവീര്‍ സ്വാമിയുടെ 2550-ാം നിര്‍വാണ വര്‍ഷം, ഹിന്ദവിസ്വരാജ് സ്ഥാപിച്ച് ന്യായപൂര്‍ണവും ജനഹിതകാരിയുമായ ഭരണവ്യവസ്ഥയിലൂടെ വിദേശഭരണത്തില്‍ നിന്നുള്ള മുക്തിമാര്‍ഗം കാട്ടിത്തന്ന ഛത്രപതി ശ്രീ ശിവജി മഹാരാജിന്റെ രാജ്യാഭിഷേകത്തിന്റെ 350-ാം വര്‍ഷം, ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍നിന്ന് മോചനം നേടാന്‍ സത്യാര്‍ത്ഥപ്രകാശത്തിലൂടെ സമ്പൂര്‍ണജനങ്ങളുടെയും മനസില്‍ തനിമയുടെ വ്യക്തത പകര്‍ന്ന മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഇരുന്നൂറാം ജന്മവാര്‍ഷികം… ഒക്കെ നമ്മള്‍ സമുചിതമായി ആചരിച്ചു.
വരുന്ന വര്‍ഷം സമാനമായ രീതിയില്‍ ദേശീയ പുരുഷാര്‍ത്ഥത്തിന് ശാശ്വത പ്രചോദനമായി മാറിയ രണ്ട് വിഭൂതികളുടെ കൂടി പവിത്ര സ്മരണയുടെ വര്‍ഷമാണ്. സ്വത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ബലിദാനം ചെയ്ത, ഉദ്യമം, സാഹസം, ധൈര്യം, ബുദ്ധി, ശക്തി, പരാക്രമം എന്നിവയെ കരുത്താക്കി, പ്രജാക്ഷേമതത്പരയായി ഭരണനിര്‍വഹണം നടത്തിയ ആദര്‍ശശാലിയായ മഹാറാണി ദുര്‍ഗാവതിയുടെ 500-ാം ജയന്തി വര്‍ഷമാണിത്. ഭാരതീയസ്ത്രീകളുടെ പ്രതിബദ്ധതയുടെയും ഉജ്ജ്വലമായ ശീലത്തിന്റെയും ജാജ്ജ്വല്യമായ ദേശഭക്തിയുടെയും ദീപ്തമായ ആദര്‍ശമാണ് മഹാറാണി ദുര്‍ഗാവതി.
ജനഹിതം നിറവേറ്റുന്നതിലെ ശ്രദ്ധയും ഭരണനൈപുണ്യവും കൊണ്ട് സാമാജിക അസമത്വത്തിന്റെ അടിവേരറുക്കുന്നതിനായി ജീവിതകാലം മുഴുവന്‍ സമ്പൂര്‍ണശക്തിയും സമര്‍പ്പിച്ച മഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂര്‍ ഭരണാധികാരിയായിരുന്ന ഛത്രപതി ഷാഹുജി മഹാരാജിന്റെ 150-ാം ജയന്തി വര്‍ഷം കൂടിയാണിത്. വാര്‍ഷികമാണിത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യ ജ്വാല ഉണര്‍ത്താന്‍ ചെറുപ്പകാലം മുതല്‍ യത്‌നിച്ച തമിഴ് സംന്യാസി ശ്രീമദ് രാമലിംഗ വല്ലലാറുടെ ഇരുന്നൂറാം ജയന്തി ഈ മാസമാണ് ആചരിച്ചത്. പട്ടിണിക്കാര്‍ക്ക് ഭക്ഷണം നല്കാന്‍ വേണ്ടി അദ്ദേഹം കത്തിച്ച അടുപ്പുകള്‍ ഇന്നും തമിഴ് നാട്ടില്‍ അണയാതെ നില്‍ക്കുന്നു. ആ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യത്തോടൊപ്പം സമാജത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഉണര്‍വിനും സാമൂഹിക അസമത്വങ്ങളുടെ സമ്പൂര്‍ണ്ണ ഉന്മൂലനത്തിനും വേണ്ടിയാണ് അദ്ദേഹം ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ചത്.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ പ്രചോദനാത്മകമായ ഈ വിഭൂതികളുടെ സ്മരണയിലൂടെ സമാജിക സമരസതയുടെയും ഏകാത്മകതയുടെയും സ്വത്വ രക്ഷയുടെയും സന്ദേശം നമുക്ക് ആര്‍ജ്ജിക്കാനാകും.
അവനവന്റെ സ്വത്വത്തെ തിരിച്ചറിയാനും തനിമ കാത്തുസൂക്ഷിക്കുവാനുമുള്ള മനുഷ്യന്റെ പരിശ്രമം സ്വാഭാവികവും സഹജവുമാണ്.വളരെ വേഗത്തില്‍ അകലം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ എല്ലാ രാജ്യങ്ങളിലും ഇതേപ്പറ്റിയുള്ള ചിന്ത പ്രബലമാണ്. ലോകത്തിന് മുഴുവന്‍ ഒരു നിറം നല്കാനുള്ള, ഏകരൂപം നല്കാനുള്ള ഒരുശ്രമവും ഇന്നേവരെ വിജയിച്ചിട്ടില്ല. ഇനി വിജയിക്കുകയുമില്ല. ഭാരതത്തിന്റെ തനിമയെ, ഹിന്ദു സമാജത്തിന്റെ സ്വത്വത്തെ ശ്രേഷ്ഠതയില്‍ നിലനിര്‍ത്തിപ്പോരുക എന്ന ആശയം സ്വാഭാവികമാണ്. ലോകത്തിന്റെ വര്‍ത്തമാനകാല ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, സ്വന്തം മൂല്യങ്ങളെ അടിസ്ഥാനമാക്കി, കാലത്തിന് യോഗ്യമായ രീതിയില്‍, പുതിയ നിറഭാവങ്ങളില്‍ ഭാരതം അന്തസ്സോടെ ഉയര്‍ന്നുനില്ക്കണമെന്നത് ലോകത്തിന്റെയാകെ പ്രതീക്ഷയാണ്.
ഹിമാലയന്‍ മേഖല നല്കുന്ന സൂചന
മതസമ്പ്രദായങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന ഭ്രാന്തിനെയും തീവ്രവാദത്തെയും അഹങ്കാരത്തെയും ലോകം അഭിമുഖീകരിക്കുകയാണ്. സ്വാര്‍ത്ഥത മൂലമുള്ള പരസ്പരസംഘര്‍ഷങ്ങളും കലാപങ്ങളും ഉക്രൈനും ഗാസയും പോലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്ക് കാരണമാകുന്നു എന്നതാണ് വാസ്തവം. പ്രകൃതിവിരുദ്ധ ജീവിത ശൈലി, അനിയന്ത്രിതമായ ഉപഭോഗം എന്നിവ മൂലം ശാരീരികവും മാനസികവുമായ പുതിയ പുതിയ രോഗങ്ങള്‍ ഉയര്‍ന്നുവരുന്നു. കൊള്ളരുതായ്മകളും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്നു. അമിതമായ വ്യക്തിവാദം മൂലം കുടുംബങ്ങള്‍ തകരുന്നു. അതിരില്ലാത്ത പ്രകൃതിചൂഷണം, ആഗോളതാപനം, ഋതുക്രമത്തിലെ അസന്തുലനം ഇതൊക്കെ മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ വര്‍ഷംതോറും വര്‍ധിക്കുന്നു. തീവ്രവാദത്തിനും ചൂഷണത്തിനും അമിതാധികാരവാദത്തിനും തുറന്ന മൈതാനങ്ങള്‍ ലഭിക്കുന്നു. ഇടുങ്ങിയ ദൃഷ്ടിയിലൂടെ മാത്രം ഈ പ്രശ്‌നങ്ങളെ കാണുന്ന ലോകത്തിന് ഇവയെ നേരിടാനാവില്ലെന്ന് ഉറപ്പായി. അതുകൊണ്ട് സനാതനമൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്വന്തം ഉദാഹരണത്തിലൂടെ യഥാര്‍ത്ഥ സുഖത്തിലേക്കും ശാന്തിയിലേക്കുമുള്ള പുതിയ പാത ഭാരതം ലോകത്തിന് നല്കും എന്ന പ്രതീക്ഷ ഉണര്‍ന്നിരിക്കുന്നു.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങളുടെ ഒരു ചെറിയ പതിപ്പ് ഭാരതത്തിലും നമ്മള്‍ അഭിമുഖീകരിക്കുകയാണ്. ഉദാഹരണത്തിന്, അടുത്തിടെ ഹിമാലയ മേഖലയിലെ ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ തുടങ്ങി മധ്യമേഖലയിലെ സിക്കിം വരെ, അടിക്കടി പ്രകൃതിദുരന്തങ്ങളുടെ മാരകമായ വിപത്താണ് നമ്മള്‍ നേരിടുന്നത്. ഭാവിയില്‍ നേരിട്ടേക്കാവുന്ന ഗുരുതരവും വ്യാപകവുമായ പ്രതിസന്ധികളെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന ആശങ്കയും ചര്‍ച്ചയും നടക്കുന്നു.
രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ, ജലസുരക്ഷ, പാരിസ്ഥിതിക ആരോഗ്യം എന്നിവയ്ക്കായി ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള ഈ മേഖലയ്ക്ക് മഹത്വപൂര്‍ണമായ ഉത്തരവാദിത്തമുണ്ട്. എന്തുവിലകൊടുത്തും ഇത് സംരക്ഷിക്കേണ്ടതാണ്. സുരക്ഷ, പരിസ്ഥിതി, ജനസംഖ്യ, വികസനം തുടങ്ങിയവ മുന്‍നിര്‍ത്തി ഹിമാലയന്‍ മേഖലകളെയാകെ ഒറ്റ ഘടകമായി കാണേണ്ടിവരും. പ്രകൃതിരമ്യമായ ഈ ഭൂപ്രദേശം ഭൂഗര്‍ഭശാസ്തത്തിന്റെ ദൃഷ്ടിയില്‍, പുതിയതും വീണ്ടുംവീണ്ടും നവീകരിക്കുന്നതും അതുകൊണ്ടുതന്നെ അസ്ഥിരവുമാണ്. ഭൂതലവും ഭൂഗര്‍ഭവുമായ സവിശേഷതയോ ജലസ്രോതസുകള്‍, സസ്യജന്തുജാലങ്ങള്‍, ജൈവവൈവിധ്യങ്ങള്‍ തുടങ്ങിയ പ്രത്യേകതകളോ പരിഗണിക്കാതെയാണ് ഇവിടെ ഏകപക്ഷീയമായ വികസന പദ്ധതികള്‍ നടപ്പാക്കിയത്. ഇതിന്റെ ഫലമായാണ് ഹിമാലയന്‍ മേഖലയും അതുവഴി രാജ്യം മുഴുവനും പ്രതിസന്ധിയുടെ വക്കിലായത്. കിഴക്ക്, തെക്കുകിഴക്കന്‍ രാജ്യങ്ങളിലെല്ലാം ജലം നല്കുന്നത് ഈ മേഖലയാണ്. ഇതേ മേഖലയിലാണ് ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി ചൈനയുടെ മുട്ട് നമ്മള്‍ കേള്‍ക്കുന്നത്. അതുകൊണ്ട് ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരവും രാഷ്ട്രതന്ത്രപരവുമായ പ്രാധാന്യമുണ്ട്. ഇതുകൊണ്ട് ഈ മേഖലയിലെ പ്രശ്‌നങ്ങളെ മറ്റൊരു കാഴ്ചപ്പാടോടെ സമീപിക്കണം.
ഹിമാലയന്‍ മേഖലയിലാണ് ഈ സംഭവങ്ങള്‍ കൂടുതലായി നടക്കുന്നതെങ്കിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇതേപോലുള്ള സാഹചര്യങ്ങളുണ്ടെന്നാണ് മനസിലാകുന്നത്.
വെല്ലുവിളികളെ നേരിടണം
പൂര്‍ണമായ ഭൗതികവാദത്തിന്റെ പരകോടിയിലെത്തിയ ഉപഭോഗവാദകാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലുള്ള വികസനമാര്‍ഗങ്ങള്‍ കാരണം മാനവികതയും പ്രകൃതിയും പതുക്കെപതുക്കെ, എന്നാല്‍ സ്ഥിരമായി വിനാശത്തിലേക്ക് നീങ്ങുകയാണ്. ലോകമെമ്പാടും ഈ ആശങ്ക വര്‍ധിച്ചിരിക്കുന്നു. പരാജയപ്പെട്ട വഴികളെ ഉപേക്ഷിച്ച് ലോകം ഭാരതീയ മൂല്യങ്ങളിലേക്ക് സാവധാനം തിരിയുകയാണ്. സമഗ്രമായ ഏകാത്മദൃഷ്ടിയില്‍ അധിഷ്ഠിതമായ, കാലാനുസൃതമായി നവീകരിക്കുന്ന വികസനത്തിന്റെ പാത ഭാരതം സൃഷ്ടിക്കേണ്ടതുണ്ട്. ഇത് ഭാരതത്തിന് സര്‍വഥാ ഉപയുക്തവും ലോകത്തിന് അനുകരണീയവുമായ മാതൃകയാകണം. അതിന് ജഡവാദത്തിന്റെയും പിടിവാശിയുടെയും പ്രവണതകള്‍ നാം ഉപേക്ഷിക്കണം. പരാജയപ്പെട്ട പാതയെ അന്ധമായി പിന്‍തുടരുന്ന പ്രവണത അവസാനിപ്പിക്കണം. അധിനിവേശ മാനസികാവസ്ഥയില്‍ നിന്ന് മുക്തമായി ലോകത്തില്‍ നിന്ന് ദേശാനുകൂലമായതെന്തോ അത് സ്വീകരിക്കണം. നമ്മുടെ രാജ്യത്ത് എന്താണോ ഉള്ളത് അതിനെ യുഗാനുകൂലമായി മാറ്റിത്തീര്‍ത്ത് സ്വ ആധാരിതമായ സ്വദേശി വികാസപഥം സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇക്കാര്യത്തിന് അനുസൃതമായി അടുത്ത കാലത്തായി ചില മാറ്റങ്ങള്‍ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. സമാജത്തില്‍ കൃഷി, വ്യവസായം, വ്യാപാരം, അനുബന്ധ സേവനങ്ങള്‍, സഹകരണം, സ്വയംതൊഴില്‍ തുടങ്ങിയ മേഖലകളില്‍, പുതിയ വിജയകരമായ പരീക്ഷണങ്ങളുടെ എണ്ണവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഭരണരംഗത്തും എല്ലാ മേഖലകളിലും ചിന്തയുടെ വഴി കാട്ടുന്ന ബൗദ്ധിക സമൂഹത്തിനിടയിലും ഇത്തരത്തിലുള്ള ഉണര്‍വ് കൂടുതലായി ഉണ്ടാകേണ്ടതുണ്ട്.
ഭരണത്തിന്റെ നല്ല നയങ്ങള്‍, സ്വ ആധാരിതവും യുഗാനുകൂലവുമായ നീതി, ജനസൗഹൃദ പ്രവര്‍ത്തനങ്ങള്‍, ഇവയ്‌ക്കെല്ലാം മനസും വാക്കും കര്‍മ്മവും കൊണ്ട് സമാജം നല്കുന്ന സഹകരണവും പങ്കാളിത്തവും പിന്തുണയും മാത്രമേ മാറ്റത്തിന്റെ ദിശയില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകൂ.
എന്നാല്‍ ഇത് സാധ്യമായില്ലെങ്കില്‍, സമാജത്തിന്റെ ഒരുമ ശിഥിലമായി ഭിന്നതയും സംഘര്‍ഷവും വര്‍ദ്ധിക്കും, ഇത് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അജ്ഞതയും അവിവേകവും അവിശ്വാസവും അശ്രദ്ധയും കാരണം അപ്രതീക്ഷിതമായ ഇത്തരം പിരിമുറുക്കങ്ങളും വിയോജിപ്പും വര്‍ധിക്കുന്നു. ഭാരതത്തിന്റെ ഉയര്‍ച്ചയുടെ ലക്ഷ്യം ലോകക്ഷേമമാണ്. ഈ ഉത്ഥാനത്തിന്റെ സ്വാഭാവിക പരിണാമമെന്ന നിലയില്‍ സ്വാര്‍ത്ഥികളും വിഘടനവാദികളും കാപട്യത്തിലൂടെ സ്വന്തം കാര്യം കാണുന്ന ശക്തികളുമൊക്കെ നിയന്ത്രിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരക്കാരുടെ കേന്ദ്രങ്ങളില്‍ നിന്ന് നിരന്തരമായ പ്രതിരോധമുണ്ട്. ഇതെല്ലാം ചെയ്യുമ്പോഴും ഈ ശക്തികള്‍ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ കുപ്പായമിടും. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെറ്റിദ്ധാരണ പരത്തും. അവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മറ്റ് പലതുമാണ്. പ്രത്യയശാസ്ത്രവും പദവിയും ഏതായിരുന്നാലും ആത്മാര്‍ത്ഥതയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇത്തരക്കാര്‍ തടസമാണ്.
എല്ലാം വിഴുങ്ങുന്ന ഈ കൂട്ടര്‍ ഇപ്പോഴത്തെ കാലത്ത് സ്വയം വിളിക്കുന്നത് സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ അഥവാ വോക്(ഉണര്‍ന്നവര്‍) എന്നാണ്. എന്നാല്‍ 1920കള്‍ മുതല്‍ക്കേ അവര്‍ മാര്‍ക്‌സിനെത്തന്നെ മറന്നു. വിവാഹം, സംസ്‌കാരം തുടങ്ങി ലോകത്തിന്റെ എല്ലാ നല്ല വ്യവസ്ഥകള്‍ക്കും അവര്‍ എതിരാണ്. ഒരു ചെറിയ കൂട്ടം ആളുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇന്നത്തെ ലോകക്രമത്തില്‍ അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും പ്രചാരവും അംഗീകാരവും ലഭിക്കും. മാധ്യമങ്ങളെയും അക്കാദമികളെയും കൈയിലെടുത്ത് വിദ്യാഭ്യാസം, സാംസ്‌കാരികം, രാജനീതി തുടങ്ങി സമാജത്തിലുടനീളം തെറ്റിദ്ധാരണയും ഭിന്നതയും സൃഷ്ടിക്കലാണ് ഇവരുടെ പ്രവര്‍ത്തനശൈലി. ഇത്തരം പരിസ്ഥിതിയില്‍ വ്യാജവും വികലവും അതിശയോക്തി കലര്‍ന്നതുമായ വാര്‍ത്തകളിലൂടെ ജനങ്ങളില്‍ ഭീതിയും തെറ്റിദ്ധാരണയും വിദ്വഷവും അനായാസം പടരും. ആശയക്കുഴപ്പത്തിലും പരസ്പരം തര്‍ക്കവും മൂലം ദുര്‍ബലമാകുകയും തകരുകയും ചെയ്യുന്ന സമൂഹം എല്ലായിടത്തും വിധ്വംസക ശക്തികളുടെ ഇരകളായി മാറുന്നു. ഏതെങ്കിലും നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും പരസ്പരവിദ്വേഷവും സൃഷ്ടിക്കുന്ന ഇത്തരം പ്രവര്‍ത്തനത്തിന് നമ്മുടെ രാജ്യത്ത് പറയാറുള്ളത് അപവാദ പ്രചരണമെന്നോ ഗൂഢാലോചനയെന്നോ ഒക്കെയാണ്.
കക്ഷിരാഷ്ട്രീയത്തിലെ സ്വാര്‍ത്ഥവും മത്സരങ്ങളും കാരണം പരാജയപ്പെട്ട കക്ഷികള്‍ അനാവശ്യ ശക്തികളുമായി സഖ്യം ചേരുന്ന പ്രവണത അവിവേകമാണ്. സമാജം നേരത്തെതന്നെ ആത്മവിസ്മൃതി മൂലം പല പല ഭേദവിചാരങ്ങളില്‍ കുടുങ്ങി സ്വാര്‍ത്ഥം, പരസ്പര മത്സരം, ഈര്‍ഷ്യ, ദ്വേഷം ഇതിലെല്ലാം അകപ്പെട്ടിരിക്കുന്നു. അതുകൊണ്ട് രാഷ്ട്രത്തെയും സമാജത്തെയും തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ആസുരിക ശക്തികള്‍ക്ക് അകത്തുനിന്നും പുറത്തുനിന്നും പിന്തുണ ലഭിക്കുന്നു.
മണിപ്പൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
മണിപ്പൂരിന്റെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പോള്‍ ഇങ്ങനെ തോന്നുന്നു. ഒരു പതിറ്റാണ്ടായി ശാന്തമായിരുന്ന മണിപ്പൂരിലെ പൊടുന്നനെ എങ്ങനെയാണ് പരസ്പര വിഭജനത്തിന്റെ തീ ആളിപ്പടര്‍ന്നത്? കൊലയാളികളായ ആളുകള്‍ അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാണോ? സ്വന്തം അസ്തിത്വത്തെക്കുറിച്ച ആശങ്കയിലായ മണിപ്പൂരി മൈതേയി സമാജത്തിനും കുക്കി സമാജത്തിനുമിടയിലെ സംഘര്‍ഷത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം എന്തിന് ആര് ചെയ്തു? വര്‍ഷങ്ങളായി അവിടെ സമഭാവത്തോടെ സേവനം ചെയ്യുന്ന രാഷ്ട്രീയ സ്വയംസേവകസംഘം പോലുള്ള സംഘടനയെ ഒരു കാരണവുമില്ലാതെ ഇതിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചതിന് ആരുടെ സ്വാര്‍ത്ഥതയാണ്? അതിര്‍ത്തിപ്രദേശത്ത് നാഗഭൂമിക്കും മിസോറാമിനുമിടയില്‍ സ്ഥിതി ചെയ്യുന്ന മണിപ്പൂരില്‍ അശാന്തിയും അസ്ഥിരതയും സൃഷ്ടിക്കുന്നത് കൊണ്ട് ലാഭമുണ്ടാകുന്ന ഏതെങ്കിലും വിദേശ ഭരണകൂടത്തിന്റെ താത്പര്യങ്ങളിതിലുണ്ടോ? തെക്ക് കിഴക്കന്‍ ഏഷ്യയില്‍ വര്‍ഷങ്ങളായുള്ള ഭൂ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇതിന് കാരണമായിട്ടുണ്ടോ? രാജ്യത്ത് ശക്തമായ ഭരണകൂടമുണ്ടായിട്ടും ആരുടെ ബലത്തിലാണ് ഇത്രയും കാലമായി അവിടെ സംഘര്‍ഷം തുടരുന്നത്? കഴിഞ്ഞ ഒമ്പത് വര്‍ഷമായി തുടരുന്ന സമാധാനം നിലനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ പരിശ്രമിച്ചിട്ടും കൊലപാതകം എന്തുകൊണ്ടാണ് തുടരുന്നത്? സംഘര്‍ഷത്തിലേര്‍പ്പെട്ട വിഭാഗങ്ങള്‍ സമാധാനം ആഗ്രഹിക്കുകയും ആ ദിശയില്‍ ഭാവാത്മകമായ ചില നടപടികള്‍ മുന്നോട്ടുവരികയും ചെയ്യുകയും ചെയ്യുമ്പോള്‍ അതിനെ തകര്‍ക്കും വിധം വിദ്വേഷവും അക്രമവും സൃഷ്ടിക്കുന്ന ശക്തികള്‍ ഏതാണ്? ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിന് വിവിധ തരത്തിലുള്ള പരിശ്രമങ്ങള്‍ ആവശ്യമാണ്. ഇത് പരിഹരിക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി, അതിനനുസൃതമായ സക്രിയ നടപടികള്‍, സാമര്‍ത്ഥ്യം എന്നിവയ്‌ക്കൊപ്പം ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ക്കിടയാക്കിയ സമാജങ്ങള്‍ തമ്മിലെ അവിശ്വാസം പരിഹരിക്കുന്നതിന് പ്രാപ്തമായ നേതൃത്വത്തിന്റെ പങ്ക് വളരെ വലുതാണ്. സംഘസ്വയംസേവകര്‍ സമാജത്തിലുടനീളം എല്ലാവര്‍ക്കും സേവനം ചെയ്യുകയും സജ്ജനശക്തിയെ സംഘടിപ്പിച്ച് ശാന്തിക്കായി ആഹ്വാനം ചെയ്യുകയും ചെയ്യും. എല്ലാവരെയും സ്വന്തമെന്ന് കരുതി, കാര്യങ്ങള്‍ മനസിലാക്കി സുരക്ഷിതവും വ്യവസ്ഥിതവും സദ്ഭാവപൂര്‍ണവും ശാന്തവുമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി സംഘം പ്രവര്‍ത്തിക്കുന്നു. ഭയങ്കരവും ആശങ്കാജനകവുമായ സാഹചര്യത്തിലും ശാന്തവും ധീരവുമായ മനസ്സോടെ എല്ലാത്തരത്തിലുള്ള സേവനപ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്ന സ്വയംസേവകരെ ഓര്‍ത്ത് അഭിമാനിക്കുന്നു.
ഏകതയുടെ രഹസ്യം
പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം അപവാദപ്രചരണത്തിനുള്ള ശരിയായ പരിഹാരം രാഷ്ട്രത്തിന്റെ ഏകതയാണ്. ഏത് പരിസ്ഥിതിയിലും ഏകതയുടെ പ്രകാശം സമാജത്തിന്റെ വിവേകത്തില്‍ ഉണര്‍ന്നിരിക്കേണ്ടതാണ്. ഭരണഘടനയില്‍ത്തന്നെ മാര്‍ഗദര്‍ശകതത്വമെന്ന നിലയില്‍ ഭാവാത്മക ഏകതയെപ്പറ്റി എഴുതിയിട്ടുണ്ട്. ഓരോ ദേശത്തിലും ഈ ഏകതയെ പ്രകടമാക്കുന്ന പശ്ചാത്തലം വ്യത്യസ്തമാണ്. ചില ദേശങ്ങളില്‍ അത് ഭാഷയാണ്. ചിലയിടത്ത് ദേശവാസികളുടെ വിശ്വാസമോ ആരാധനയോ ആണ്. ചിലയിടത്ത് വാണിജ്യഇടപെടലുകളാണ്, ചിലയിടത്ത് പ്രബലമായ ഭരണകൂട വ്യവസ്ഥിതിയാണ് ഏകതയുടെ നൂലായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മനുഷ്യനിര്‍മ്മിതമായ കൃത്രിമ അടിസ്ഥാനങ്ങളില്‍, അല്ലെങ്കില്‍ സമാനമായ സ്വാര്‍ത്ഥത്തിന്റെ ആധാരത്തില്‍ സൃഷ്ടിക്കുന്ന ഏകത ശാശ്വതമല്ല. നമ്മുടെ രാജ്യത്ത് ഇത്രയും വിവിധതകളുണ്ടായിട്ടും ഒറ്റ രാഷ്ട്രമെന്ന നിലയില്‍ കോര്‍ത്തിണക്കുന്ന അസ്തിത്വത്തെ ജനങ്ങള്‍ തിരിച്ചറിയാനും സമയമെടുക്കും. എന്നാല്‍ നമ്മുടെ ഈ ദേശം, ഒരു രാഷ്ട്രമെന്ന നിലയില്‍, ഒരു സമാജമെന്ന നിലയില്‍, ലോക ചരിത്രത്തിലുണ്ടായ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഭൂതകാലത്തിന്റെ ചരടിനാല്‍ ഇണക്കി അവിച്ഛിന്നമായ ബന്ധം നിലനിര്‍ത്തിക്കൊണ്ട് സജീവമായി നിലനില്ക്കുന്നു.
യൂനാന് മിസ്ര റോമാ സബ് മിട് ഗയേ ജഹാം സേ
അബ് തക് മഗര്‍ ഹേ ബാകീ നാമോം നിശാം ഹമാരാ
കുഛ് ബാത് ഹേ കി ഹസ്തി മിട്തി നഹി ഹമാരി
സദിയോം രഹാ ഹേ ദുശ്മന്‍ ദൗരേം ജഹാം ഹമാരാ
(ഗ്രീക്കും ഈജിപ്തും റോമുമൊക്കെ നശിച്ച് നാമാവശേഷമായി. എന്നാല്‍ ഇപ്പോഴും നമ്മുടെ പേരും പെരുമയും ശേഷിക്കുന്നു. എത്രയെത്ര നൂറ്റാണ്ടുകളായി ശത്രുക്കളെത്രയോ പടയോട്ടം നടത്തി. എന്നിട്ടും നശിക്കാത്തതായി ചിലതുണ്ട് നമ്മുടേതായി)
ഭാരതത്തിന് പുറത്തുള്ള ജനത ആശ്ചര്യപ്പെട്ടേക്കാം, എന്നാല്‍ മനസുകളെ ആകര്‍ഷിക്കുന്ന ഈ ഏകാത്മകത നമ്മുടെ പാരമ്പര്യമാണ്. ഇതിന്റെ രഹസ്യമെന്താണ്? തീര്‍ച്ചയായും അത് സര്‍വാശ്ലേഷിയായ നമ്മുടെ സംസ്‌കാരമാണ്. പൂജ, പരമ്പര, ഭാഷ, ദേശം, ജാതി സമ്പ്രദായങ്ങള്‍ തുടങ്ങിയ ഭേദങ്ങളില്‍ നിന്നെല്ലാം ഉയര്‍ന്ന് സ്വന്തം കുടുംബം മുതല്‍ വിശ്വകുടുംബം വരെ ആത്മീയതയുടെ അടിസ്ഥാനത്തില്‍ വികസിക്കുന്ന നമ്മുടെ ജീവിതരീതിയാണത്. നമ്മുടെ പൂര്‍വികര്‍ സാംസ്‌കാരിക ഏകതയുടെ സത്യത്തെ സാക്ഷാത്കരിച്ചു. അതിന്റെ ഫലമായി ശരീരം, മനസ്, ബുദ്ധി എന്നിവയെ ഒരുപോലെ ഉയര്‍ത്തി, മൂന്നിനും സുഖം പകരുന്ന, അര്‍ത്ഥ, കാമങ്ങളെ സംയോജിപ്പിച്ച് മോക്ഷത്തിലേക്ക് നയിക്കുന്ന ധര്‍മതത്വം അവര്‍ പ്രാപ്തമാക്കി. ഇതിന്റെ ആധാരത്തില്‍ സത്യം, കരുണ, ശുചിത്വം, തപസ് എന്നിങ്ങനെ ധര്‍മ്മതത്വത്തിന്റെ നാല് ശാശ്വത മൂല്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ആചരണത്തിലൂടെ സംസ്‌കൃതിയുടെ വികാസം സാധ്യമാക്കി. നാലു അതിര്‍ത്തികളും സുരക്ഷിതവും, സമൃദ്ധവുമായ നമ്മുടെ മാതൃഭൂമിയുടെ അന്നവും വായുവും ജലവും കാരണമാണിതുണ്ടായത്. ഇതുകൊണ്ടാണ് ഈ ഭാരതഭൂമി സംസ്‌കൃതിയുടെ അധിഷ്ഠാനദേവതയായി കണ്ട് നാം ഭക്തിപൂര്‍വം പൂജിക്കുന്നത്.
ഈയടുത്ത് സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വാര്‍ഷികവേളയില്‍ ധീരരായ സ്വാതന്ത്ര്യസമരത്തിലെ മഹത്തുക്കളെ നാം അനുസ്മരിച്ചു. നമ്മുടെ ധര്‍മ്മം, സംസ്‌കാരം, സമാജത്തിന്റെയും രാജ്യത്തിന്റെയും സംരക്ഷണം, സമയാസമയങ്ങളില്‍ അവയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി വൈഭവം വര്‍ധിപ്പിച്ച് നിലനിര്‍ത്തിയ പൂര്‍വികര്‍ നമ്മുടെ അഭിമാനമാണ്. അവരെ നമ്മള്‍ മാതൃകയാക്കേണ്ടതാണ്. ഭാഷാ, സംസ്ഥാനം, ആരാധനാരീതി, സമ്പ്രദായ, ജാതി, ഉപജാതി തുടങ്ങിയ എല്ലാ ഭേദങ്ങളെയും ഒറ്റ ചരടില്‍ കോര്‍ത്തിണക്കി രാഷ്ട്രസ്വരൂപത്തില്‍ ഉയര്‍ത്തി നിര്‍ത്തുന്നത് ഈ മൂന്ന് ഘടകങ്ങളാണ്. മാതൃഭൂമിയോടുള്ള ഭക്തി, പൂര്‍വികരിലുള്ള അഭിമാനം, സമാന സംസ്‌കൃതി എന്നിവയാണ് രാഷ്ട്രഏകതയുടെ പൊട്ടാത്ത ചരട്.
സമാജത്തിന്റെ ശാശ്വതമായ ഐക്യം ഉടലെടുക്കുന്നത് സ്വന്തെമന്ന ഭാവത്തില്‍ നിന്നാണ്, വ്യക്തിഗത ഇടപാടുകളില്‍ നിന്നല്ല. നമ്മുടെ സമാജം വളരെ വലുതാണ്. ധാരാളം വിവിധതകള്‍ നിറഞ്ഞതാണ്.കാലക്രമത്തില്‍ കുറച്ച് വിദേശ അക്രമങ്ങളുടെ പരമ്പരകളും നമ്മുടെ ഇടയിലെത്തി. എന്നിട്ടും നാം ഈ മൂന്ന് ഘടകങ്ങളുടെ ആധാരത്തില്‍ ഒറ്റ രാഷ്ട്രമായി നിലകൊണ്ടു. അതുകൊണ്ടുതന്നെ ഏകതയെ കുറിച്ച് എപ്പോള്‍ ചര്‍ച്ച ചെയ്യുമ്പോഴും അത് എന്തെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ട് ഉണ്ടായതല്ല എന്ന് മനസ്സിലാക്കണം. ബലപ്രയോഗത്തിലൂടെ ആണ് അത് ഉണ്ടായതെങ്കില്‍ വീണ്ടും വീണ്ടും തകര്‍ന്നേനെ. ഇന്നത്തെ അന്തരീക്ഷത്തില്‍ സമാജത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ കണ്ട് സ്വാഭാവികമായും നിരവധി ആളുകളില്‍ ആശങ്കയുണ്ട്. മുസ്ലീം, ക്രിസ്ത്യന്‍ എന്ന് പറയുംപോലെ ആരാധനാക്രമം കൊണ്ട് ഹിന്ദുക്കളായ സജ്ജനങ്ങളുമുണ്ട്. അക്രമത്തിനും സംഘര്‍ഷത്തിനും ഒന്നുംപോകാതെ അനുരഞ്ജനത്തിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും പോകുന്നതാണ് നല്ലെതെന്ന് കരുതുന്നവര്‍. ഇത്തരം ചര്‍ച്ചകള്‍ക്കിടെ ആദ്യം മനസിലാക്കേണ്ട കാര്യം ഒരു ഭൂമിയില്‍ വന്ന് ഒരുമിച്ച് ചേര്‍ന്നവരായതുകൊണ്ടല്ല നമ്മള്‍ ഒന്നാണെന്ന് പറയുന്നത് എന്നതാണ്. നമ്മള്‍ ഒരേ പൂര്‍വികരുടെ വംശക്കാരാണ്. ഒരേ മാതൃഭൂമിയുടെ മക്കളാണ്. ഒരേ സംസ്‌കൃതിയുടെ പിന്‍തുടര്‍ച്ചക്കാരാണ്. ഏകതയുടെ ഈ അടിസ്ഥാനത്തെ തിരിച്ചറിഞ്ഞ് അതിന്റെ ആധാരത്തില്‍ വീണ്ടും നമ്മള്‍ ഒന്നാകണം.
നമുക്കിടയില്‍ പ്രശ്‌നങ്ങളില്ലെന്നാണോ? നമ്മുടെ സ്വന്തം വികാസത്തിന് ആഗ്രഹം ആവശ്യമില്ലെന്നാണോ? ആ വികാസത്തിനായി നമ്മള്‍ പരസ്പരം മത്സരിക്കുന്നില്ലെന്നാണോ? എല്ലാ ജനങ്ങളും മനസാ വാചാ കര്‍മ്മണാ ഏകാത്മകതയുടെ ആ ആധാരത്തെ മനസിലാക്കി പെരുമാറുന്നു എന്നാണോ? ഇങ്ങനെയൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആദ്യം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിട്ട്, സമാധാനമുണ്ടാക്കിയിട്ട് ഏകതയെക്കുറിച്ച് സംസാരിക്കാം എന്ന് ഒരുമ ആഗ്രഹിക്കുന്നവര്‍ തൃപ്തരാകില്ല. ഇതെല്ലാം മനസിലാക്കി നാമോരുത്തരും അവരവരുടെ കാഴ്ചപ്പാടിലും പെരുമാറ്റത്തിലും തുടക്കമിട്ടാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അവിടെയും ഇവിടെയുമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചഞ്ചലിതരാകാതെ ശാന്തമായി സംയമത്തോടെ പ്രവര്‍ത്തിക്കേണ്ടിവരും. പ്രശ്‌നങ്ങള്‍ വാസ്തവമാണ്. എന്നാലത് ഏതെങ്കിലും ഒരു ജാതിയുടെയോ വര്‍ഗത്തിന്റെയോ മാത്രമല്ല. അവ പരിഹരിക്കുന്നതിനുള്ള പരിശ്രമത്തോടൊപ്പം ആത്മീയതയുടെയും ഏകതയുടെയും മാനസികാവസ്ഥയും വളരണം. ഇരയുടേതായ മാനസികാവസ്ഥ, പരസ്പരമുള്ള അവിശ്വാസം തുടങ്ങിയ വിഷയങ്ങളെ കക്ഷിരാഷ്ട്രീയമത്സരങ്ങളുടെ തന്ത്രങ്ങളില്‍ നിന്ന് വേറിട്ട് കാണണം. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം ഒരു തടസമാവുകയേ ഉള്ളൂ. ഇതില്‍ കീഴടങ്ങലിന്റെയോ നിര്‍ബന്ധത്തിന്റെയോ പ്രശ്‌നങ്ങളില്ല. യുദ്ധംചെയ്യുന്ന രണ്ട് കക്ഷികള്‍ തമ്മിലുള്ള വെടിനിര്‍ത്തലുമല്ല. ഭാരതത്തിന്റെ സകല വിവിധതകളെയും കോര്‍ത്തിണക്കുന്ന ഏകതയുടെ ചരടിനെ മനസിലാക്കി അതിനെ സ്വന്തം ജീവിതത്തില്‍ ആവിഷ്‌കരിക്കുന്നതിനുള്ള ആഹ്വാനമാണ്. എഴുപത്തഞ്ചാണ്ട് പിന്നിട്ട സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന നമുക്ക് കാട്ടിത്തന്നത് ഈ ദിശയാണ്. ഭരണഘടനയെ അവതരിപ്പിച്ചുകൊണ്ട് പൂജ്യ ഡോ. ബാബാസാഹേബ് അംബേഡ്കര്‍ ഭരണഘടനാ സഭയില്‍ ചെയ്ത രണ്ട് പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കീ കാര്യം മനസിലാകും.
ഇത് പെട്ടന്ന് ചെയ്യേണ്ടുന്ന ഒരു കാര്യമല്ല. പുരാതനമായ സംഘര്‍ഷങ്ങളുടെ കയ്പ് നിറഞ്ഞ ഓര്‍മ്മകള്‍ ഇപ്പോഴും സമാജമനസ്സിലുണ്ട്. വിഭജനത്തിന്റെ ദാരുണമായ ദുരന്തം സൃഷ്ടിച്ച മുറിവുകള്‍ ആഴത്തിലുണ്ട്. അതിന്റെ ഫലമായുണ്ടായ ക്ഷോഭം വാക്കിലും പെരുമാറ്റത്തിലും പ്രകടമാകും. ഒരാള്‍ക്ക് മറ്റൊരാളുടെ സ്ഥലത്ത് താമസിക്കാന്‍ ഇടം നിഷേധിക്കുന്നതുമുതല്‍ ഉയര്‍ന്നവരെന്നും താഴ്ന്നവരെന്നുമൊക്കെയുള്ള തിരസ്‌കാരത്തിന്റെ വ്യവഹാരങ്ങള്‍ വരെ കയ്പുള്ള അനുഭവങ്ങളുണ്ട്. കൊലപാതകം, കലാപം, പീഡനം തുടങ്ങിയവയുടെ ദോഷങ്ങള്‍ പരസ്പരമുള്ള പെരുമാറ്റത്തില്‍ നിഴലിക്കാറുണ്ട്. ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ ആ സമാജം മുഴുവനും ചെയ്യുന്നതാണ് എന്ന തരത്തിലുള്ള വര്‍ത്തമാനവും ചിന്തകളും ഒഴിവാക്കണം. അങ്ങോട്ടുമിങ്ങോട്ടും വെല്ലുവിളിച്ചാല്‍ അവ ഓര്‍മ്മകളില്‍ അവശേഷിക്കുകയേ ഉള്ളൂ.
ടൂള്‍ കിറ്റുകളില്‍ കുടുങ്ങരുത്
നമ്മളോട് യുദ്ധം ചെയ്ത് രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളാവും ഇത് പരമാവധി മുതലെടുക്കുക. ചെറിയ ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി പ്രചരിപ്പിക്കുന്നു. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ആശങ്കയും മുന്നറിയിപ്പും പ്രകടമാക്കുന്ന പ്രസ്താവനകള്‍ സംഘടിപ്പിക്കുന്നു, അക്രമത്തെ പ്രേരിപ്പിക്കുന്ന ‘ടൂള്‍കിറ്റുകള്‍’ സജീവമാക്കി പരസ്പരം അവിശ്വാസവും വിദ്വേഷവും വര്‍ധിപ്പിക്കുന്നു.
സമാജത്തില്‍ സമരസത ആഗ്രഹിക്കുന്ന എല്ലാവരും ഇത്തരം മരണക്കളികള്‍ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകളില്‍ നിന്ന് രക്ഷപ്പെടണം. ഈ പ്രശ്‌നങ്ങളുടെയെല്ലാം കാരണം പതുക്കെ പതുക്കെ പുറത്തുവരും. അതിനായി രാജ്യത്ത് വിശ്വാസത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷം ശക്തമാകണം. നമ്മുടെ മനസിനെ സ്ഥിരമാക്കി, ആത്മവിശ്വാസത്തോടെ പരസ്പരം സംവാദത്തിലേര്‍പ്പെടണം, പരസ്പരം മനസിലാക്കണം. പരസ്പരം ബഹുമാനിക്കണം, എല്ലാവരും തമ്മിലുള്ള ബന്ധം ദൃഢമാകണം. മനസാ വാചാ കര്‍മണാ ഇങ്ങനെ മുന്നോട്ടുപോകണം. പ്രചരണങ്ങളുടെയോ ധാരണകളുടെയോ അടിസ്ഥാനത്തിലല്ല, വസ്തുതകളെ മനസിലാക്കി പ്രവര്‍ത്തിക്കണം. ധൈര്യത്തോടെ, സംയമനത്തോടെ, സഹിഷ്ണുതയോടെ, വാക്കിലും പ്രവര്‍ത്തിയിലും തീവ്രതയും ക്രോധവും ഭയവും ഉപേക്ഷിച്ച്, ദൃഢതയോടെ സങ്കല്പ ബദ്ധരായി സുദീര്‍ഘമായി നിരന്തരം പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ശുദ്ധമായ മനസില്‍ നിന്ന് എടുക്കുന്ന സത് സങ്കല്പങ്ങളാണ് പൂര്‍ണമാവുക.
ഏത് സാഹചര്യത്തിലും, എത്ര അന്യായമായാലും, ക്രമസമാധാനവും അച്ചടക്കവും ഭരണഘടനയും നിര്‍ബന്ധമായും പാലിക്കണം. ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍ ഈ പെരുമാറ്റം ദേശസ്‌നേഹത്തിന്റെ പ്രകടനമാണ്. മാധ്യമങ്ങള്‍ നടത്തുന്ന പ്രകോപനപരമായ പ്രചാരണങ്ങളിലും തുടര്‍ന്നുയരുന്ന ആരോപണ, പ്രത്യാരോപണങ്ങളുടെ മത്സരങ്ങളിലും കുടുങ്ങരുത്. സമാജത്തില്‍ സത്യവും ആത്മീയതയും പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം. കൊലപാതകങ്ങളും ഗുണ്ടായിസവും അവസാനിപ്പിച്ച്, നിയമങ്ങളെയും ഭരണഘടനയെയും സമാജത്തെയും സംരക്ഷിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് അതിനായുള്ള സര്‍ക്കാരിന്റെ ഉചിതമായ നടപടികളോട് സഹകരിക്കുക എന്നതാണ്.
നമുക്ക് ചെയ്യാനുള്ളത്
2024 ന്റെ ആദ്യ നാളുകളില്‍ത്തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് ഉണ്ട്. വികാരങ്ങള്‍ ആളിക്കത്തിച്ചുകൊണ്ട് വോട്ട് കൊയ്‌തെടുക്കാനുള്ള ശ്രമങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും അത് നടന്നുകൊണ്ടിരിക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം കാര്യങ്ങളില്‍ നിന്ന് നമുക്ക് ഒഴിവാകാം. വോട്ട് ചെയ്യുന്നത് ഓരോ പൗരന്റെയും കടമയാണ്. അത് പാലിക്കണം. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, അസ്മിത, വികസനം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ച് വോട്ട് രേഖപ്പെടുത്തുക.
2025 – 2026ല്‍ സംഘം നൂറ് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ മുന്നോട്ടുപോകണം. സമാജത്തിന്റെയാകെ പെരുമാറ്റത്തിലും സംസാരത്തിലും ദേശത്തോടുള്ള മമതാ ഭാവം നിറയണം. ക്ഷേത്രം, വെള്ളം, ശ്മശാനം തുടങ്ങി ഭേദഭാവം ഇനിയും എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് സമ്പൂര്‍ണമായും അവസാനിപ്പിക്കണം.
കുടുംബത്തിലെ എല്ലാ അംഗങ്ങളിലും ശുഭകാര്യങ്ങള്‍ നിത്യവും സംസാരിക്കുന്നതിന്റെ(നിത്യമംഗളസംവാദം), സംസ്‌കാരം നിറഞ്ഞ പെരുമാറ്റത്തിന്റെ സംഭാഷണത്തിന്റെ ശീലം വളര്‍ത്തി സമൂഹത്തെ സേവിക്കുന്നത് തുടരണം. ജലം സംരക്ഷിച്ച്, പ്ലാസ്റ്റിക് വിമുക്തമാക്കി, നമ്മുടെ മുറ്റങ്ങളില്‍ പച്ചപ്പ് നിറച്ച് പ്രകൃതിയുമായുള്ള ബന്ധം ശക്തമാക്കണം. സ്വദേശി ആചരണത്തിലൂടെ സ്വ നിര്‍ഭരതയും സ്വാവലംബനവും വളര്‍ത്തണം. ധൂര്‍ത്ത് അവസാനിപ്പിക്കണം. രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുകയും നമ്മുടെ സമ്പത്ത് രാജ്യത്തിനുള്ളില്‍ത്തന്നെ വിനിയോഗിക്കുകയും വേണം. ഇതിനായി സ്വദേശി ആചരണം വീടിനുള്ളില്‍നിന്ന് ആരംഭിക്കണം. നിയമങ്ങളും പൗരധര്‍മ്മവും പാലിക്കുകയും സമാജത്തില്‍ പരസ്പര സൗഹാര്‍ദ്ദം ഉണ്ടാകുകയും വേണം. ഒപ്പം സഹകരണ മനോഭാവം എല്ലായിടത്തും വ്യാപകമാകണം. ഈ അഞ്ച് കാര്യങ്ങള്‍ എല്ലാവരുടെയും ആചരണത്തിലുണ്ടാകണം. എന്നാല്‍ ഇതിന് പരിശീലനം ആവശ്യമാണ്. ചെറിയ ചെറിയ കാര്യങ്ങളില്‍ തുടങ്ങി, തുടര്‍ച്ചയായ അഭ്യാസത്തിലൂടെ ഈ ആചരങ്ങള്‍ നമ്മുടെ ശീലമായി മാറണം. സമാജത്തില്‍ കുറവുകളനുഭവിക്കുന്ന ബന്ധുജനങ്ങളെ സേവിക്കുന്നതിനൊപ്പം തന്നെ വരുന്ന ദിവസങ്ങളില്‍ സംഘത്തിന്റെ പ്രവര്‍ത്തകര്‍ ഈ അഞ്ച് കാര്യങ്ങളും ആദ്യം സ്വയം ആചരിച്ചുകൊണ്ട് സമാജത്തെ അതില്‍ പങ്കാളികളാക്കാന്‍ പരിശ്രമിക്കും. ഭരണകൂടവും സമാജത്തിലെ സജ്ജനങ്ങളും സമാജഹിതത്തിനായി ചെയ്യുന്ന, ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളിലും സംഘപ്രവര്‍ത്തകരുടെ പങ്കാളിത്തം എപ്പോഴുമുണ്ടാകും.
സമാജത്തിന്റെ ഏകത, പുരോഗതി, എല്ലാ ദിശകളിലുമുള്ള നിസ്വാര്‍ത്ഥമായ പരിശ്രമം, ജനഹിതത്തിനായുള്ള സര്‍ക്കാര്‍, ജനോന്മുഖമായ ഭരണം, തനിമയുടെ അടിസ്ഥാനത്തിലുള്ള ഉയര്‍ച്ച , ഒരുമിച്ച് ചേര്‍ന്നുള്ള പ്രയത്‌നം ഇതിലൂടെയാണ് രാഷ്ട്രത്തിന്റെ ബലവും വൈഭവവും ഫലപ്രാപ്തിയിലെത്തുക. ശക്തി കൊണ്ടും വൈഭവം കൊണ്ടും സമ്പന്നമായ രാഷ്ട്രത്തോടൊപ്പം കുടുംബത്തെ മാനിക്കുന്ന, ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന, അസത്തില്‍ നിന്ന് സത്തിലേക്ക് ഉയര്‍ത്തുന്ന, മര്‍ത്ത്യജീവിതത്തെ സാര്‍ത്ഥകമാക്കുന്ന, അമൃതജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ സനാതന സംസ്‌കൃതി കൂടി ചേരുമ്പോള്‍ രാഷ്ട്രം ലോകത്തിന്റെ നഷ്ടപ്പെട്ട സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരികയും വിശ്വമാകെ സുഖശാന്തിമയമായ പുതുജീവിതത്തിന്റെ വരദാനം പ്രദാനം ചെയ്യുന്നു. ആധുനിക കാലത്ത് നമ്മുടെ അനശ്വര രാഷ്ട്രത്തിന്റെ നവോത്ഥാനത്തിന്റെ ലക്ഷ്യം ഇതാണ്.
ചക്രവര്‍ത്തിയോം കി സന്താന്‍,
ലേകര്‍ ജഗത്ഗുരു കാ ജ്ഞാന്‍
ബഢേ ചലേ തോ അരുണ്‍ വിഹാന്‍
കര്‍നേ കോ ആയേ അഭിഷേക്
പ്രശ്‌ന് ബഹുത് ഹേ ഉത്തര്‍ ഏക്
(ജഗദ്ഗുരുവിന്റെ അറിവ് പേറുന്ന ചക്രവര്‍ത്തിയുടെ മക്കള്‍ നമ്മള്‍ മുന്നോട്ടുപോയാല്‍ അരുണവര്‍ണമാര്‍ന്ന ഉദയമെത്തും അഭിഷേകം നടത്താന്‍. പല ചോദ്യങ്ങളില്‍ നിന്ന് ഒരേയൊരുത്തരത്തിലേക്ക്)
ഭാരത് മാതാ കി ജയ്
Discussion about this post