ബെംഗളൂരു: ഹിന്ദുസംഘടനകൾ ഭാവാത്മകമായ സാമൂഹിക മാറ്റത്തിന് നേതൃത്വം നല്കണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരമായി ഹിന്ദുജീവിതരീതിയെ ലോകമിന്ന് സ്വീകരിക്കുന്നു. 150 രാജ്യങ്ങളിലായി പാർക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കൾ ഇക്കാര്യത്തിൽ വലിയ മാതൃക തീർക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു ജനസേവാ വിദ്യാകേന്ദ്രത്തിൽ ഹിന്ദു സ്വയംസേവക് സംഘ് വിശ്വകാര്യകർത്താ വികാസ് വർഗ് പ്രഥമയുടെ സമാപന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ രാജ്യത്തും താമസിക്കുന്ന ഹിന്ദു സമൂഹം അതാതിടങ്ങളിലെ നിയമങ്ങളെ അനുസരിച്ചും ആ രാജ്യങ്ങളെ ആദരിച്ചും സമാധാനത്തോടെയും സ്നേഹത്തോടെയും കഴിയുന്നു എന്നത് ആഹ്ളാദകരമാണ്. നാം കടന്നുചെന്ന രാജ്യത്തിന് ഒരിക്കലും ബാധ്യതയാകാതിരിക്കാൻ ഹിന്ദു സമൂഹത്തിന് കഴിയുന്നു എന്നത് ഒരു ആഗോള സന്ദേശമാണ് നല്കുന്നത്. ലോകമാസകലം ഈ മൂല്യങ്ങളെ നിലനിർത്തുന്നതിൽ ഹിന്ദു സ്വയംസേവക സംഘം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ലോകം നേരിടുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ഭീഷണികളെ ഹിന്ദുജീവിത മൂല്യങ്ങളെ മുൻനിർത്തി നേരിടാൻ കഴിയണമെന്ന് ഹൊസബാളെ പറഞ്ഞു. ജീവിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക ജനതയുമായി ചേർന്നും സേവാ പ്രവർത്തനങ്ങൾ ചെയ്തും നമ്മുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കണം, അദ്ദേഹം പറഞ്ഞു.
സംഗീത സംവിധായകനും യുഎൻ ഗുഡ് വിൽ അംബാസഡറുമായ റിക്കി കേജ് അധ്യക്ഷത വഹിച്ചു. ആവശ്യങ്ങൾക്ക് മാത്രം ഉപഭോഗം എന്നത് തലമുറകളിലേക്ക് പകരേണ്ട പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശി ജാഗരൺ മഞ്ച് ദേശീയ കൺവീനർ പ്രൊഫ. ഭഗവതി പ്രകാശ്, ന്യൂസിലാൻഡ് ഹിന്ദു സ്വയംസേവക സംഘ് സംയോജക് അനുപമ ചിട്ടി എന്നിവരും പങ്കെടുത്തു.
19 രാജ്യങ്ങളിൽ നിന്നുള്ള 200 ശിക്ഷാർത്ഥികളാണ് വർഗിൽ പങ്കെടുത്തത്. ജൂലൈ 26 ന് തുടങ്ങി ആഗസ്ത് 11 ന് സമാപിച്ച വർഗിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് , അഖില ഭാരതീയ കാര്യകാരി സദസ്യൻ ഡോ. മൻമോഹൻ വൈദ്യ, രാഷ്ട്രസേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി എന്നിവരും സംസാരിച്ചു.
Discussion about this post