ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യപൂർവവുമായ പുഷ്പമാണ് നിശാഗന്ധി.
കള്ളിമുൾചെടികളുൾപ്പെടുന്ന കാക്റ്റേസിയ കുടുംബത്തിലെ ഒരംഗമാണ് എപ്പിഫൈലം ഓക്സിപ്പെറ്റാലം (Epiphyllum oxypetalum) എന്ന ശാസ്ത്ര നാമമുള്ള നിശാഗന്ധി.
സ്വദേശമായ ശ്രീലങ്കയിൽ കടുപ്പുൽ പുഷ്പം (Kadupul flower) എന്ന പേരിൽ അറിയപ്പെടുന്ന ഈ പുഷ്പത്തെ ‘ഡച്ച്‌മാൻസ് പൈപ്പ്’, ‘ക്യൂൻ ഓഫ് ദി നൈറ്റ്’ എന്ന പേരുകളിലും അറിയപ്പെടാറുണ്ട്.
കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈ ചെടി അനന്തശയനം എന്ന പേരിലാണ് മലബാർ ഭാഗങ്ങളിൽ അറിയപ്പെടുന്നത്. ബ്രഹ്മകമലം എന്നാണ് നിശാഗന്ധിയുടെ സംസ്കൃത നാമം (ഹിമാലയത്തിൽ മാത്രം കാണുന്ന മറ്റൊരുചെടിയും ഇതേപേരിൽ അറിയപ്പെടുന്നുണ്ട്).
കടുപ്പുൽ പുഷ്പം പ്രധാനമായും രണ്ട് ഇനത്തിൽ കാണപ്പെടുന്നു. വളരെ നേർത്ത ഇതളുകളുള്ള എപ്പിഫൈലം ഹുകേറിയും (Epiphyllum hookeri), വിശാലമായ ഇതളുകളുള്ള എപ്പിഫൈലം ഓക്സിപ്പെറ്റാലവും.
വെള്ളയും മഞ്ഞയും ചേർന്ന മനോഹരമായ നിറമുള്ള ഈ പുഷ്പം പരമാവധി 30 സെൻ്റീമീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ഈ പുഷ്പങ്ങൾ രാത്രി 10 – 11 മണിക്ക് ശേഷമാണ് വിരിയുന്നത്. മണിക്കൂറുകൾ മാത്രം ആയുസുള്ള നിശാഗന്ധി പൂവ് സൂര്യോദയത്തോടെ വാടുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നിശാഗന്ധിയുടെ ഭംഗിയും സുഗന്ധവും ആരെയും ആകർഷിക്കുന്നതാണ്. ഇലകൾ പ്രത്യക്ഷമായി കാണാത്ത ചെടിയാണ് നിശാഗന്ധി. പച്ചനിറത്തിലുള്ള കാണ്ഡം പരന്ന് കാണപ്പെടുന്നത് പ്രകാശസംശ്ലേഷണം നടക്കാൻ സഹായിക്കുന്നു. ഒരു കാണ്ഡത്തിൽ ഏകദേശം 100 പൂക്കൾ വരെ ഉണ്ടാവും.
ഭാരതത്തിൽ മിക്ക സ്ഥലത്തും നന്നായി വളരുന്ന ഈ ചെടി മെക്സിക്കോ, വെനിസുല, ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും തെക്ക് കിഴക്കനേഷ്യയിലും സുലഭമായി കാണപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായും ഈ ചെടി വളർത്തപ്പെടുന്നുണ്ട്.
ധാരാളം ഔഷധ ഗുണങ്ങളുള്ള ഈ ചെടി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, രക്തസ്രാവം, നീർവീക്കം എന്നിവ ചികിത്സിക്കാൻ പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിച്ചുവരുന്നു.
രാത്രിയുടെ രാജകുമാരിയായ നിശാഗന്ധി വംശനാശം സംഭവിക്കുന്ന സസ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
Discussion about this post