പെറുവിലെ ആൻഡീസ് പർവതനിരകളുടെ താഴ്‌വാരത്ത് പലനിറത്തിലുള്ള ചോളം കൃഷിചെയ്യുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനിയാണ് മൈയ്സ് മൊറാഡോ എന്ന കറുത്ത നിറത്തിലുള്ള ചോളം. പേരിൽ കറുപ്പുണ്ടെങ്കിലും ചോളമണികൾക്ക് ഒരു പ്രത്യേക തരം ഇരുണ്ട പർപ്പിൾ നിറമാണ്. ഏകദേശം 3 മീറ്റർ വരെ ഉയരത്തിൽ വളരുന്ന തണ്ടുകളിൽ 20 സെൻ്റീമീറ്റർ നീളമുള്ള ചോളം ഉണ്ടാവുന്നു. ഒരു പ്രത്യേക സൗരഭ്യം പൊഴിക്കുന്ന ഈ ഇനം ഇടത്തരം വലിപ്പമുള്ളതായി കണക്കാക്കപ്പെടുന്നു. സസ്യശാസ്ത്രത്തിൽ സീ മേസ് (Zea mays L.) എന്ന് അറിയപ്പെടുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇതിനെ ബ്ലാക്ക് ആസ്ടെക് (Black Aztec corn) എന്നും, യുണൈറ്റഡ് കിംഗ്ഡത്തിലും ഇതിനെ ബ്ലാക്ക് മെക്സിക്കൻ (Black Mexican corn) എന്നും വിളിക്കുന്നു. സൂപ്പർമാർക്കറ്റുകളിൽ ഇത് സാധാരണയായി ലഭ്യമല്ല, കൂടുതലായും വേനൽകാലത്ത് കർഷകരുടെ വിപണികളിൽ ആണ് കാണാൻ സാധിക്കുന്നത്. ഇതിന് മധുരമുണ്ടെങ്കിലും ആധുനിക ഇനം മഞ്ഞ ചോളത്തെപ്പോലെ മധുരമില്ല.
ഇൻക നാഗരികതയ്ക്ക് (Inca Civilization) മുമ്പുതന്നെ പ്രസിദ്ധിയാർജിച്ച ഈ ഇനത്തിന്റെ വിവരങ്ങൾ 2500 വർഷം പഴക്കമുള്ള മോചിക്ക സംസ്കാരത്തിലെ (Mochica) സെറാമിക് പാത്രങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മൈയ്സ് മൊറാഡോവിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പ്രശസ്തവും രുചികരവും, പെറുവിൽ വളരെ ജനപ്രിയവുമായ പാനീയമാണ് ചിച്ചാ മൊറാഡ (Chicha Morada).
കറുത്ത ചോളത്തിൽ ധാരാളം ആൻ്റിഓക്‌സിഡൻ്റുകളും, വിറ്റാമിനുകളും, മൈക്രോ എലമെൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ഹാനികരമായ തന്മാത്രകളിൽ നിന്ന് ഡി.എൻ.എ.ജീനുകളെ സംരക്ഷിക്കുന്നു. ഇത് വഴി ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, മസ്തിഷ്കാഘാതം, സന്ധിവാതം, നാഡീവ്യൂഹം രോഗങ്ങൾ, തിമിരം, പ്രമേഹം തുടങ്ങി പല അസുഖങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. ചോളങ്ങൾക്ക് കടുത്ത നിറം നൽകുന്ന ചായം, പ്രകൃതിദത്തമായ ഭക്ഷണ പാനീയങ്ങളുടെ കളറൻ്റ് ആയും ഉപയോഗിക്കുന്നു, കൂടാതെ ഇവയ്ക്ക് പല രോഗാണുക്കളെയും നശിപ്പിക്കാൻ സാധിക്കും എന്നും ഗവേഷണങ്ങൾ തെളിയിക്കുന്നു.
സാധാരണ ചോളത്തെപോലെ തന്നെ ഗ്രിൽ ചെയ്തതും വറുത്തതും ആവിയിൽ വേവിച്ചതും കഴിക്കാവുന്നതാണ്.
Discussion about this post