കൊച്ചി: കേരളത്തില്‍ ലീഗും സമസ്തയും കണ്ണുരുട്ടിയാല്‍ വിരണ്ടുപോകുന്ന കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ തുടര്‍ച്ചയായി അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അയോദ്ധ്യയില്‍ കോടിക്കണക്കിന് ശ്രീരാമഭക്തരുടെ വികാരത്തെ അടച്ചാക്ഷേപിക്കുന്ന നിലപാടാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും എസ്എന്‍ഡിപിയുടെയും നിലപാടിനെപ്പോലും അവര്‍ തള്ളിക്കളഞ്ഞു.
സനാതന ധര്‍മ്മത്തെ ഇത്രയേറെ അപമാനിക്കുന്ന സംസ്ഥാന രാഷ്‌ട്രീയം വേറെയില്ലെന്നും വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഭാസ്‌ക്കര്‍ റാവു സ്മാരക സമിതി എറണാകുളം എളമക്കര ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌ക്കര്‍ റാവു അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളം ഇന്ന് അന്താരാഷ്‌ട്ര തീവ്രവാദികളുടെ ഒളിത്താവളമായി മാറിയെന്ന് മുരളീധരന്‍ പറഞ്ഞു. ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിയ തീവ്രവാദിക്ക് സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ 13 വര്‍ഷം കേരളത്തില്‍ ഒളിവില്‍ കഴിയാന്‍ സാധിച്ചു. ഈ അപകടം അന്നേ തിരിച്ചറിഞ്ഞ് ദശാബ്ദങ്ങളോളം പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് ഭാസ്‌കര്‍ റാവുവിനെപ്പോലുള്ള ആര്‍എസ്എസ് നേതാക്കളെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുക്കള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ട് പോകുമായിരുന്ന കാലത്ത് അവരിലെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഭാസ്‌കര്‍ റാവുജി നടത്തിയതെന്നും കേന്ദ്രമന്ത്രി അനുസ്മരിച്ചു. അന്നത്തെ സംഘ നേതാക്കളുടെ ആശയങ്ങള്‍ അംഗീകരിക്കാന്‍ കേരളത്തിലെ ഹിന്ദുസമൂഹം തയാറായിരുന്നെങ്കില്‍ ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനാവാതെ മാലയഴിച്ച് മടങ്ങിപ്പോവേണ്ട ഗതികേട് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസും പിഎഫ്‌ഐയും ഒരുപോലെയാണെന്ന വാദങ്ങള്‍ ഉന്നയിക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം കേരളത്തിലെ ഹിന്ദു ഐക്യം തടയലാണെന്നും വി. മുരളീധരന്‍ പറഞ്ഞു.
ഗുണങ്ങളുടെ നിറകുടമായിരുന്നു ഭാസ്‌ക്കര്‍ റാവുജിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍ പറഞ്ഞു. കേരളത്തിലെ വിപരീത സാഹചര്യത്തിലായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനം. പ്രതിസന്ധികളെ അദ്ദേഹം സധൈര്യം നേരിട്ടു, പ്രാന്തപ്രചാരക് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഐഎസ്ആര്‍ഒ മുന്‍ പ്രോഗ്രാം ഡയറക്ടര്‍ എന്‍. ശ്യാംമോഹന്‍ അധ്യക്ഷനായി. കെ.ജി വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.
Discussion about this post