ദിബ്രുഗഡ്(ആസാം): പ്രപഞ്ചജീവിതത്തിന്റെ ആദിമധ്യാന്തങ്ങളില്‍ ആനന്ദം നിറയ്ക്കുന്ന ധര്‍മ്മവീക്ഷണത്തിലേക്കാണ് ലോകത്തിന്റെ പ്രയാണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭൗതികവാദത്തില്‍ അധിഷ്ഠിതമായ ഇസങ്ങളോടും സിദ്ധാന്തങ്ങളോടും ലോകരാജ്യങ്ങള്‍ വിട പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആസാമിലെ ദിബ്രുഗഡില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ (ഐസിസിഎസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എല്‍ഡേഴ്‌സ് ഓഫ് ഏന്‍ഷ്യന്റ് കള്‍ച്ചര്‍ ആന്‍ഡ് ട്രഡീഷന്‍സിന്റെ എട്ടാമത് ത്രിവത്സര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. മോഹന്‍ ഭാഗവത്.
പുരാതനപാരമ്പര്യങ്ങളും അറിവും ലോകത്തിന് ആവശ്യമാണ്. രണ്ടായിരം വര്‍ഷത്തെ പുരോഗതിയും ഭൗതിക സമൃദ്ധിയും ഉണ്ടായിരുന്നിട്ടും, ലോകം സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കുകയാണ്. അകത്തും പുറത്തും സമാധാനമില്ല. കുട്ടികള്‍ സ്‌കൂളുകളില്‍ തോക്കുമായി പോകുന്നു. ആളുകളെ കൊല്ലുന്നു. അസൂയയും അഹങ്കാരവുമാണ് രാഷ്ട്രങ്ങളെ പോലും നയിക്കുന്നത്. ഞങ്ങളും അവരും, നമ്മുടേതും അവരുടേതും എന്നിങ്ങനെ അവകാശവാദങ്ങള്‍ കൊണ്ട് പരസ്പരം യുദ്ധം ചെയ്യുന്നു. ഇത്തരം സ്വാര്‍ത്ഥതയ്ക്ക് അപ്പുറത്തേക്ക് കടന്ന് മനുഷ്യത്വത്തെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഒടുവില്‍ മറ്റൊരു വിഭാഗമായി മാറി മത്സരത്തിന്റെ ഭാഗമാകുന്നു. നേതാക്കളും ചിന്തകരും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പ്രസംഗിക്കും. ചര്‍ച്ചകള്‍ നടത്തും, പക്ഷേ മാറ്റങ്ങള്‍ മാത്രം അകലെയാണ്. ഈ പ്രതിസന്ധികളില്‍ നിന്ന് കര കയറാന്‍ കാലത്തെ അതിജീവിച്ച പാരമ്പര്യങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് കഴിയും, ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
സമൂഹത്തെ പരിഗണിക്കാത്ത ‘വ്യക്തിവാദം’ മുതല്‍ വ്യക്തിയുടെ ആനന്ദത്തെയും സമാധാനത്തെയും പരിഗണിക്കാത്ത കമ്മ്യൂണിസം വരെ എല്ലാ സിദ്ധാന്തങ്ങളും ഭൗതികസമൃദ്ധിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. മതങ്ങള്‍ രൂപപ്പെട്ടത് പരിഹാരങ്ങള്‍ കണ്ടെത്താനാണ്. എന്നാല്‍ പരമാവധി ആളുകള്‍ക്ക് പരമാവധി നന്മ എന്നതിലേക്ക് മാത്രം എത്താനേ മതങ്ങള്‍ക്ക് സാധിച്ചുള്ളൂ. സര്‍വര്‍ക്കും നന്മ, സമഗ്രമായ നന്മ എന്ന ലക്ഷ്യത്തിലേക്ക്, സര്‍വേ സുഖിനഃ സന്തു എന്ന ദര്‍ശനത്തിലേക്ക് എത്താന്‍ അവയ്‌ക്കൊന്നിനും കഴിഞ്ഞില്ല. ആരാണ് മെച്ചമെന്ന് തെളിയിക്കാനുള്ള മത്സരത്തിലായിരുന്നു എല്ലാവരും. സ്വാഭാവികമായും, ശക്തന്‍ വിജയിച്ചു. അതേസമയം, ഭാരതീയര്‍ ധര്‍മ്മം എന്ന് വിളിക്കുന്ന ആത്മീയ ഏകത്വത്തിന്റെ അടിസ്ഥാനവശം ലോകമെമ്പാടുമുള്ള പുരാതന പാരമ്പര്യങ്ങള്‍ക്ക് അറിയാമായിരുന്നു. ധര്‍മ്മം ആദിയിലും മധ്യത്തിലും അവസാനത്തിലും ആനന്ദം പകരുന്നതാണ്. എല്ലാവരും ഒന്നല്ല, എല്ലാം ഒന്നാണ്’ എന്ന് ഈ പുരാതന സംസ്‌കാരങ്ങള്‍ തിരിച്ചറിഞ്ഞു. നമുക്ക് വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളും ഉണ്ടാകാം, ഈ വൈവിധ്യം നിഷേധാത്മകമല്ല; അതിനെ ആദരിക്കേണ്ടതുണ്ട്, കാരണം അത് വ്യത്യസ്ത രൂപങ്ങളിലെ ഏകത്വത്തിന്റെ പ്രകടനമാണ്. സന്തോഷം പുറത്തല്ല, ഉള്ളിലാണ് എന്ന അറിവാണ് ധര്‍മ്മം പകരുന്നത്, സര്‍സംഘചാലക് പറഞ്ഞു.1951ലെ യുഎന്‍ പ്രമേയം, ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതി എന്ന ഒരു ലക്ഷ്യത്തിനായി പുരാതന തത്ത്വചിന്തകളെ ഇല്ലാതാക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ 2013ല്‍, ആഗോള വികസനത്തിന് സംസ്‌കാരങ്ങളുടെ സംയോജനം ആവശ്യമാണെന്ന് യുഎന്നിന് സമ്മതിക്കേണ്ടി വന്നു. നമ്മുടെ സമയം വന്നിരിക്കുന്നു. നാം വളരെ ചെറുതാണെന്നും ലോകത്തെ മാറ്റാന്‍ കഴിയില്ലെന്നും പുരാതന സംസ്‌കാരങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ സമാധാനത്തിന്റെ യുഗം പ്രദാനം ചെയ്യാന്‍ നമുക്ക് മാത്രമേ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത്തിമൂന്ന് പുരാതന പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച് അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. നൂറിലേറെ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി എന്നിവര്‍ സംസാരിച്ചു.
Discussion about this post