ഇറ്റാനഗര്‍: യുദ്ധവീരര്‍ക്ക് ആദരവുമായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡു ന്യൂക്മദുങ് യുദ്ധസ്മാരകം സന്ദര്‍ശിച്ചു. 1962ലെ ചൈനയ്‌ക്കെതിരായ യുദ്ധത്തില്‍ പോരാടി വീരമൃതത്യുവരിച്ച ധീരസൈനികരുടെ ത്യാഗങ്ങള്‍ക്കുമുന്നില്‍ തല കുനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ ത്യാഗവും ശൗര്യവും തലമുറകള്‍ക്ക് പ്രേരണയാകുമെന്ന് പേമ ഖണ്ഡു എക്‌സില്‍ കുറിച്ചു. ന്യൂക്ദമുങ്ങില്‍ സ്ഥാപിക്കുന്ന സാംസ്‌കാരിക പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണവും മുഖ്യമന്ത്രി ഖണ്ഡു പരിശോധിച്ചു. പതിനാറാം മദ്രാസ് റെജിമെന്റ്, 46-മത് ഇന്‍ഫന്‍ട്രി ബ്രിഗേഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് എന്നിവ സംയുക്തമായാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്.
1962 ലെ യുദ്ധത്തിന്റെ വീരസ്മരണകള്‍ ഉണര്‍ത്തുന്നതാവും മ്യൂസിയം. അരുണാചലിന്റെ തനിമയും ചരിത്രവും അടയാളപ്പെടുത്തുന്ന പുരാവസ്തുക്കളുടെ പ്രദര്‍ശനവും മ്യൂസിയത്തിലുണ്ടാകും. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ബിംബങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി അരുണാചലിലെ എല്ലാ ഗോത്രങ്ങളില്‍ നിന്നുമുള്ള പുരാവസ്തുക്കള്‍ ശേഖരത്തില്‍ ഉള്‍പ്പെടുത്തും. നാടിന്റെ ചരിത്രവും സംസ്‌കാരവും സംരക്ഷിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള ശ്രദ്ധേയമായ ചുവടുവയ്പാണിതെന്ന് പേമ ഖണ്ഡു പറഞ്ഞു.
Discussion about this post