പിറവം(കൊച്ചി): സ്വാമി ചിന്മയാനന്ദയുടെ നൂറ്റിയെട്ടാം ജയന്തിയും അതേത്തുടര്‍ന്ന് വരുന്ന ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യസ്വാമികളുടെ ജയന്തിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗോള ചിന്മയമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന്റെ വിളംബരം കുറിച്ചുള്ള രഥയാത്രയ്ക്ക് തുടക്കമായി. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് രഥയാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. ജഗദ്ഗരു ആദി ശങ്കരാചര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന എറണാകുളം വെളിയനാട് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍നിന്നാണ് യാത്ര തുടങ്ങിയത്. രഥയാത്രയ്ക്ക് തുടക്കം കുറിച്ച് പതാക ഡോ.സി.വി. ആനന്ദബോസ് ചിന്മയ ശങ്കരം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി സുധീര്‍ ചൈതന്യയ്ക്ക് കൈമാറി.
ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവത് ഗീതയാണ് മനസില്‍ നിറയുന്നതെന്ന് ഡോ. സി.വി ആനന്ദബോസ് പറഞ്ഞു. ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം ഭഗവത്ഗീതയിലുണ്ടെന്ന് പറയുന്നത് ശരിയാണെന്ന് ഉദാഹരണ സഹിതം ഗവര്‍ണര്‍ വ്യക്തമാക്കി. ഭഗവത്ഗീത ഒരു ആധ്യാത്മിക ഗ്രന്ഥം മാത്രമല്ല, മികച്ച മാനേജ്‌മെന്റ് ഗ്രന്ഥം കൂടിയാണ്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം എല്ലാവരും സംഭരിക്കണം.
സാംസ്‌കാരിക മേഖലയില്‍ സൂപ്പര്‍ പവര്‍ ആയതോടെ ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ഗവര്‍ണറുടെ പത്‌നി ലക്ഷ്മി ആനന്ദ ബോസ് സന്നിഹിതയായിരുന്നു. ചിന്മയ മിഷന്‍ കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി ചിന്മയ ശങ്കരത്തെക്കുറിച്ച് വിശദീകരിച്ചു.
നൂറ്റിയെട്ട് എന്ന സംഖ്യക്ക് ഹൈന്ദവര്‍ക്കിടയിലുള്ള പവിത്രത കണക്കിലെടുത്താണ് ചിന്മയാനന്ദ സ്വാമിയുടെ 108ാം ജന്മദിനം ഇക്കുറി വിപുലമായി ആചരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിന്മയ മിഷന്‍ എഡ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്, ട്രസ്റ്റി രാജേഷ് വി.പട്ടേല്‍ ഡോ.സി.വി. ആനന്ദബോസിനും സിഎംഇസിറ്റി-ജിസി ട്രസ്റ്റി ഡോ.ലീല രാമമൂര്‍ത്തി ലക്ഷ്മി ആനന്ദബോസിനും ഉപഹാരം സമ്മാനിച്ചു.
ചിന്മയശങ്കരം ജനറല്‍ കണ്‍വീണര്‍ എ.ഗോപാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. ചിന്മയ മിഷന്‍ കേരള ചീഫ് സേവക് സുരേഷ് മോഹന്‍ നന്ദി പറഞ്ഞു. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ എത്തിയ ഗവര്‍ണറെ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മുഖ്യ ആചാര്യന്‍ സ്വാമി ശാരദാനന്ദയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
എറണാകുളം ജില്ലയിലുടനീളം പര്യടനം നടത്തുന്ന യാത്രയ്ക്ക് മെയ് എട്ടിന് ചിന്മയ ശങ്കരത്തിന്റെ പ്രധാനവേദിയായ എറണാകുളത്തപ്പന്‍ മൈതാനിയില്‍ സ്വീകരണം നല്‍കും. മെയ് എട്ടുമുതല്‍ പന്ത്രണ്ട് വരെ എറണാകുളത്തപ്പന്‍ മൈതാനിയിലാണ് ചിന്മയ ശങ്കരം 2024 അരങ്ങേറുന്നത്. ലോകമെമ്പാടുമുള്ള ചിന്മയ മിഷന്‍ സെന്ററുകളുടെ സഹകരണത്തോടെയാണ് അഞ്ചുദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ചിന്മയ മിഷനിലെ ആചാര്യന്മാര്‍ക്കൊപ്പം സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പ്രഭാഷണങ്ങള്‍, ഭഗവത്ഗീത, സൗന്ദര്യലഹരി പാരായണം തുടങ്ങിയവ പരിപാടിയുടെ ഭാഗമാകും. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സുപ്രീംകോടതി അഭിഭാഷകന്‍ സായി ദീപക് തുടങ്ങിയ പ്രമുഖര്‍ ചിന്മയ ശങ്കരത്തിന്റെ വേദിയിലെത്തും.
Discussion about this post