നെടുമങ്ങാട്: സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നീതി തേടി എബിവിപി ‘ചലോ സെക്രട്ടേറിയറ്റ്’ ലോങ്മാര്‍ച്ച് നടത്തി. സിദ്ധാര്‍ത്ഥന്റെ വീട്ടില്‍നിന്ന് ആരംഭിച്ച് മാര്‍ച്ചിന് തുടക്കം കുറിച്ച് ഇന്നലെ രാവിലെ 9ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജിന് ദീപശിഖ കൈമാറുമ്പോള്‍ അച്ഛന്‍ ജയപ്രകാശ് പൊട്ടിക്കരഞ്ഞു. സിദ്ധാര്‍ത്ഥിന്റെ അമ്മയുടെയും അച്ഛന്റെയും തോരാത്ത കണ്ണീരിന് അറുതിവരുത്താന്‍ ഈ ദീപത്തിന് കഴിയുമെന്ന് ശ്രാവണ്‍ ബി. രാജ് പറഞ്ഞു. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതുവരെയും നീതിലഭിക്കുന്നതുവരെയും എബിവിപി നേതൃത്വം സമരമുഖത്തുണ്ടാകുമെന്നും ശ്രാവണ്‍ പറഞ്ഞു.
ദീപശിഖയേറ്റുവാങ്ങി സംസ്ഥാന സെക്രട്ടറി യു. ഈശ്വര്‍ പ്രസാദ് ലോങ്മാര്‍ച്ച് നയിച്ചു. രാത്രി ഏഴ് മണിയോടെ മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിച്ചു. സിദ്ധാര്‍ത്ഥന്റെ ഛായാചിത്രത്തിനു മുന്നില്‍ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തകര്‍ മണ്‍ചിരാതുകള്‍ തെളിച്ചു.
കേരളത്തിലെ കാമ്പസുകളില്‍ ഇടത് അനുകൂല അദ്ധ്യാപകരുടെയും എസ്എഫ്‌ഐയുടെയും ഭീകരതവാഴ്ച തുടച്ചു നീക്കുമെന്ന് സമാപനപരിപാടിയില്‍ സംസാരിച്ച ദേശീയ പ്രവര്‍ത്തക സമിതിയംഗം എന്‍സിടി ശ്രീഹരി പറഞ്ഞു. സെക്രട്ടേറിയറ്റില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാത്രമകലെയുള്ള സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെയും സമയം കിട്ടിയില്ലെന്ന് ശ്രീഹരി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വൈശാഖ് സദാശിവന്‍, ജോയിന്റ് സെക്രട്ടറിമാരായ കല്യാണി ചന്ദ്രന്‍, അമല്‍ മനോജ്, അഭിനവ് തൂണേരി, അക്ഷയ്, സന്ദീപ്, ശശിധരന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. കേസ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്
Discussion about this post