കൊട്ടാരക്കര: ദളിതരും പിന്നാക്കക്കാരുമായ കർഷകരോട് സിപിഎമ്മിന് അയിത്തമാണന്ന് ഭാരതീയ കിസാൻ സംഘ് സംസ്ഥാന അധ്യക്ഷൻ ഡോ.അനിൽ വൈദ്യമംഗലം. കൊട്ടാരക്കരയിൽ അവകാശ പ്രഖ്യാപന റാലിയുടെ സ്വാഗത സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട പ്രസാദിനെ സർക്കാർ കൊന്നതാണ്. നൽകിയ നെല്ലിന് വില നൽകാതെ പിആർഎസ് വായ്പ നൽകി വഞ്ചിച്ചു. ഗത്യന്തരമില്ലാതെയാണ് അദ്ദേഹം ജീവനൊടുക്കിയത്. പ്രസാദിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കർഷകർ ജീവനൊടുക്കുമ്പോൾ സർക്കാർ ചെലവിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും ഉല്ലാസയാത്ര നടത്തുന്നു.കേരളത്തിലെ കർഷകരുടെ പേരിൽ വീമ്പു പറയുന്ന ഇടതു സർക്കാർ അവരെ വഞ്ചിച്ചവരാണ്. മുണ്ടുമുറുക്കിയുടുത്ത് അവർ പടുത്തുയർത്തിയ സഹകരണ സംഘങ്ങൾ തട്ടിപ്പ് കേന്ദ്രങ്ങളാക്കി. കേരളത്തിലെ അവശേഷിക്കുന്ന കർഷകർക്ക് ലഭിക്കുന്ന കേന്ദ്ര സഹായങ്ങൾ കൂടി വക മാറ്റി ചെലലഴിക്കുകയാണ്.
കാർഷിക മേഖലയ്ക്ക് കൂടി താങ്ങാകേണ്ടുന്ന തൊഴിലുറപ്പ് പദ്ധതി പകൽകൊള്ളയ്ക്കും പാർട്ടി പരിപാടികൾക്കും ഉപയോഗിക്കുന്നു.
ഇതിനെതിരെ വൻ ജനകീയ ബദലുയർത്താൻ കിസാൻ സംഘ് മുന്നിലുണ്ടാകും. ഇതിന്റെ മുന്നോടിയാണ് ഡിസംബർ പതിനഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന കർഷക അവകാശ പ്രഖ്യാപന റാലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് പി.സദാശിവൻ പിള്ള അധ്യക്ഷനായിരുന്നു. ജില്ലാ സംയോജകൻ ആർ.ബാബുക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്.സജീഷ് കുമാർ, ജില്ലാ സെക്രട്ടറി വയലാ അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post