അയോധ്യ: ശ്രീരാമജന്മഭൂമി പരിസരത്തെ ചരിത്രപ്രസിദ്ധമായ കുബേര്‍തില കുന്നിന്‍ മുകളില്‍ ജടായുവിന്റെ വെങ്കല വിഗ്രഹം സ്ഥാപിച്ചു. ഭഗവാന്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുബേര്‍തിലയിലെത്തി ജടായുവിന് പ്രണാമങ്ങള്‍ അര്‍പ്പിക്കും. കുബേര്‍തിലയിലെ ജടായുവിഗ്രഹം രാമക്ഷേത്രത്തിനായ നടന്ന സുദീര്‍ഘമായ പോരാട്ടത്തിന്റെ ഓര്‍മ്മകളുടെ അടയാളം കൂടിയാണെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവഗിരി പറഞ്ഞു.
1857ലെ ആദ്യ സംഘടിത സായുധ സ്വാതന്ത്യസമരത്തില്‍ ധീരമായി പോരാടിയ അയോധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്ര പൂജാരി ബാബ റാം ശരണ്‍ദാസിനെയും ഫൈസാബാദിലെ പുരോഹിതന്‍ മൗലവി അമീര്‍ അലിയെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയത് കുബേര്‍തിലയിലാണ്. അവരുടെ ഓര്‍മ്മകള്‍ക്കും ജടായുശില്പം അടയാളമാകും. രാമമന്ദിരം രാഷ്ട്രമന്ദിരമാണെന്നും രാമന് വേണ്ടിയും രാഷ്ട്രത്തിനു വേണ്ടിയും നടന്ന എല്ലാ പോരാട്ടങ്ങളും സമാന അര്‍ത്ഥത്തില്‍ ശ്രദ്ധേയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ത്രേതായുഗത്തില്‍ ശ്രീരാമനോടും സീതയോടും ഭക്തിയില്‍ ജടായു സ്വജീവന്‍ ബലിയര്‍പ്പിച്ചു. രാമക്ഷേത്രത്തിനായി ആയിരക്കണക്കിനാളുകള്‍ ഇതേ സമര്‍പ്പണഭാവത്തോടെയാണ് ത്യാഗങ്ങള്‍ സഹിച്ചത്, അദ്ദേഹം പറഞ്ഞു.
കുബേര്‍ തിലയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ട് അഞ്ചടി ഉയരമുള്ള കുന്ന് സൃഷ്ടിച്ച് അതിന് മുകളിലായാണ് ജടായുവിനെ പ്രതിഷ്ഠിച്ചത്. കുബേര്‍ തിലയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രവും ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രാണപ്രതിഷ്ഠയുടെ ഭാഗമായി നവീകരിക്കുന്നുണ്ടെന്ന് ട്രസ്റ്റ് അംഗം അനില്‍ മിശ്ര പറഞ്ഞു.
Discussion about this post