വൈക്കം: ജന്മം കൊണ്ടല്ല, സ്വഭാവം കൊണ്ടാണ് ജാതി നിശ്ചയിക്കേണ്ടതെന്ന് മാതാ അമൃതാനന്ദമയി മഠം മുഖ്യകാര്യദര്‍ശി സ്വാമി പൂര്‍ണാമൃതാനന്ദ പുരി. വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ ഹിന്ദു ഐക്യവേദിയുടെ 21-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈശ്വര സൃഷ്ടിയില്‍ എല്ലാത്തിനും മഹിമയുണ്ട്. എല്ലാ സൃഷ്ടിയിലും പൂര്‍ണ സ്വരൂപനായിട്ടാണ് ഈശ്വരന്‍ നിലകൊള്ളുന്നത്. ഒന്നു മറ്റൊന്നില്‍ നിന്നു താഴെയല്ല. എല്ലാത്തിനും ഒരുപോലെയാണ് പ്രാധാന്യം. ഹിന്ദുമതത്തെ അറിയാത്തവരാണ് മറ്റുള്ളവര്‍ പറയുന്നതു കേട്ട് സ്വന്തം മതത്തെ പഴിക്കുന്നത്. രാമായണത്തില്‍ അടങ്ങിയിരിക്കുന്നത് ജീവിത വിജയത്തിന്റെ, സന്തോഷത്തിന്റെ രഹസ്യങ്ങളാണ്. ഇത്തരം ആധ്യാത്മിക കാര്യങ്ങള്‍ ലളിതമായി പറഞ്ഞുകൊടുക്കുന്നതിനുള്ള സംവിധാനം ക്ഷേത്രങ്ങളിലൊരുക്കണം. ഇപ്രകാരം നന്മ പകര്‍ന്നു നല്കുന്നതിന് സമുദായ നേതാക്കള്‍ ഒന്നിക്കണം. വ്യക്തികള്‍ മാറുമ്പോള്‍ സംഭവിക്കുന്നത് അത്ഭുതകരമായ മാറ്റമാണ്, അദ്ദേഹം പറഞ്ഞു.
സ്വാമി പൂര്‍ണാമൃതാനന്ദ പുരി ഭദ്രദീപം തെളിയിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയായി. ഗായിക വൈക്കം വിജയലക്ഷ്മി പ്രാര്‍ത്ഥനാ ഗീതമാലപിച്ചു. എം.കെ. കുഞ്ഞോല്‍, അഡ്വ. വി. പദ്മനാഭന്‍, പന്തിരുകുല പ്രതിനിധി സ്വാമി ശിവാനന്ദ ശര്‍മ, പ്രേമാനന്ദ സ്വാമി, ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, സംസ്ഥാന വക്താക്കളായ ഇ.എസ്. ബിജു, ആര്‍.വി. ബാബു എന്നിവര്‍ പങ്കെടുത്തു.
വൈക്കം സത്യഗ്രഹ നായകന്‍ ടി.കെ. മാധവന്റെ ചെറുമകന്‍ എന്‍. ഗംഗാധരന്‍ ആശംസാ സന്ദേശം നല്കി. സാമൂഹ്യനീതി കര്‍മസമിതി ചെയര്‍മാന്‍ കെ.വി. ശിവന്‍ സ്വാഗതവും ഹിന്ദുഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് നന്ദിയും പറഞ്ഞു. മൂന്നു ദിവസത്തെ സമ്മേളനം ഇന്നു സമാപിക്കും.
സമ്മേളന നഗരിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാമി പൂര്‍ണാമൃതാനന്ദ പുരിയെ പൂര്‍ണ കുംഭം നല്കി വത്സന്‍ തില്ലങ്കേരി സീകരിച്ചു. ഹിന്ദുസമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ മേഖല തിരിച്ച് ചര്‍ച്ച നടന്നു. വത്സന്‍ തില്ലങ്കേരി വിഷയമവതരിപ്പിച്ചു. ആര്‍.വി. ബാബു, ഇ.എസ്. ബിജു എന്നിവര്‍ പ്രമേയമവതരിപ്പിച്ചു. സമാപന സഭയില്‍ കെ.പി. ശശികല ടീച്ചര്‍ പ്രസംഗിച്ചു.
Discussion about this post