തിരുവനന്തപുരം: ഫണ്ടേതായാലും വകമാറ്റാതെ ഉറക്കമില്ലെന്ന നിലപാടിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍. ഓഖി ദുരിതാശ്വാസത്തിന് അനുവദിച്ച ഫണ്ടില്‍ നിന്നും 46.11 കോടി രൂപ കെഎസ്ഇബിക്ക് അനുവദിച്ച കാര്യം വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോഴാണ് വ്യക്തമായത്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികള്‍ക്കായി കഴിഞ്ഞ രണ്ടുവര്‍ഷവും ബജറ്റില്‍ വകയിരുത്തിയ തുക സര്‍ക്കാര്‍ വിനിയോഗിച്ചില്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഓഖി ദുരന്തനിധിയില്‍ നിന്ന് ചെലവാക്കിയ തുകയുടെ കണക്കിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഫണ്ടിലെ തുക വകമാറ്റിയ വിവരം വ്യക്തമായത്. വിവരാവകാശ നിയമമനുസരിച്ച് ലഭിച്ച മറുപടി പ്രകാരം കെഎസ്ഇബിക്കുണ്ടായ നാശനഷ്ടം പരിഹരിക്കുന്നതിന് 46.11 കോടി രൂപ അനുവദിച്ചതായാണ് കാണുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ദുരന്തനിവാരണ ഫണ്ട് ഉണ്ടെന്നിരിക്കെ ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വൈദ്യുതി ബോര്‍ഡിന് വക മാറ്റിയതെന്തിനെന്ന് മറുപടിയില്‍ വ്യക്തമല്ല. ഓഖി ചുഴലിക്കാറ്റില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ആകെ എട്ടുകോടി രൂപയുടെ നാശനഷ്ടമാണ് വൈദ്യുതി ബോര്‍ഡിനുണ്ടായത്. എട്ട് കോടിക്ക് പകരം 46.11 കോടി രൂപ വൈദ്യുതി വകുപ്പിന് നല്‍കിയതെന്തിനെന്നും രേഖകളില്‍ വ്യക്തമല്ല. ഓഖിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലും ദേശീയ ദുരന്ത നിവാരണ ഫണ്ടിലുമായി കിട്ടിയആകെ തുക 118 കോടി. ഇതില്‍ നിന്ന് ചിലവഴിക്കേണ്ട പദ്ധതികള്‍ പലതും പാതിവഴിയില്‍ കിടക്കുന്‌പോഴാണ് സര്‍ക്കാര്‍ വൈദ്യുതി വകുപ്പിന് തുക വകമാറ്റിയ വിവരം പുറത്തുവന്നിരിക്കുന്നത്. തുടര്‍ച്ചയായ ദുരന്തങ്ങള്‍ വേട്ടയാടുമ്പോഴും പുനരധിവാസത്തിനായി ചിലവാക്കേണ്ട തുക വകമാറ്റി ചിലവഴിക്കാന്‍ യാതൊരു മടിയുമില്ലെന്നകാര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Discussion about this post