ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് നാഗലിംഗ മരം (Couroupita guianensis). പീരങ്കിഉണ്ടകൾ പോലുള്ള കായകൾ ഉണ്ടാവുന്നതിനാൽ കാനൻ ബോൾ ട്രീ (Cannon ball tree) എന്ന് ഇംഗ്ലീഷിൽ പറയുന്നു. വടക്കെ അമേരിക്കയാണ് ജന്മസ്ഥലം. 35 മീറ്റർ വരെ ഉയരത്തിൽ വളരാറുള്ള ഈ മരത്തിൽ ദിവസം ആയിരത്തോളം പൂക്കൾ വരെ ഉണ്ടാവാറുണ്ട്. ഇതളുകളുടെ ചുവടുകളിൽ പിങ്കും ചുവപ്പും നിറവും, അഗ്രഭാഗമാവുമ്പോഴേക്കും മഞ്ഞനിറവുമുള്ള ഈ പൂക്കൾക്ക് ഒരു ദിവസത്തിന്റെ ആയുസ്സ് മാത്രമേ ഉള്ളു. പ്രത്യേക സുഗന്ധമുള്ള ഈ പുഷ്പം അതിന്റെ വലിപ്പം കൊണ്ടും ആളുകളെ ആകർഷിക്കുന്നു.
ഉള്ളിൽ ശിവലിംഗത്തിന്റെ ആകൃതിയും അതിനു മുകളിൽ പത്തി വിരിച്ചുനിൽക്കുന്ന സർപ്പങ്ങളുമായി സാദൃശ്യവുമുള്ളതിനാലാണ് നാഗലിംഗ മരം എന്ന പേര് ലഭിക്കാൻ കാരണം.
പൂക്കളെപോലെ തന്നെ ശാഖകളും സർപ്പങ്ങളെപോലെ മരത്തെ ചുറ്റിവരിഞ്ഞ് കാണപ്പെടുന്നു. വലിയ പീരങ്കിയുണ്ട പോലുള്ള കായകൾ 25 സെന്റിമീറ്ററോളം വലിപ്പമുള്ളവയാണ്. കായ മൂപ്പെത്താൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ വേണം. പക്ഷികളുടെയും പല ജീവികളുടെയും ഭക്ഷണമാണ് കായയും വിത്തുകളും. പൂക്കളിൽ നിന്ന് വിപരീതമായി കായ്കളിൽ നിന്നുള്ള ദുർഗന്ധം കാരണം മനുഷ്യർ ഇവ ഭക്ഷിക്കാറില്ല.
ഇന്ത്യയിലും ശ്രീലങ്കയിലും മതപരമായി പ്രാധാന്യമുള്ള ഈ വൃക്ഷത്തിന് കൈലാസപതി, ശിവലിംഗം എന്നിങ്ങനെയും പേരുകൾ ഉണ്ട്. സാധാരണയായി ശിവ/ നാഗ ക്ഷേത്രങ്ങൾക്ക് സമീപമാണ് ഇത് വളർത്തുന്നത്. ലെസിതഡേസിയെ (Lecythidaceae) സസ്യകുടുംബത്തിൽപെടുന്ന ഈ മരം പലവിധ രോഗങ്ങൾക്കും ഔഷധമായും ഉപയോഗിക്കുന്നുണ്ട്.
വിവിധവർണങ്ങളിലുള്ള വലിയ പൂക്കളും പീരങ്കി കായ്കളും കൊണ്ട് അസാധാരണമാംവിധം മനോഹരമായ ഈ വൃക്ഷത്തെ പവിത്രമായി കണ്ട് ഇന്നും ആരാധിച്ചുപോരുന്നു.
Discussion about this post