രാജേഷ് കൊല്ലംകോട്
ഇപ്പോഴത്തെ നാട്ടിലെ ചർച്ചാവിഷയം കറുപ്പ് ആണല്ലോ. കറുപ്പ് എന്നത് സൗന്ദര്യത്തിന്റെ അവസാന വാക്ക് ആണ് എന്ന് സമൂഹത്തിൽ അടിയുറച്ച് വീണ്ടും വീണ്ടും പറയുന്നത് ആരാണ്? അത് വേറെയാരുമല്ല, മാധ്യമങ്ങളാണ്…… പത്രമാധ്യമങ്ങളാണ്, സിനിമകളാണ്, പരസ്യങ്ങളാണ്! മാധ്യമങ്ങളിലെ പരസ്യങ്ങൾ കറുപ്പിനെക്കുറിച്ചുതന്നെ വീണ്ടും വീണ്ടും നമ്മളെ ഓർമിപ്പിക്കുന്നു. കറുപ്പായിരുന്നാൽ
ആരും നോക്കില്ല എന്നതിനെ എടുത്തുകാണിച്ച്, പ്രതിനിധീകരിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും, കറുപ്പായതുകൊണ്ട് മാത്രം ജോലിയിൽ സെലക്ഷൻ കിട്ടാതെ മാനസികമായി വിഷമിച്ചിരിക്കുന്ന പെൺകുട്ടിയും അവസാനം എന്തൊക്കെയോ വാരിത്തേച്ച് വെളുപ്പിച്ച് വീണ്ടും ഇൻറർവ്യൂവിൽ അറ്റൻഡ് ചെയ്തു ജോലി നേടുന്നു. ഇങ്ങനെ ആ പെൺകുട്ടിയുടെ ആത്മവിശ്വാസം തൊലി വെളുപ്പാണ് എന്ന് കാണിക്കുന്ന പരസ്യങ്ങളുംമറ്റും ആരാണ് ഈ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങളിൽ വരുന്ന ഏകദേശം എല്ലാ പരസ്യങ്ങളും സൗന്ദര്യവർദ്ധക ഉല്പന്നങ്ങളാണ്. അതിൽ ഏകദേശം എല്ലാ പരസ്യങ്ങളും സൗന്ദര്യബോധം ഉണ്ടാക്കുന്ന, അതായത് സമൂഹത്തിൽ സൗന്ദര്യമില്ലെങ്കില്‍ ഒന്നുമല്ല എന്ന് വീണ്ടും വീണ്ടും പറയുന്ന തരത്തിൽ ഉള്ള പരസ്യങ്ങളാണ്. അതായത് കറുപ്പ് വെളുപ്പ് വർണ്ണത്തെക്കുറിച്ച് മാത്രം ഉള്ള പ്രോഡക്ടുകൾക്കാണ് ഏറെയും പരസ്യങ്ങൾ. അത്തരത്തിലുള്ള സ്റ്റീരിയോ ടൈപ്പ് ബിംബങ്ങൾ സമൂഹത്തിൽ ഏറ്റവും കൂടുതൽ കാണിക്കുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങളിൽ വാർത്ത വായിക്കുന്നവര്‍, അതേപോലെ റിയാലിറ്റി ഷോകളിലെ അവതാരകര്‍ തുടങ്ങിയവര്‍ ഇത്തരത്തിലുള്ള സൗന്ദര്യബോധത്തെ വീണ്ടും വീണ്ടും നമുക്ക് മുന്നിൽ കാണിക്കുന്നു. അവരും ഈ രീതിയിൽ സൗന്ദര്യമുള്ള അവതാരകയെയും അവതാരകനെയും മാത്രമേ സെലക്ട് ചെയ്യുന്നുള്ളൂ. നമ്മുടെ സിനിമയുടെ ലോകമെടുത്താലും അവിടെയും നായിക നായക സങ്കല്പങ്ങൾ, പ്രത്യേകിച്ച് മലയാള സിനിമകളിൽ പ്രാധാന്യം കൊടുക്കുന്നത് സൗന്ദര്യത്തിനും വെളുത്ത ചർമ്മത്തിനും മാത്രമാണ്. പിന്നെ എന്തിനാണ് ഈ മാധ്യമങ്ങൾ ഇതിനു പുറകെ ഇത്രയും രൂക്ഷമായി പ്രതികരിച്ചു കൊണ്ട് നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
കലാമണ്ഡലത്തിലെ അധ്യാപികയെ ഞാൻ ഒരിക്കലും പിന്തുണയ്ക്കുന്നില്ല, പക്ഷേ, അവർ തുറന്നു പറഞ്ഞതാണല്ലോ നമ്മുടെ മാധ്യമങ്ങളും നമുക്ക് മുന്നിൽ പ്രതിനിധീകരിക്കുന്നത്. അതുപോലെതന്നെ സമൂഹവും. സമൂഹം മുന്നോട്ടുവയ്ക്കുന്ന ഓരോ കാഴ്ചപ്പാടിലും ഈ കറുപ്പ് എന്ന് പറയുന്ന വർണ്ണവ്യത്യാസം നിലനിൽക്കുന്നു. വരനുവേണ്ടി വധുവിനെ തേടി പോകുമ്പോഴും വരന്റെ വീട്ടുകാരും തേടുന്നത് തൊലിപ്പുറത്തെ വർണ്ണം തന്നെയാണ്. അന്നത്തെ ആ വീട്ടിലെ ചർച്ചാവിഷയവും ഇതുതന്നെയാണ്. കല്യാണവീട്ടിലെ കല്യാണം കൂടിയിട്ട് സ്ത്രീകളും നാട്ടുകാരും ചർച്ച ചെയ്യുന്നതും ഈ വർണ്ണം തന്നെയാണ്. ഇത്തരം വർണ്ണനകള്‍ ഇന്നും എന്റെ ചെവികളിൽ കേൾക്കാം. പ്രത്യേകിച്ചും നാട്ടിൻപുറങ്ങളിൽ ഇന്നും ആ രീതിയിലുള്ള സംസാരങ്ങൾ ഉണ്ട്..
പല പല സ്ഥാപനങ്ങളിലും, പ്രത്യേകിച്ചും ജ്വല്ലറികൾ, ടെക്സ്റ്റൈല്‍സ്, വാഹന ഷോറൂമുകളിലെ റിസപ്ഷനിസ്റ്റുകൾ എന്നിവര്‍ക്കിടയിലും ഈ വർണ്ണവിവേചനം കാണാൻ സാധിക്കും. എന്തിനു പറയുന്നു ചില ആശുപത്രികളിൽ നിങ്ങൾ ചെന്ന് കയറുമ്പോൾ കാണുന്ന റിസപ്ഷൻ നോക്കുക. അവിടെയും നിങ്ങൾക്ക് ഈ വർണ്ണവ്യത്യാസം കാണാൻ സാധിക്കും. ആശുപത്രിയിൽ വരുന്ന രോഗികളെ വരവേൽക്കാൻ എന്തിനാണ് വർണ്ണമേധാവിത്വം? ഇത്രയും തൊലി അഴകിനു പ്രാധാന്യം കൊടുക്കുന്നത് എന്തിനുവേണ്ടിയാണെന്ന് ചിന്തിക്കേണ്ടതായിട്ടുണ്ട്.
ഒരു കലാകാരന് അവന്റെ കഴിവാണ്, അഴക്. അല്ലാതെ തൊലിപ്പുറമോ തൊലിയുടെ വർണ്ണമോ ഒന്നുമല്ല അവിടെ കഴിവാണ് ആവശ്യം, ക്രിയേറ്റിവിറ്റി ആണ് ആവശ്യം. അങ്ങനെ കലയെ വർണ്ണത്തിന്റെ പേരിൽ, ജാതിയുടെയോ മതത്തിന്റെയോ പേരിലോ വേർതിരിച്ചു കാണുന്നത് അംഗീകരിക്കാൻ ആകുന്ന ഒന്നല്ല. പക്ഷേ, ഇവിടെ ചിന്തിക്കേണ്ടത്, നമ്മുടെ സമൂഹത്തില്‍ ഇത്തരം ബോധ്യങ്ങളുള്ള പല സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും ബിസിനസ് മാഗ്നെറ്റുകളും സിനിമാക്കാരും പത്രക്കാരും ഉണ്ട് എന്നുള്ളതാണ്. അങ്ങനെ കൂടെ നമ്മൾ ചിന്തിക്കേണ്ടതായിട്ടുണ്ട്.
എൻറെ ഒരു അനുഭവം ഞാൻ ഇവിടെ കൂടെ ചേർക്കാൻ ആഗ്രഹിക്കുന്നു. മാധ്യമങ്ങള്‍ എപ്പോഴും സൗന്ദര്യത്തിന് പുറകെയാണ് എന്നുള്ളതിന് ഒരുദാഹരണമാണ് എൻറെ ഈ അനുഭവം. ഒരു യൂണിവേഴ്സിറ്റിയിലെ കോൺവെക്കേഷൻ ദിവസം ഒരു സ്റ്റുഡൻറ് വീൽചെയറിൽ വന്ന് ഗവർണറുടെ കയ്യിൽ നിന്നും ഡോക്ടറേറ്റ് സ്വീകരിക്കുകയുണ്ടായി. തീർച്ചയായിട്ടും, അടുത്ത ദിവസം പത്രങ്ങളിൽ ആ ഫോട്ടോ ആയിരിക്കണം വരേണ്ടത്. പക്ഷേ, അടുത്ത ദിവസത്തെ ഏകദേശം പത്രങ്ങളിലും വന്ന ഫോട്ടോഗ്രാഫ് കോൺവെക്കേഷൻ ഏറ്റുവാങ്ങിയ കൂട്ടത്തിൽ ഏറ്റവും നല്ല ഭംഗിയുള്ള കുട്ടിയുടെ ഫോട്ടോ ആയിരുന്നു. അത്തരത്തിലൊന്ന് ആ വർഷം മാത്രമായിരുന്നില്ല എല്ലാ വർഷവും ആവർത്തിക്കുന്നു. പത്രമാധ്യമങ്ങളും തേടുന്നത് ഈ സൗന്ദര്യ ബിംബത്തെയാണ്.
വർണ്ണം അല്ലെങ്കിൽ നമ്മുടെ ചർമ്മത്തിന്റെ കളര്‍ എന്നു പറയുന്നത് ഒരു വൻ ബിസിനസ് മേഖലയാണ്, പണമൊഴുകുന്ന സ്രോതസ്സാണ്. പല സൗന്ദര്യവർദ്ധക ഉല്പന്നങ്ങളുടെയും ഒരു പ്രധാന ഭാഗമാണ് നമ്മുടെ തൊലി അല്ലെങ്കിൽ അതിന്റെ നിറം. അതിൻറെ പുറകെയാണ് എല്ലാവരും! പ്രത്യേകിച്ച് ഭൂരിപക്ഷം യുവതികളും യുവാക്കന്മാരും അതിനെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടുന്നവരാണ്. പലതരത്തിലുള്ള വിവേചനങ്ങൾക്കെതിരെ പൊരുതേണ്ടത് മാധ്യമധര്‍മ്മം തന്നെയാണ്. എന്നാല്‍ അത് വളരെ സത്യസന്ധവും സുതാര്യവുമായിരിക്കണം. സ്ത്രീധന നിരോധന നിയമം ചർച്ച ചെയ്യുമ്പോഴും സ്ത്രീധനത്തിന്റെ പേരിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് വേണ്ടി ചർച്ച നടക്കുമ്പോഴും ആ വാർത്തകൾക്കിടയിൽ വന്നിരുന്ന പരസ്യം എനിക്ക് ഇപ്പോഴും ഓർമ്മയിലുണ്ട്. ശരീരം മൊത്തം സ്വർണ്ണമണിഞ്ഞ് നിൽക്കുന്ന വധുവിന്റെ പരസ്യമായിരുന്നു അത്. ഒരു മുൻനിര ജ്വല്ലറിയുടെ പരസ്യം! അതിങ്ങനെ എല്ലായ്പ്പോഴും ആ വാർത്തകൾക്കിടയിൽ വന്നു പോകാറുണ്ട്. ബോഡി ഷേമിങ്ങിനെക്കുറിച്ചും, ബോഡി ഇമേജിനെക്കുറിച്ചും ബോഡി പൊളിറ്റിക്സിനെക്കുറിച്ചും നമ്മൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ചർച്ച ചെയ്യുമ്പോഴും നാം അറിഞ്ഞോ അറിയാതെയോ നമ്മെ വലയം ചെയ്തിരിക്കുന്ന ഇത്തരത്തിലുള്ള സൗന്ദര്യബോധത്തിൽ ആകൃഷ്ടരാണോ എന്ന് സ്വയം വിലയിരുത്തേണ്ടതാണ്.
Discussion about this post