ഇരിട്ടി (കണ്ണൂര്‍): ‘ലോക മാതൃകയും ഭാരതത്തിലെ നമ്പര്‍ വണ്ണുമായ’ കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍കടവ് മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യന്‍ (71) ആണ് വാടകവീട്ടുപറമ്പിലെ മരക്കൊമ്പില്‍ ജീവനൊടുക്കിയത്.
ആലപ്പുഴ തകഴിയിലെ പ്രസാദിന്റെ ആത്മഹത്യയുണ്ടാക്കിയ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു കര്‍ഷകന്‍ കൂടി സര്‍ക്കാര്‍ അവഗണയില്‍ മനംനൊന്ത് മരണം വരിച്ചത്. വാര്‍ധക്യകാല പെന്‍ഷന്‍ മുടങ്ങിയതാണ് കാരണം. ഭാര്യ: കനകമ്മ. മക്കള്‍: സൗമ്യ, ജ്യോതി. മരുമക്കള്‍: ഷാജി, രാജേഷ്.
കാട്ടാന ശല്യം രൂക്ഷമായതോടെ രണ്ടേക്കര്‍ സ്ഥലവും അധ്വാനിച്ചുണ്ടാക്കിയ വീടും കൃഷിയിടവും ഉപേക്ഷിച്ച് വാടകവീട്ടിലേക്കു താമസം മാറിയ കര്‍ഷകന്‍ ജീവിത പ്രാരബ്ധങ്ങള്‍ മൂലമാണ് ജീവനൊടുക്കിയത്. സുബ്രഹ്മണ്യനും ഭാര്യയും രണ്ടര വര്‍ഷമായി നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടിലായിരുന്നു താമസം.
വീട്ടുടമ തെക്കേല്‍ സജി വാടക വാങ്ങാതെയാണ് ഇവരെ താമസിപ്പിച്ചത്. അറ്റകുറ്റപ്പണിക്ക് വീടുമാറേണ്ടി വരുമെന്ന് സജി സൂചിപ്പിച്ചിരുന്നു. നാട്ടുകാര്‍ മറ്റൊരു വീട് ഏര്‍പ്പാടാക്കുന്നതിനിടെ ഭാര്യ കനകമ്മ തൊഴിലുറപ്പു ജോലിക്കു പോയപ്പോഴാണ് സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്തത്. സ്വന്തം വീടില്ലാത്തതിനാല്‍ പ്രദേശവാസിയായ ഇല്ലിക്കക്കുന്നേല്‍ സിനുവിന്റെ വീട്ടുമുറ്റത്ത് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു.
ലൈഫ് പദ്ധതിയിലും അവഗണന
പതിമൂന്നു വര്‍ഷമായി സുബ്രഹ്മണ്യന്‍ കാന്‍സര്‍ ബാധിതനാണ്. രണ്ടു പെണ്‍മക്കള്‍ വിവാഹിതരായി ഭര്‍ത്താക്കന്മാരുടെ വീടുകളില്‍. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ആകെയുള്ള വരുമാനം വാര്‍ധക്യകാല പെന്‍ഷനും ഭാര്യയുടെ തൊഴിലുറപ്പു ജോലിയില്‍ നിന്നുള്ളതും മാത്രം. മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. തുടര്‍ ചികിത്സയ്‌ക്കായി വലിയ തുക വേണം. ഇതുമൂലം നാലു ലക്ഷം രൂപയോളം കടമുണ്ട്. കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നല്കാനും എപിഎല്‍ കാര്‍ഡ് ബിപിഎല്ലാക്കി മാറ്റാനും ജില്ലാ കളക്ടര്‍ക്കും മറ്റും പരാതി കൊടുത്തിരുന്നെങ്കിലും നടപടിയുണ്ടായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മുണ്ടയാംപറമ്പ് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പിആര്‍എസ് വായ്പക്കെണിയില്‍പ്പെട്ട കുട്ടനാട്ടിലെ കര്‍ഷകന്‍ കഴിഞ്ഞ 11ന് ആത്മഹത്യ ചെയ്തിരുന്നു. ‘ഞാന്‍ പരാജയപ്പെട്ടു പോയി, ഉത്തരവാദി സര്‍ക്കാര്‍’ എന്ന് എഴുതിവച്ചായിരുന്നു തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കര്‍ഷകന്‍ കെ.ജി. പ്രസാദ് ജീവനൊടുക്കിയത്.
Discussion about this post