സപ്തതിയില്‍ ബിഎംഎസ് വളരുന്നൂ ലോകമാകെ..
സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ (ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗമാണ് ലേഖകന്‍)
രാജ്യത്തെ തൊഴിലാളി സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്നതായിരുന്നു എന്‍.എം. ലോഖണ്ഡെ 1884 ല്‍ അന്നത്തെ സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ച അവകാശ പത്രിക.
ഒരാഴ്ചത്തെ ജോലിക്കു ശേഷം ഒരു ദിനം മുഴുവന്‍ വിശ്രമമനുവദിക്കുക.
ജോലി സമയം രാവിലെ 6.30 ന് ആരംഭിക്കുകയും സൂര്യാസ്തമനത്തിന് മുന്‍പ് അവസാനിക്കുകയും വേണം.
ഉച്ചയ്‌ക്ക് അരമണിക്കൂര്‍ വിശ്രമം അനുവദിക്കണം.
മാസ വേതനം 15 ദിവസത്തില്‍ വൈകാതെ നല്‍കണം.
ഇങ്ങനെ നീണ്ടുപോകുന്ന പട്ടികയില്‍നിന്ന് നമുക്ക് അന്നത്തെ തൊഴിലാളികളുടെ സാഹചര്യം അനുമാനിക്കാവുന്നതേയുള്ളൂ.
ഇതിലേറെ പരിതാപകരമായിരുന്നു കേരളത്തിലെ സാഹചര്യം. ആലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ ജോലി സമയം രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയായിരുന്നു. രാവിലെ 6 മണിക്ക് കമ്പനി പടിക്കലെത്തണമെങ്കില്‍ അകലെയുള്ള ഉള്‍നാടുകളില്‍ നിന്ന് 5 മണിക്കു മുന്‍പ് ചൂട്ടും കത്തിച്ച് പുറപ്പെടണം. സന്ധ്യയ്‌ക്ക് ജോലി കഴിഞ്ഞ് അടുത്തുള്ള ചന്തയില്‍നിന്ന് വീട്ടു സാധനങ്ങളും വാങ്ങി തിരിച്ചെത്തുമ്പോള്‍ രാത്രി 8 മണി കഴിഞ്ഞിട്ടുണ്ടാവും. തിരക്കു പിടിച്ച് അത്താഴം വച്ചുണ്ടാക്കി ഭക്ഷിച്ചു കിടന്നുറങ്ങിയാല്‍ പിന്നെ നേരം വെളുക്കുന്നതിനു മുന്‍പ് എഴുന്നേല്‍ക്കണം. കൃത്യം 6 ന് കമ്പനിയില്‍ കയറാനുള്ള ചൂളം വിളി മുഴങ്ങും. അഞ്ചുമിനിറ്റ് വൈകിയാല്‍ കടുത്ത ശിക്ഷയനുഭവിക്കണം. നാമമാത്രമായ കൂലി, പരിതാപകരമായ തൊഴില്‍ സാഹചര്യങ്ങള്‍. ഈ ദയനീയ സ്ഥിതി കണ്ട് മനസ്സ് വേദനിച്ചാണ് ശ്രീനാരായണ ഗുരുദേവന്‍ തന്റെ ശിഷ്യനായ സ്വാമി സത്യവ്രതന്റെ കൈവശം പിടിപ്പണവും കൊടുത്ത് ആലപ്പുഴയിലേക്ക് അയക്കുകയും 1921 ല്‍ വാടപ്പുറം ബാവയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ലേബര്‍ യൂണിയന്‍ രൂപീകരിക്കുകയും ചെയ്തത്.
ദേശീയതലത്തില്‍ ആദ്യമായി രൂപം കൊണ്ട എഐടിയുസിയെയും കേരളത്തില്‍ ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ ലേബര്‍ യൂണിയനെയും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാര്‍ മെയ്യനങ്ങാതെ ഹൈജാക്ക് ചെയ്തതാണ് ചരിത്രം. ഇടയ്‌ക്കൊന്നു പറയാതെ ലേഖനം മുമ്പോട്ടുപോകാനാകില്ല.
എന്‍.എം. ലോഖണ്ഡെ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതിലും പരിതാപകരമോ അതിലധികം മോശമോ ആയ സ്ഥിതിയില്‍ കേരളത്തിലെ തൊഴിലാളികളെ കൊണ്ടെത്തിച്ചിരിക്കുകയാണ് സ്വയം പ്രഖ്യാപിത തൊഴിലാളി സര്‍ക്കാര്‍ എന്ന പാര്‍ട്ടി സര്‍ക്കാര്‍, അവര്‍ കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും ജോലി സമയം 12 മണിക്കൂര്‍ ആക്കിയിരിക്കുന്നു. മാസവേതനം 2 മാസം കഴിഞ്ഞും ലഭിക്കാത്ത സാഹചര്യം. എല്ലാ മേഖലയിലും അരക്ഷിതാവസ്ഥ തുടരുന്നു.
ലോകം ബിഎംഎസിനെ ഏറ്റെടുക്കുന്നു
1920 ല്‍ എഐടിയുസി രൂപീകൃതമായതു മുതലുള്ള ട്രേഡ് യൂണിയന്‍ ചരിത്രം പരിശോധിച്ചാല്‍ 1955 ജൂലൈ 23 ന് ബിഎംഎസ് രൂപീകരിക്കുന്നതുവരെയുള്ള ഓരോ തൊഴിലാളി സംഘടനകളും ഒന്നില്‍നിന്ന് മറ്റൊന്നായി പിളര്‍ന്ന് രൂപീകരിച്ചതാണെന്ന് കാണാന്‍ കഴിയും. മാത്രമല്ല ഭാരതീയ മസ്ദൂര്‍ സംഘ് രൂപീകരിക്കുമ്പോള്‍ ദത്തോപന്ത് ഠേംഗ്ഡി പ്രത്യേകമായി പരിഗണിച്ച രണ്ടു വിഷയങ്ങളില്‍ ഒന്ന് ദേശീയബോധമുള്ള തൊഴിലാളി എന്നതും രാഷ്‌ട്രീയാതീയ ട്രേഡ് യൂണിയന്‍ എന്നതുമായിരുന്നു. സ്വീകരിച്ച നയ സമീപനങ്ങള്‍ക്കെല്ലാം അതിന്റേതായ സഹജമായ സവിശേഷതയുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആശയമായിരുന്നു ഞലുെീിശെ്‌ല ഇീീുലൃമശേീി അഥവാ തൊഴിലാളി തൊഴിലുടമാ ബന്ധം. അന്നുവരെ തൊഴിലാളി-മുതലാളി ശത്രുതയെ പ്രോത്സാഹിപ്പിച്ചിരുന്നവരുടെ മുന്നില്‍ ആദ്യമായി സഹകരണത്തിന്റെ മാര്‍ഗ്ഗം ബിഎംഎസ് തുറന്നിട്ടു. അദ്ധ്വാനം ആരാധനയാണെന്നും എല്ലാ തൊഴിലും ഒരുപോലെ മഹത്തരമാണെന്നും, ആരാധനാ ഭാവത്തോടെയാണ് പണിയെടുക്കേണ്ടതെന്നും തൊഴിലാളിയെ പഠിപ്പിക്കാന്‍ ബിഎംഎസ് തയ്യാറായി. ഇതിന്റെ ഫലമായി ബിഎംഎസ് ഇന്ന് ദേശീയ തലത്തില്‍ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ ട്രേഡ് യൂണിയനായി മാറി. ജി.20യുടെ ഭാഗമായി 20 ലോകരാജ്യങ്ങളില്‍ നിന്നുള്ള ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഭാരതത്തില്‍ വരികയും എല്‍ 20 (ലേബര്‍-20)യുടെ അധ്യക്ഷ സ്ഥാനം വഹിച്ച് ബിഎംഎസ് അതിന്റെ കരുത്തു തെളിയിക്കുകയും ചെയ്തു. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സവിശേഷതയില്‍ ആകൃഷ്ടരായ തൊഴിലാളി നേതാക്കന്മാര്‍ ണ.എ.ഠ.ഡ (ണീൃഹറ എലറലൃമശേീി ീള ഠൃമറല ഡിശീി)എന്ന ആഗോള കമ്യൂണിസ്റ്റ് ആഭിമുഖ്യ ട്രേഡ് യൂണിയനില്‍ നിന്ന് പുറത്തു വന്ന് ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ഒരു പുതിയ ആഗോള സംഘടന തന്നെ രൂപീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. തുര്‍ക്കിയടക്കമുള്ള 39 രാജ്യങ്ങള്‍ ഇതിനോടകം തന്നെ ബിഎംഎസുമായി ചര്‍ച്ചകള്‍ നടത്തി.
ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷം
2024 ജൂലൈ 23 മുതല്‍ 2025 ജൂലായ് 23 വരെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന 70-ാം വര്‍ഷ ആഘോഷങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ആഘോഷങ്ങളുടെ ഉദ്ഘാടനം ഭോപ്പാലില്‍ രവീന്ദ്ര ഭവനില്‍ ആര്‍എസ്എസ്‌സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ നിര്‍വഹിക്കും. 2025 ജൂലൈ 23 ന് ദല്‍ഹിയില്‍ ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് വിപുലമായ സമ്മേളനം നടക്കും.
കേരളത്തില്‍ ഇതിനോടകം എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങള്‍ ആരംഭിച്ചു. അഞ്ഞൂറിലധികം വ്യത്യസ്ത യൂണിയനുകളും പതിമൂവായിരത്തിലധികം യൂണിറ്റുകളുമായി കേരളത്തിലെ സംഘടിത, അസംഘടിത മേഖലയില്‍ ബിഎംഎസ് ഇന്ന് സജീവ പ്രവര്‍ത്തനം നടത്തുന്ന തൊഴിലാളി സംഘടനയാണ്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും അസംഘടിത മേഖലയിലും ഒരുപോലെ സ്വീകാര്യത വര്‍ധിച്ചുവരാനുള്ള രണ്ടുകാരണങ്ങളില്‍ ഒന്ന് തൊഴിലാളി പ്രശ്‌നങ്ങളിലുള്ള സത്യസന്ധമായ ഇടപെടലും മറ്റൊന്ന് സാമൂഹ്യസംഘടനയെന്ന നിലയിലുള്ള പ്രവര്‍ത്തനവുമാണ്.
തൊഴിലാളികളുടെ വേതനവും അവകാശവുമെന്നതിനപ്പുറം തൊഴിലാളികളുടെ സാമൂഹിക പ്രശ്‌നങ്ങളിലും ബിഎംഎസ് സജീവമായി ഇടപെടുന്നു. അതിന് ഉത്തമ ഉദാഹരണമായിരുന്നു പ്രളയത്തിലും കൊവിഡ് കാലഘട്ടത്തിലും നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍.
അരക്ഷിതമായ കേരള സാമൂഹികജീവിതം
70-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 10000 ത്തില്‍ അധികം കുടുംബ സംഗമങ്ങള്‍ കേരളത്തില്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനു കാരണം കേരളത്തില്‍ അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അത്തരത്തിലുള്ള സൂചന നല്‍കുമ്പോള്‍ ഒരു തൊഴിലാളിസംഘടനയെന്ന നിലയില്‍ കുടുംബങ്ങളില്‍ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ് എന്ന ചിന്തയില്‍നിന്നുമാണ് കുടുംബ സംഗമങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചത്.
കേരളം ഇന്ന് ഭാരതത്തിലെ തന്നെ ആത്മഹത്യാ മുനമ്പായി മാറുകയാണ്. ഒമ്പത് എ പ്ലസ് നേടി ഒന്നു മാത്രം ‘എ’ ആയതിന്റെ പേരില്‍ ഒരു പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തു. ടിവി റിമോട്ട് മാറ്റിവച്ചതിന്റെ പേരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അടുത്തകാലത്തു മാത്രം രണ്ടു പിജി ഡോക്ടര്‍മാര്‍, രണ്ടു സീരിയല്‍ നടിമാര്‍..ആ പട്ടിക നീണ്ടു പോകും. ശ്രദ്ധേയമായ കാര്യം കേരളത്തിലെ ഒരു ദിനപത്രം ചൂണ്ടിക്കാട്ടിയത് എസ്എസ്എല്‍സിയ്‌ക്ക് റാങ്കു കിട്ടിയ 5 പേര്‍ ആത്മഹത്യ ചെയ്തു എന്നാണ്.
ഇതാണ് മയക്കു മരുന്ന് ഉപയോഗത്തിന്റെ കാര്യത്തിലെ സ്ഥിതിയും. അടുത്തിടെ എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന 100 കുട്ടികളില്‍ 32 കുട്ടികള്‍ മയക്കുമരുന്നിന് അടിമകളായി കഴിഞ്ഞുവെന്നും 1411 സ്‌കൂളുകള്‍ മയക്കുമരുന്നു മാഫിയകളുടെ പിടിയിലാണെന്നും വായിക്കുമ്പോള്‍ ഉണ്ടാവുന്ന ആശങ്കയും സങ്കടവും ചെറുതല്ല. മണിക്കൂറില്‍ അഞ്ച് വിവാഹമോചന പെറ്റീഷന്‍ കേരളത്തിലെ കുടുംബ കോടതിയില്‍ വരുന്നു എന്നത് ഞെട്ടിക്കുന്ന കണക്കാണ്. മദ്യ ഉപഭോഗത്തിന്റെ വര്‍ധനവ്, കുറ്റകൃത്യങ്ങളിലെ വര്‍ധനവ്, കര്‍ഷക ആത്മഹത്യാ തുടങ്ങി സാമൂഹിക സൂചകങ്ങളില്‍ വരുന്ന ഈ ദുര്‍നിമിത്തങ്ങള്‍ സാക്ഷര കേരളത്തിന്റെ ഭാവിയെ അപ്പാടെ ഉലയ്‌ക്കും. ഇത് ആശങ്കയുടെ കരിനിഴലായി സമൂഹത്തില്‍പ്പടര്‍ന്നിരിക്കുകയാണ്.
നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ ബിഎംഎസ് അതിന്റെ സംഘടനാ ശക്തി 70-ാം വര്‍ഷത്തില്‍ ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ വേളയില്‍ സുഭിക്ഷവും സുരക്ഷിതവുമായ ഒരു കേരളം സാര്‍ത്ഥകമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും ബിഎംഎസ് സ്ഥാപന ദിനാശംസകള്‍ നേരുന്നു.
Discussion about this post