തൃശൂര്‍: ക്ഷേത്ര കേന്ദ്രീകൃതമായ ഭാരതത്തിന്റെ സ്വത്വം എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ പരിചയപ്പെടുത്തിയെന്ന് കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 58-ാം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ ചോദ്യോത്തരവേളയില്‍ മാര്‍ഗദര്‍ശനം നല്‍കുകയായിരുന്നു അദ്ദേഹം.
സ്വത്വബോധത്തിന്റെ ആവിഷ്‌കാരം കാലാകാലങ്ങളായി ഭാരതത്തില്‍ നടന്നുവന്നിരുന്നു. ഇതാണ് ഭാരതമെന്ന് ദേശീയ ജനതയ്‌ക്കും അന്തര്‍ദേശീയ സമൂഹത്തിനും ബോധ്യമാകാനുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു നേതൃത്വം മോദിയുടെ വരവോടെ സാധിച്ചു എന്നതാണ് ശരിയെന്നും ചിദാനന്ദപുരി അഭിപ്രായപ്പെട്ടു.
സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
മതേതര സര്‍ക്കാരിന്റെ കീഴില്‍ ഹിന്ദു സമാജം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ജി.കെ. സുരേഷ് ബാബു പ്രതിപാദിച്ചു.
ഇതരസമൂഹങ്ങളെ താലോലിക്കുന്ന സര്‍ക്കാര്‍, ഹിന്ദുക്കള്‍ക്ക് ജനസംഖ്യാപരമായ പ്രാതിനിധ്യം അംഗീകരിക്കാതെ സാമ്പത്തികപരമായും, വിദ്യാഭ്യാസപരമായും, ഔദ്യോഗികപരവുമായ മേഖലകളില്‍ കടുത്ത വിവേചനം കാണിക്കുന്നത് വളരെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് ഹിന്ദു സമാജത്തെ നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അനീതിക്കെതിരെ പോരാടാന്‍ ഹിന്ദു സമാജത്തിന് കേരള ക്ഷേത്ര സംരക്ഷണ സമിതി സര്‍വ്വ പിന്തുണയും നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സംഘടന സെക്രട്ടറി ടി.യു. മോഹനന്‍, ഉപാധ്യക്ഷന്‍ കെ. നാരായണന്‍കുട്ടി, ആര്‍എസ്എസ് ഉത്തര കേരള കാര്യവാഹ് പി.എന്‍. ഈശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ സീമ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജി. രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.
Discussion about this post