ഏഴു ഫണങ്ങളുള്ള സർപ്പരാജാവായ ശേഷനാഗിന്റെ (നാഗരാജ) പുറത്ത് വിശ്രമിക്കുന്ന വിഷ്ണു ഭഗവാൻ്റെ ശിൽപം, ബാന്ധവ്ഗഡിലെ പ്രശസ്തമായ ശില്പങ്ങളിൽ ഒന്നാണ്. മധ്യപ്രദേശിലെ, ബാന്ധവ്ഗഡ് ദേശീയോദ്യാനത്തിലെ താല മേഖലയിൽ (Tala zone) സ്ഥിതി ചെയ്യുന്ന ഈ പ്രതിമ വൈഷ്ണവ ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്.
മധ്യപ്രദേശിലെ ഉമാരിയ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാന്ധവ്ഗഡ് ദേശീയോദ്യാനം 1968 ലാണ് നിലവില്‍ വന്നത്. ഉമേറിയ, ജബല്‍പൂര്‍ എന്നീ ജില്ലകളിലായി 450 ചരുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ദേശീയോദ്യാനമാണിത്. ഇവയെ തല, മഗധി (Magadhi), കിതൗലി (Khitauli) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വിന്ധ്യ പര്‍വ്വത നിരകളുടെ ഭാഗമായ ഈ സ്ഥലത്തിന്റെ ഉയരമേറിയ കുറച്ച് ഭാഗങ്ങല്‍ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം 1972 ലാണ് ഇവിടം പ്രൊജക്ട് ടൈഗര്‍ ആക്ടിന്റെ കീഴില്‍ കടുവ സംരക്ഷണ കേന്ദ്രം ആയി പ്രഖ്യാപിക്കുന്നത്. ബംഗാള്‍ കടുവകളെയാണ് ഇവിടെ കൂടുതൽ കാണാന്‍ സാധിക്കുന്നത്. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ ഈ ഉദ്യാനത്തിൽ നിരവധി പക്ഷിമൃഗാദികളെയും അപൂര്‍വ്വമായ സസ്യങ്ങളെയും കാണാന്‍ സാധിക്കും.
ഏഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ മധ്യപ്രദേശിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്ന രാജവംശമായിരുന്നു കാലച്ചുരി (Kalchuri). ഇവരുടെ തലസ്ഥാനമായ ത്രിപുരി ഇന്ന് തിവാരി (ജബൽപൂരിന് സമീപം) എന്നറിയപ്പെടുന്നു. എ ഡി പത്താം നൂറ്റാണ്ടിൽ കാലച്ചുരി രാജാവായ യുവരാജ്‌ദേവിൻ്റെ മന്ത്രിയായിരുന്ന ഗൊല്ലക് (Gollak) ആണ് ശേഷശയ്യ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. 35 അടി നീളമുള്ള ഈ ശിൽപം കാല്പനികമായ രൂപത്തില്‍ ഒറ്റ മണൽക്കല്ലിൽ നിന്നും കൊത്തിയെടുത്തതാണ്. കാഴ്ചയില്‍ ഏറെ ആകര്‍ഷകമായ ഈ ശില്പത്തിന്റെ ഇടതുവശത്ത് ഒരു ശിവലിംഗവും വലതുവശത്ത് ബ്രഹ്മാവും നിലകൊള്ളുന്നു. ബ്രഹ്മ പ്രതിമ പൂർണമായും ദൃശ്യമല്ല, വേരുകൾ കൊണ്ട് മൂടപ്പെട്ട നിലയിലാണ്. എന്നിരുന്നാലും ഒരു ത്രിമൂർത്തി സംഗമം ദൃശ്യമാണ്.
മധ്യപ്രദേശിലെ പ്രധാന നദികളിലൊന്നായ ചരണ്‍ഗംഗ (Charanganga) നദി ഈ വിഷ്ണു പ്രതിമയുടെ പാദങ്ങളില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്. പാദങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗ എന്നാണ് ഇതിൻ്റെ അർത്ഥം. പുരാണ ഗ്രന്ഥങ്ങളിൽ, ചരണ്‍ഗംഗയെ വേത്രാവലി ഗംഗ (Vetravali Ganga) എന്നും പരാമർശിക്കുന്നുണ്ട്. ഒരിക്കലും വറ്റാത്ത ഈ അരുവി, മറ്റ് അരുവികളോടും നദികളോടും കൂടിച്ചേർന്ന് ബാന്ധവ്ഗഡിലെ വന്യജീവികളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയായി മാറുന്നു. ഈ ശില്പത്തോട് ചേർന്നുള്ള ജലാശയത്തിൽ ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്ന സയനോബാക്ടീരിയകൾ ധാരാളമുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ബാന്ധവ്ഗഡ് കോട്ടയിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് പേര് ലഭിച്ചത്. യുദ്ധത്തിന് ശേഷം ലങ്കയെ നിരീക്ഷിക്കാനായി ശ്രീരാമൻ തൻ്റെ സഹോദരനായ ലക്ഷ്മണന് ഈ കോട്ട നല്കിയതിൽ നിന്നാണ് ബാന്ധവ്ഗഡ് (സംസ്കൃതത്തിൽ സഹോദരൻ്റെ കോട്ട) എന്ന പേര് വന്നത് എന്നാണ് ഐതിഹ്യം). ഇതിന്റെ അടുത്ത് തന്നെ സീതാ ദേവിയുടെ ക്ഷേത്രവും കാണാൻ സാധിക്കും. 2,000 വർഷത്തിലധികം പഴക്കമുള്ള കോട്ട, ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. ഈ കോട്ടക്ക് അടുത്ത്, പാറക്കെട്ടുകളുള്ള ഒരു പരന്ന കുന്നിൻ മുകളിലാണ് അനന്തശയനം സ്ഥിതി ചെയ്യുന്നത്.
ബാന്ധവ്ഗഡ് കോട്ടയ്ക്ക് ചുറ്റും 39 വിചിത്രമായ പുരാതന ഗുഹകളുണ്ട്, അവയിൽ ചിലത് 2000 വർഷം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു. ചില ഭിത്തികളിൽ പാലി ഭാഷയിൽ കൊത്തിയ ലിഖിതങ്ങളുണ്ട്, മറ്റുചിലതിൽ മൃഗങ്ങളുടെ പുരാതന പെയിൻ്റിംഗുകളും ഉണ്ട്. ഓരോ ഗുഹയും ധ്യാനം, ഔദ്യോഗിക ജോലികൾ, കുതിരലായം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി പ്രവർത്തിച്ചതായി അനുമാനിക്കപ്പെടുന്നു. അക്കാലത്തെ നീതി-ന്യായ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഗുഹയെ കച്ഛരി (Kachhari) എന്നും വിളിക്കുന്നു.
വനമേഖലയുടെ സംരക്ഷണം കണക്കിലെടുത്ത്, ബാന്ധവ്ഗഡ് കോട്ടയിലേക്കുള്ള പ്രവേശനം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഉത്സവ ദിവസങ്ങളിൽ മാത്രം മലമുകളിലെ സീതാദേവി ക്ഷേത്രം സന്ദർശിക്കാൻ ഗ്രാമവാസികൾക്ക് അനുവാദമുണ്ട്.
2022 ൽ INTACH – നാൽ പുനഃസ്ഥാപിക്കപെട്ട അനന്തശയനത്തിലേക്ക് കാൽനടയായി മാത്രമേ എത്താൻ സാധിക്കുകയുള്ളു.
Discussion about this post