ഇലയോകാർപസ് ആംഗസ്റ്റിഫോളിയസ് (Elaeocarpus angustifolius ) എന്ന ശാസ്ത്രിയ നാമത്തിൽ അറിയപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷത്തിന്റെ ഫലമാണ് രുദ്രാക്ഷം. ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ-ഉഷ്ണമേഖലാ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഇലയോകാർപസ് കുടുംബത്തിൽ രുദ്രാക്ഷമുൾപ്പെടെ ഏകദേശം 360 ഇനത്തിലുള്ള വൃക്ഷങ്ങൾ ഉണ്ട്. ലോകത്തിൽ ഇന്ന് മൂന്ന് തരം രുദ്രാക്ഷങ്ങൾ ലഭ്യമാണ് – നേപ്പാളീസ്, ഇന്തോനേഷ്യൻ, ഇന്ത്യൻ. ഒരിഞ്ച് വ്യാസമുള്ള പഴങ്ങൾ നീല നിറമായതിനാൽ ഇവയെ ബ്ലൂ മാർബിൾ ട്രീ എന്നും വിളിക്കുന്നു.
സംസ്‌കൃത ഭാഷയിൽ രുദ്ര എന്നാൽ ശിവൻ എന്നും, അക്ഷ എന്നാൽ കണ്ണ് എന്നും അർഥം വരുന്ന രണ്ട് വാക്കുകളിൽ നിന്നാണ് ‘രുദ്രാക്ഷം’ എന്ന പേര് ഉത്ഭവിച്ചത്.
14.60 മുതൽ 29.20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ മരങ്ങൾക്ക് 1.22 മീറ്റർ വരെ വ്യാസമുള്ള തടിയുണ്ട്. വെള്ള നിറത്തിലുള്ള പൂക്കൾ നീല നിറത്തിലുള്ള കായ്കളായി മാറുന്നു. ഹവായിയിലെ കവായ് (Kauai) ഹിന്ദു മൊണാസ്ട്രിയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ രുദ്രാക്ഷ വനത്തിൽ അത്യപൂർവമായ കോബാൾട്ട് ബ്ലൂ നിറത്തിലുള്ള രുദ്രാക്ഷം കാണാൻ സാധിക്കും. ചെടികളിൽ കാണപ്പെടുന്ന പിഗ്മെൻ്റ് മൂലമല്ല, മറിച്ച് ഇവയുടെ പുറംതൊലിയിലെ സൂക്ഷ്മ ഘടനാപരമായ പ്രത്യേകതയും, പുറംതൊലിയിൽ നിന്നുള്ള പ്രകാശത്തിൻ്റെ പ്രതിഫലനവുമാണ് നീല നിറത്തിന് കാരണം എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. സസ്യജാലങ്ങളിൽ അപൂർവമായ ഈ പ്രതിഭാസം രുദ്രാക്ഷത്തിന് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്.
പഴങ്ങൾ പാകമാകുമ്പോൾ, ഈ നീല നിറം ചാരനിറം അല്ലെങ്കിൽ കറുപ്പ് നിറമായി മാറുന്നു. കുറച്ചുദിവസം വെള്ളത്തിൽ കുതിർത്താൽ ഇവയുടെ കട്ടിയുള്ള തൊലി നീക്കം ചെയ്ത് ഉൾഭാഗത്തുള്ള രുദ്രാക്ഷ മുത്തുകൾ ലഭിക്കും.
നാല് നിറത്തിലുള്ള രുദ്രാക്ഷം ലഭ്യമാണ്, മണൽ-വെള്ള, മഞ്ഞ, ചുവപ്പ് കലർന്ന തവിട്ട്, കറുപ്പ് നിറങ്ങൾക്കൊപ്പം ഈ നിറങ്ങളുടെ മിശ്രിതവും കാണപ്പെടുന്നു. ഒന്ന് മുതൽ 24 മുഖങ്ങൾ വരെയുള്ള രുദ്രാക്ഷം ഉണ്ട്. 27, 32, 34 മുഖങ്ങളുള്ള രുദ്രാക്ഷവും കണ്ടെത്തിയിട്ടുണ്ടെന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. രുദ്രാക്ഷത്തിനുള്ളിൽ അടങ്ങിയിരിക്കുന്ന വിത്തുകളുടെ എണ്ണവും അവയുടെ മുഖങ്ങളുടെ എണ്ണവും തുല്യമായിരിക്കും.
അനന്തതയെ പ്രതിനിധീകരിക്കുന്ന നീല നിറത്തിൽ കാണപ്പെടുന്ന രുദ്രാക്ഷം നീലകണ്ഠന്റെ പ്രധാന ആഭരണങ്ങളിൽ ഒന്നാണ്. പുരാതന ഗ്രന്ഥങ്ങളനുസരിച്ച്, മനുഷ്യശരീരത്തെ വൈദ്യശാസ്ത്രപരമായും ആത്മീയമായും സുഖപ്പെടുവാനുള്ള ശക്തി രുദ്രാക്ഷത്തിന് ഉണ്ട്. കാന്തിക ഗുണങ്ങളുള്ള രുദ്രാക്ഷ മുത്തുകൾക്ക് വൈദ്യുതോർജ്ജം സംഭരിക്കുവാനും സാധിക്കും. ഇവയുടെ ഈ ഗുണങ്ങൾ മനുഷ്യശരീരത്തിന് പോസിറ്റീവ് ചാർജുകൾ നൽകുവാനും തൽഫലമായി, ശരീരത്തിൻ്റെ വൈദ്യുത ഘടന മാറ്റുവാനും സാധിക്കുന്നു. ബാഹ്യ കാന്തികക്ഷേത്രത്തിൻ്റെ സാന്നിധ്യത്തിൽ രുദ്രാക്ഷം താൽക്കാലിക കാന്തിക ഗുണം നേടുകയും (ഡയമാഗ്നെറ്റിസം), ഇവ സമഗ്രമായ രോഗശാന്തി നൽകുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ആയുർവേദത്തിൽ, രുദ്രാക്ഷം ഹൃദ്രോഗികൾക്ക് ഹൃദയപേശികളെ ശക്തിപ്പെടുത്തുന്നതിന് ഔഷധമായി നൽകുന്നു.
ഹിന്ദു പുരാണങ്ങളിൽ രുദ്രാക്ഷത്തിന് നൽകിയ മാഹാത്മ്യം, ഇവയുടെ ആരോഗ്യപരമായ ഗുണങ്ങളും ശാസ്ത്രവും വേദകാല ഋഷികൾ മനസിലാക്കിയിരുന്നതിന് തെളിവാണ്.
Discussion about this post