ഭോപാല്‍: ഭാരതത്തിന്റെ വികസനസങ്കല്പം അധികാരത്തെയോ സാമ്പത്തികസ്രോതസുകളെയോ ആധാരമാക്കിയല്ല മാനവികതയെ മാനദണ്ഡമാക്കിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മധ്യപ്രദേശിലെ ബംഖേഡിയില്‍ നര്‍മ്മദാഞ്ചല്‍ സുമംഗള സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തിന്റെ വികാസമാണ് മനുഷ്യന്റെ വികാസം. അതുണ്ടായില്ലെങ്കില്‍ ചുറ്റുപാടുകള്‍ എത്ര വികസിച്ചിട്ടും കാര്യമില്ല, സര്‍സംഘചാലക് പറഞ്ഞു.
കൃഷി നമ്മുടെ പാരമ്പര്യമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് കൃഷി നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഭൂമി തരിശാകാത്തത്. എന്നാല്‍ ഇന്നത്തെ വ്യവസ്ഥിതി പല രാജ്യങ്ങളിലും കൃഷിയെ തകര്‍ത്തു. ഒരു വ്യക്തി സുഖം കണ്ടെത്തുന്നത് കുടുംബത്തിന്റെ സുഖത്തില്‍ നിന്നുമാണ്. കുടുംബത്തിന്റെ സുഖമാഖട്ടെ ഗ്രാമത്തിന്റെ സുഖത്തില്‍ നിന്നും ഗ്രാമം ജനപദത്തിന്റെ സുഖത്തില്‍ നിന്നും സന്തോഷമാര്‍ജിക്കുന്നു. ഇവയുടെയെല്ലാം ആകെത്തുകയാണ് രാഷ്ട്രത്തിന്റെ സന്തോഷം.
വികസനത്തെ സംബന്ധിച്ച ഈ ഭാരതീയ കാഴ്ചപ്പാട് എല്ലാവരും ഉള്‍ക്കൊള്ളണം. സമൂഹത്തെ ഭാവാത്മകമായി മുന്നോട്ടുനയിക്കേണ്ട ഉത്തരവാദിത്തം ഓരോര്‍ത്തര്‍ക്കും ഉണ്ടെന്ന് ഓര്‍ക്കണം.
ഗ്രാമവികാസത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഓരോ പൗരനും വ്യാപൃതനാകണം. നദിയോടും മരങ്ങളോടും സംവദിക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള നിരവധി സംഘടനകള്‍ സമാജത്തിലുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളെ ആദരിക്കണം, സര്‍സംഘചാലക് പറഞ്ഞു.
ഭാവുസാഹേബ് ഭുസ്‌കുടെ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമവികാസ്, പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തകരില്‍ നിന്ന് തെരഞ്ഞെടുത്ത നൂറ് പേര്‍ പങ്കെടുത്തു.
സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, സ്വയംതൊഴില്‍, ജൈവകൃഷി, പരിസ്ഥിതി, ഗോസേവ തുടങ്ങിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭുസ്‌കുടെ ട്രസ്റ്റ് നേതൃത്വം നല്കുന്ന ‘മേരാ ഗാവ് മേരാ തീര്‍ഥ്’ പദ്ധതിയെക്കുറിച്ചും പരിപാടിയില്‍ വിശദികരിച്ചു. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷിയും പങ്കെടുത്തു.
Discussion about this post