ഇറ്റാനഗര്‍: സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ച എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളെയും പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. വിദ്യാലയങ്ങളിലൂടെ രാഷ്ട്രത്തിന്റെ തനിമയും സംസ്‌കൃതിയും പഠിപ്പിക്കുന്നതാണ് ആനന്ദത്തിന്റെ രാഷ്ട്രീയമെന്ന് അദ്ദേഹം പറഞ്ഞു. 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ബലെക്കിലെ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത്തരം സ്ഥാപനങ്ങളുടെ ചരിത്രപരമായ പ്രാധാന്യം പ്രകടമാക്കുന്നതിന് പദ്ധതിയുടെ ഭാഗമായി മ്യൂസിയം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1946ല്‍ ലോവര്‍ പ്രൈമറി സ്‌കൂളായി ആരംഭിച്ച ബലെക്ക് സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഖണ്ഡു ഈസ്റ്റ് സിയാങ് സ്‌കൂള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് പറഞ്ഞു. 1987-ല്‍ സമ്പൂര്‍ണ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ഗുണമേന്മയുള്ള സ്‌കൂളുകളുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ട്. ഹാജര്‍ കുറവുള്ള 400 ഓളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി, പ്രക്രിയ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സ്‌കൂളുകള്‍ ആവശ്യമില്ല, നിലവിലുള്ള സ്‌കൂളുകളില്‍ നിന്ന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.
നാടിനും സമൂഹത്തിനും പ്രയോജനം ചെയ്യാത്ത പഠനസമ്പ്രദായം കൊണ്ട് കാര്യമില്ല. ക്ലാസ് മുറികളില്‍ നിന്ന് ഭാരതത്തോട് പ്രതിബദ്ധതയുള്ള തലമുറ വളരണം. അതിനാണ് ഊന്നല്‍. പഠനം പുരോഗമനത്തിന്റെ മുന്നുപാധിയാണ്. പുരോഗമനം എന്നത് സംസ്‌കാരത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ളതാകണം. അരുണാചലിലെ കുട്ടികള്‍ നാട് നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് വളരേണ്ടതുണ്. അതിന് നാടിനായി പ്രവര്‍ത്തിച്ചവരുടെ ജീവിതവും അവര്‍ പഠിക്കണം, അദ്ദേഹം പറഞ്ഞു.
ബാലെക് സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവന ചെയ്ത കെറ്റെം യോംസോയുടെ പ്രതിമ മുഖ്യമന്ത്രി ഖണ്ഡു ചടങ്ങിനിടെ അനാച്ഛാദനം ചെയ്തു. നവീകരിച്ച സ്‌കൂള്‍ ഗേറ്റിന്റെ ഉദ്ഘാടനവും വൃക്ഷത്തൈ നടീല്‍ യജ്ഞത്തില്‍ പങ്കെടുത്ത് സ്‌കൂളിലെ മിടുക്കരായ പത്ത് പൂര്‍വവിദ്യാര്‍ഥികളെ അനുമോദിച്ചു.
Discussion about this post