സിബി വര്‍ഗീസ്
ബിഎംഎസ് സംസ്ഥാന സെക്രട്ടറി
നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. പ്രളയത്തിന്റേയും ഉരുള്‍പൊട്ടലിന്റേയുമെല്ലാം രൂപത്തില്‍ പ്രകൃതി നമ്മെ പരീക്ഷിച്ചികൊണ്ടിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയിലേക്കാണ് ഈ ദുരന്തങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ജൂലൈ 30 ന് പുലര്‍ച്ചെ വയനാട് വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വെള്ളരിമല വില്ലേജുകളില്‍ ഉരുള്‍പൊട്ടലുകളുടെ ഒരു പരമ്പരയാണ് ഉണ്ടായത്. ഒരു പ്രദേശം മുഴുവന്‍ ചാലിയാറിലൂടെ മനുഷ്യരോടും അവരുടെ സ്വത്തുക്കളോടും കൂടി ഒഴുകിപ്പോയി. 2018 ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പ്രകൃതിക്ഷോഭങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഈ പശ്ചാത്തലത്തില്‍ ബിഎംഎസിന്റെ പര്യാവരണ്‍ ദിനാചരണത്തിന് അതീവ പ്രാധാന്യമാണുള്ളത്.
പാരിസ്ഥിതിക പ്രശ്‌നം ആഗോളതലത്തില്‍ ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഭാരതമാണ് കഴിഞ്ഞ വര്‍ഷം അധ്യക്ഷത വഹിച്ചത്. ഈ സമ്മേളനത്തിന്റെ ആപ്ത വാക്യം One earth, one family, one future എന്നതായിരുന്നു. ഇതുതന്നെയാണ് ഭാരതം മുമ്പോട്ടു വച്ച വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പം. മനുഷ്യന്റെ അത്യാര്‍ത്തിയുടെ പരിണതഫലമായി ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംഭവിക്കുന്നു. ഇത് പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.പരിസ്ഥിതി നശീകരണമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യകാരണം. അതിനാല്‍ പരിസ്ഥിതിയുടെ സംരക്ഷണം നിത്യജീവിതത്തിന്റെ ഭാഗമായി മാറണം.
വ്യാപകം പരിസ്ഥിതിമലിനീകരണം
പരിസ്ഥിതിയെ ഒറ്റവാക്കില്‍ നിര്‍വചിക്കുക സാധ്യമല്ല. പല ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പരിസ്ഥിതി.താമസിക്കുന്ന വീട്, പുരയിടം, തൊഴിലിടം, ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ജീവിക്കുന്ന പ്രദേശം, ഉപയോഗിക്കുന്ന വാഹനം, സഹവസിക്കുന്ന ജനങ്ങള്‍, കടല്‍, കായല്‍, പുഴകള്‍, പാതകള്‍, പര്‍വ്വതങ്ങള്‍, കാടുകള്‍ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. പറമ്പുകളില്‍ പകുതിയും അപ്രത്യക്ഷമായി. നിലങ്ങളും ഇല്ലാതായി. പുഴകള്‍ വറ്റി വരളുന്നു. മലിനമാകുന്നു. ഇതിനെല്ലാം കാരണം പരിസ്ഥിതി മലിനീകരണമാണ്. ഉത്തരവാദി മനുഷ്യനും.
ഭക്ഷണത്തിന്റെ ഉത്പാദനത്തിനും കൃഷിക്കും ഭൂമിയുടെ സ്വാഭാവികത തകര്‍ത്ത്പുല്‍മേടുകളുംകുന്നുകളും വയലുകളും നികത്തി. സ്വാഭാവിക കിണറുകളും കുളങ്ങളും ഉപേക്ഷിച്ച് ഭൂഗര്‍ഭ ജലം ഊറ്റാന്‍ തുടങ്ങി. അരുവികളിലും പുഴകളിലും ചെക്ക് ഡാമുകള്‍ പണിത് അവയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു. മണ്ണില്‍ നിയന്ത്രണമില്ലാതെ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചു മണ്ണിന്റെയും കാടിന്റെയും വായുവിന്റേയും ജലത്തിന്റേയും ഘടനയെ മാറ്റിമറിച്ചു. നിത്യജീവിതത്തിലെ മനുഷ്യന്റെ ഉപഭോഗ സംസ്‌കാരവും ജീവിത ശൈലിയും പരിസ്ഥിതിയെ സാരമായി ബാധിക്കുന്നുവെന്ന് കാണാം. ജീവന് ആധാരമായ വായുവിന്റെ മലിനീകരണം നാള്‍ക്കുനാള്‍ കൂടി വരുന്നു. വിഷവാതകങ്ങളിലൊന്നായ കാര്‍ബണ്‍ മോണോക്‌സൈഡ് അന്തിരീഷത്തില്‍ വ്യാപിക്കുന്നതിന് മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാത്ത വ്യവസായശാലകള്‍ കാരണമാകുന്നു. അതിനാല്‍ നൂതന സങ്കേതിക വിദ്യകള്‍ നടപ്പിലാക്കി അത്തരംപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം.
ആരോഗ്യ പ്രശ്‌നങ്ങള്‍
കാലാവസ്ഥാ വ്യതിയാനം ആരോഗ്യമേഖലയ്‌ക്കും വലിയ വെല്ലുവിളിയാണ്. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതനുസരിച്ച് പല ജലജന്യ രോഗങ്ങളും ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ (കോളറ,വയറിളക്കം, ഹെപ്പറ്റെറ്റിസ്) പെരുകും. സൂര്യാഘാതമേല്‍ക്കല്‍, നിര്‍ജ്ജലീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ധിക്കും. ഭൂമിയുടെ ഉപരിതല വിസ്തീര്‍ണ്ണത്തില്‍ 71 ശതമാനവും സമുദ്രമാണ്. ലോകത്തുള്ള മുഴുവന്‍ ജലത്തിന്റെയും ഒരംശം മാത്രമേ ശുദ്ധജലമായി നമുക്ക് ഉപയോഗിക്കാവുന്ന രീതിയിലുള്ളൂ. ജലക്ഷാമം ഇന്ന് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രധാന വെല്ലുവിളിയാണ്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും, സാധാരണ ജനവിഭാഗങ്ങളെയുമാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ലോകത്തിലെ ജനസംഖ്യയില്‍ ആറില്‍ ഒരാള്‍ക്ക് ഗുണനിലവാരമുള്ള കുടിവെള്ളം ലഭിക്കുന്നില്ല. എല്ലാ വര്‍ഷവും 40 ലക്ഷം കുട്ടികളാണ് ലോകമൊട്ടാകെ കുടിവെള്ളം ലഭിക്കാതെയും, ശുചിത്വ നിലവാരം പാലിക്കാനാകാതെയും മരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. ലോകം മുഴുവനുമുള്ള ആശുപത്രികള്‍ എടുത്താല്‍ അവയില്‍ പകുതിയില്‍ കൂടുതല്‍ രോഗികളെയും പ്രവേശിപ്പിക്കുന്നത് ജലജന്യരോഗ ബാധിതരായിട്ടാണ്.
ജലലഭ്യത കുറയുവാനുള്ള കാരണങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ പ്രധാനമായത് വനനശീകരണമാണ്. 1950 നും 2000 നുമിടയ്‌ക്ക് ആളോഹരി വനഭൂമി പകുതികണ്ട് കുറഞ്ഞു. ഇങ്ങനെയുള്ള നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വരും നൂറ്റാണ്ടില്‍ മനുഷ്യന്റെ ആവാസ വ്യവസ്ഥയെ അപ്പാടെ തകര്‍ക്കുന്ന സാഹചര്യമാണുള്ളത്.
നമ്മുടെ പാഠ്യപദ്ധതികളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തണം. പരിസ്ഥിതി സംരക്ഷണ ബോധം സാധാരണ ജനങ്ങളിലെത്തിക്കുന്ന ജനകീയ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഈ ഭൂമി പൂര്‍വ്വികമായി ലഭിച്ചതല്ല, മറിച്ച് ഭാവി തലമുറയില്‍ നിന്ന് കടമായി ലഭിച്ചതാണെന്നും അത് സംരക്ഷിച്ച് തിരിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ ധര്‍മ്മമെന്നും ബോധ്യമുണ്ടാകണം. അതിന് ഈ പരിസ്ഥിതി ദിനം നമുക്ക് പ്രചോദനമേകണം. അമൃതാ ദേവി നൂറ്റാണ്ടുകള്‍ക്കുമുമ്പ് നമ്മുടെ നാടിനു നല്കിയ പ്രേരണ അതായിരുന്നു. ഉത്തരാഖണ്ഡില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നടന്നചിപ്‌കോ പ്രക്ഷോഭത്തിന് പ്രേരണ അമൃതാദേവിയുടെ ബലിദാനമായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനം നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ട ഈ കാലഘട്ടത്തില്‍ ഭാരതീയര്‍ക്ക് അമൃതാദേവിയുടെ ബലിദാനം എന്നും ഒരു പ്രേരണയാണ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രേരണ. ഭാരതീയ മസ്ദൂര്‍ സംഘം അമൃതാദേവി ബലിദാനദിനമായ ആഗസ്ത് 28 ദേശീയ പര്യാവരണ്‍ ദിനമായി ആചരിക്കുന്നു.
Discussion about this post