ഗോവ: ആയുര്‍വേദത്തിന്റെ പിതാവായ ആചാര്യ ചരകന്റെയും ശസ്ത്രക്രിയയുടെ പിതാവായ ആചാര്യ ശുശ്രുതന്റെയും ലോഹപ്രതിമകള്‍ ഗോവ രാജ്ഭവന് മുന്നിലെ വാമനവൃക്ഷകലാ ഉദ്യാനത്തില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അധ്യക്ഷനായ ചടങ്ങില്‍ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിര്‍വഹിച്ചു. ‘വാമനവൃക്ഷകല’ എന്ന ഗവേഷണ ഗ്രന്ഥം ബോട്ടണി പാഠപുസ്തമാക്കിയിട്ടുണ്ട്. ഏറ്റവും വലിയ ബോണ്‍സായ് ഗാര്‍ഡന്‍ ഗോവയില്‍ സ്ഥാപിച്ചു. രാജ്ഭവനിലെ നവീകരിച്ച നീന്തല്‍ക്കുളത്തിന്റെ ഉദ്ഘാടനവും കാന്‍സര്‍- ഡയബറ്റിക് രോഗികള്‍ക്കുള്ള ധനസഹായ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വാമന വൃക്ഷകല (ബോണ്‍സായ് ഗാര്‍ഡന്‍)യിലെ ഏറ്റവും വലിയ ഉദ്യാനം ഒരു രാജ്ഭവന് മുന്നില്‍ സ്ഥാപിക്കുന്നത്. ചരകന്റെയും ശുശ്രുതന്റെയും പ്രതിമകള്‍ക്കൊപ്പം 1626 സര്‍ജറികള്‍ നടന്നതിന്റെ ആശയ ചിത്രങ്ങളും അതിന് ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യാനത്തില്‍ ഒരുക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രമുഖ ചരിത്രകാരനും കോളമിസ്റ്റുമായ ബല്‍ബീര്‍ പുഞ്ച്, രാജ്ഭവന്‍ സെക്രട്ടറി എം.ആര്‍.എം. റാവു, സ്‌പെഷ്യല്‍ ഓഫീസര്‍ മിഹിര്‍ വര്‍ധന്‍, ഹോര്‍ട്ടികള്‍ചര്‍ ഓഫീസര്‍ നീലേഷ് എന്നിവര്‍ സംസാരിച്ചു.
Discussion about this post