കൊച്ചി: കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ കല്‍പിത സര്‍വകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. ലളിത വിദ്യാപ്രതിഷ്ഠാനം എന്ന പേരില്‍ 80 ഏക്കറില്‍ പരന്ന് കിടക്കുന്ന കെട്ടിട സമുച്ചയമാണ് ആദി ശങ്കരാചാര്യരുടെ ജന്മദിനത്തില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ചിന്മയ മിഷന്‍ ഗുരുജിയും സര്‍വകലാശാലയുടെ സ്ഥാപക ചാന്‍സലറുമായ സ്വാമി തേജോമയാനന്ദയുടെ സാന്നിധ്യത്തില്‍ ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം നിര്‍വഹിച്ചു. ചിന്മയ മിഷന്‍ കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി സന്നിഹിതാനായിരുന്നു. ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ചിന്മയ മിഷനുമായി കൈകോര്‍ത്തവരെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. ആറുനിലകളില്‍ അത്യാധുനീക സൗകര്യങ്ങളോടെ ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച അക്കാദമിക് ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍ സൗകര്യം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് സ്വാമി ചിന്മയാനന്ദ കണ്ട സ്വപ്‌നം ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയിലൂടെ യാഥാര്‍ത്ഥ്യമാകുമെന്ന് ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ചിന്മയ വിശ്വവിദ്യാപീഠം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ സ്ഥാപിതമായ സര്‍വകലാശാലയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ പാരമ്പര്യത്തില്‍ ഊന്നിയ സര്‍വകലാശാലയെന്ന സ്വപ്‌നം പൂര്‍ണതോതില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
മൂല്യങ്ങളെ കൈവിടാതെയുള്ള കാഴ്‌ച്ചപ്പാടുകളാണ് രാജ്യത്തിന്റെ വികസനത്തിന് അത്യാന്താപേക്ഷിതമാകുന്നതെന്ന് ചിന്മയ മിഷന്‍ ഗുരുജിയും സര്‍വകലാശാലയുടെ സ്ഥാപക ചാന്‍സലറുമായ സ്വാമി തേജോമയാനന്ദ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. രാജ്യപുരോഗതി ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസമാകും ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ഓരോ വിദ്യാര്‍ത്ഥിക്കും ഉറപ്പ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിലും ഗുരുവിലും ഉറച്ച് വിശ്വസിച്ച് സ്വന്തം കര്‍മം അനുഷ്ഠിച്ചാല്‍ വിജയം തേടിയെത്തുമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.
സര്‍വകലാശാല മാനേജിങ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല സ്വാഗതവും, വൈസ്ചാന്‍സലര്‍ പ്രൊഫ. അജയ് കപൂര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ഗുരുപാദുകപൂജ എന്നിവ സംഘടിപ്പിച്ചു. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ആചാര്യന്‍ സ്വാമി ശാരദാനന്ദ സരസ്വതി നേതൃത്വം നല്‍കി.
അനൂപ് ജേക്കബ് എംഎല്‍എ, ചിന്മയ മിഷനിലെ മുതിര്‍ന്ന സ്വാമിമാരും, സര്‍വകലാശാല ഡീന്‍ പ്രോഫ. ടി.അശോകന്‍, പ്രൊവോസ്റ്റ് പ്രൊഫ. സുധീര്‍ ബാബു യാര്‍ലഗഡ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ട്രസ്റ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി എന്‍.എം. സുന്ദര്‍, സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് സിഇഒ മനീഷ കെമലനിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓണക്കൂറിലെ പെരിയപ്പുറത്താണ് 80 ഏക്കറില്‍ സര്‍വകലാശാലയുടെ കെട്ടിട സമുച്ചയം ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ ബിടെക്ക് കോഴ്‌സുകളും, ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകളും ഇവിടെ നടക്കുന്നുണ്ട്. ഈ ആദ്ധ്യയന വര്‍ഷത്തോടെ സര്‍വകലാശാലയിലെ കൂടുതല്‍ പഠനവകുപ്പുകള്‍ ഓണക്കൂറിലെ ലളിത വിദ്യാപ്രതിഷ്ഠാനത്തിലേയക്ക് മാറും. അത്യാധൂനീക സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ ലാബുകള്‍, ക്ലാസ്മുറികള്‍, ലൈബ്രറി, എന്നിവയെല്ലാം ലളിത വിദ്യാപ്രതിഷ്ഠാനത്തിന്റെ പ്രത്യേകതയാണ്. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ കലാ, കായിക മേഖലയിലെ മികവ് വളര്‍ത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങളും ഓണക്കൂറിലെ ലളിത വിദ്യാപ്രതിഷ്ഠാനത്തില്‍ ഒരുക്കിയിട്ടുണ്ട്.
പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അടുക്കളയാണ് ലളിത വിദ്യാപ്രതിഷ്ഠാനത്തിന്റെ മറ്റൊരു പ്രത്യേകത. ഒരേ സമയം 500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് സൗകര്യമുള്ള അന്നക്ഷേത്ര (കാ
ന്റീന്‍)യും ഒരുക്കിയിട്ടുണ്ട്.
മലിനജലം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റുകള്‍ ഒരുക്കിയിട്ടുണ്ട്, അതോടൊപ്പം പ്രകൃതിയുടെ ജലസ്രോതസായ കുളങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് കെട്ടിടങ്ങളുടെ നിര്‍മാണം. പൂര്‍ണമായും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം. ലളിത വിദ്യാപ്രതിഷ്ഠാനത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
Discussion about this post