ഭോപാല്‍: അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട അതിക്രമങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ ജയിലില്‍ കഴിയേണ്ടിവന്നവരുടെ സംഘടനയായ മിസ (മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം വിവരിക്കുന്ന ഒരു അധ്യായം സ്‌കൂളുകളിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. അന്ന് നടന്ന അതിക്രമങ്ങളെക്കുറിച്ച് ഇന്നത്തെ തലമുറ ബോധമുള്ളവരായിരിക്കണം. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും സാധാരണക്കാരെയുമെല്ലാം ജയിലിലടച്ചിരുന്നു എന്ന് ഇന്നത്തെ തലമുറയില്‍ പലര്‍ക്കും അറിയില്ല, മോഹന്‍ യാദവ് പറഞ്ഞു.
ജനാധിപത്യത്തിന്റെ പടയാളികളാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവര്‍. അവരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കുന്നത്. ആ പോരാട്ടം ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയ മിസ തടവുകാര്‍ മാതൃകയായെന്ന് അദ്ദേഹം പറഞ്ഞു.മിസ തടവുകാരായിരുന്ന അത്തരം സമരസേനാനികളുടെ അന്ത്യകര്‍മ്മങ്ങള്‍ സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അവരുടെ അന്ത്യകര്‍മങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന ചെലവ് 8,000 രൂപയില്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്തും. സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളിലും സര്‍ക്യൂട്ട് ഹൗസുകളിലും 50 ശതമാനം ഇളവുള്ള റൂം താരിഫില്‍ മൂന്ന് ദിവസത്തെ താമസ സൗകര്യം മിസ തടവുകാരായിരുന്നവര്‍ക്ക് ലഭിക്കുമെന്ന് യാദവ് പറഞ്ഞു.
Discussion about this post