ദുബായ്: കര്‍താര്‍പൂര്‍ ഇടനാഴി പോലെ ഭാരതത്തിലെ തീര്‍ത്ഥസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന തീര്‍ത്ഥാടന പാതകള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി സിന്ധ് സര്‍ക്കാര്‍. ഹിന്ദു, ജൈന വിശ്വാസികള്‍ക്കായി തീര്‍ത്ഥാടന, വിനോദ സഞ്ചാരമേഖല കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് സിന്ധ് പ്രവിശ്യാ ടൂറിസം മന്ത്രി സുള്‍ഫിക്കര്‍ അലി ഷാ പറഞ്ഞു. സിന്ധിലെ ടൂറിസം പ്രോത്സാഹനവുമായി ബന്ധപ്പെട്ട് ദുബായ്‌യില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗര്‍പാര്‍ക്കറിലും ഉമര്‍കോട്ടിലും ഇത്തരത്തില്‍ ഇടനാഴി സ്ഥാപിക്കാന്‍ കഴിയും. ജൈനക്ഷേത്രങ്ങള്‍ ധാരാളമുള്ള നഗര്‍പാര്‍ക്കറിന് ചരിത്രപരമായ വലിയ പ്രാധാന്യമുണ്ട്. രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ശിവമന്ദിറാണ് ഉമര്‍കോട്ടിന്റെ ആകര്‍ഷണം. സിന്ധിലെ ഏറ്റവും പഴക്കമുള്ള ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണിത്. സിന്ധ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന അനേകം ഭാരതീയരുണ്ട്. ഭാരതത്തില്‍ നിന്ന് സുക്കൂറിലേക്കോ ലര്‍ക്കാനയിലേക്കോ പ്രതിവാര ഫ്‌ളൈറ്റ് ആരംഭിക്കണമെന്ന നിര്‍ദേശവും സിന്ധ് മന്ത്രി മുന്നോട്ടുവച്ചു.
ഭാരത-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 4.1 കിലോമീറ്റര്‍ നീളത്തിലാണ് 2019 നവംബര്‍ 9ന് കര്‍താര്‍പൂര്‍ ഇടനാഴി തുറന്നത്. ഗുരുനാനാക്കിന്റെ 550-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങ്.
Discussion about this post