പ്രയാഗ്‌രാജ്: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ പുരോഹിതര്‍ക്കോ മൗലവിമാര്‍ക്കോ അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. കള്ളം, വഞ്ചന, സ്വാധീനം, ബലപ്രയോഗം, വശീകരണം എന്നിവയിലൂടെ ആരെങ്കിലും മതംമാറ്റിയാല്‍ ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം അയാള്‍ കുറ്റക്കാരനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗാസിയാബാദിലെ അങ്കുര്‍വിഹാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൗലാന മുഹമ്മദ് ഷെയ്ന്‍ ആലത്തിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് നിര്‍ബന്ധിത മതംമാറ്റത്തിനെതിരെ കര്‍ക്കശ നിലപാട് പ്രഖ്യാപിച്ചത്.
ഗാസിയാബാദില്‍ ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റി വിവാഹം കഴിച്ചെന്ന കേസിലാണ് മൗലാന മുഹമ്മദ് ഷെയ്ന്‍ ആലം അറസ്റ്റിലായത്. 2024 മാര്‍ച്ചിലാണ് സംഭവം. മതം മാറാന്‍ മൗലാന നിര്‍ബന്ധിച്ചെന്ന് ഇരയുടെ മൊഴിയിലുണ്ടെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഭരണഘടന ഓരോ വ്യക്തിക്കും മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം നല്‍കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഭരണഘടന എല്ലാ വ്യക്തികള്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു, അത് രാജ്യത്തിന്റെ സാമൂഹിക ഐക്യവും ആത്മാവും പ്രതിഫലിപ്പിക്കുന്നു. ഭരണഘടന പ്രകാരം രാജ്യത്തിന് മുന്നില്‍ എല്ലാ മതങ്ങളും തുല്യരാണ്. എന്നാലും അടുത്ത കാലത്തായി, അനാവശ്യമായി സ്വാധീനം ചെലുത്തിയും നിര്‍ബന്ധിച്ചും വഞ്ചിച്ചും നിരപരാധികളെ മതം മാറ്റിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post