ഹിന്ദു പൈതൃകത്തിനും ഭാരത സംസ്‌കാരത്തിനും ഒരിക്കൽ പ്രസിദ്ധമായിരുന്ന കാശ്‌മീരിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തു സ്മാരകങ്ങളിലൊന്നാണ് ബാരാമുള്ള ജില്ലയിലെ ഉറിക്ക് സമീപം ബോണിയാറിൽ സ്ഥിതി ചെയ്യുന്ന ദത്ത മന്ദിർ (Detha Mandir Bandi). പത്താം നൂറ്റാണ്ടിൽ തനതായ കശ്മീരി വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രം, വനവാസകാലത്ത് പാണ്ഡവർ നിർമ്മിച്ചതാണെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രം പണിയാൻ ഉപയോഗിച്ച കല്ലുകൾ ഭീമൻ സമീപത്തെ പർവതങ്ങളിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് ഐതിഹ്യം. വിതസ്ത നദിയുടെ (Jhelum River) തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി വിഷ്ണു ഭഗവാനാണ്.
ദ്രൗപദിക്കും സഹോദരന്മാർക്കും വേണ്ടി വിതസ്ത നദിയിൽ നിന്ന് ഭീമൻ എല്ലാ ദിവസവും വെള്ളം നിറച്ചുവെന്ന് പറയപ്പെടുന്ന ഒരു വലിയ കളിമൺ പാത്രമായ ‘ഭീമന്റെ കുടം’ (Bheem ka matka) ഇവിടുത്തെ ആകർഷണങ്ങളിൽ ഒന്നാണ്. മൺപാത്രത്തിന് കുറഞ്ഞത് 5 അടിയെങ്കിലും ആഴമുണ്ട്. എത്ര വെള്ളം പുറത്തെടുത്താലും ജലനിരപ്പ് കുറയാത്തതിനാൽ ഇത് അസാധാരണമായ ഒരു ജലസ്രോതസ്സായി കണക്കാക്കപ്പെടുന്നു. ഈ കുടത്തിൽ നിന്നുള്ള വെള്ളമാണ് ക്ഷേത്രത്തിലെ ദൈനംദിന ചടങ്ങുകൾക്ക് ഉപയോഗിക്കുന്നത്.
കശ്മീരിലെ ഒട്ടുമിക്ക ഹിന്ദു ക്ഷേത്രങ്ങളെയും പോലെ വിദേശഅധിനിവേശത്തിൽ തകർന്ന ഈ ക്ഷേത്രം ഭാരത സൈന്യം പുനഃസ്ഥാപിക്കുകയും പിന്നീട് മനോഹരമായ ശിവലിംഗം സ്ഥാപിക്കുകയും ചെയ്തു.
Discussion about this post